റോഡിലെ കുഴികള്‍ ഒരാഴ്ചയ്ക്കകം അടയ്ക്കണം; കളക്ടര്‍മാര്‍ കാഴ്ചക്കാരാകരുത്: ഹൈക്കോടതിയുടെ ഉഗ്രശാസനം

റോഡിലെ കുഴികള്‍ ഒരാഴ്ചയ്ക്കകം അടയ്ക്കണം; കളക്ടര്‍മാര്‍ കാഴ്ചക്കാരാകരുത്: ഹൈക്കോടതിയുടെ ഉഗ്രശാസനം

മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത നിര്‍മാണത്തില്‍ വന്‍ ക്രമക്കേടെന്ന് സിബിഐ

കൊച്ചി: ദേശീയ പാതകളിലെയും പിഡബ്ല്യുഡി റോഡുകളിലെ കുഴികള്‍ ഒരാഴ്ചയ്ക്കകം അടയ്ക്കണമെന്ന് ഹൈക്കോടതി. റോഡിലെ കുഴികളില്‍പ്പെട്ടുള്ള അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നീതിപീഠത്തിന്റെ ഇടപെടല്‍. ആളുകളെ ഇങ്ങനെ മരിക്കാന്‍ അനുവദിക്കരുതെന്നും കോടതി പറഞ്ഞു.

'റോഡുകള്‍ ഒരാഴ്ചയ്ക്കകം നന്നാക്കണം. കളക്ടര്‍മാര്‍ കാഴ്ചക്കാരായി മാറരുത്. ജില്ലാ കളക്ടര്‍മാര്‍ സജീവമായി പ്രവര്‍ത്തിക്കണം. റോഡപകടങ്ങള്‍ക്ക് കാരണം മഴയാണെന്ന് പറയരുത്. ഇനിയും എത്ര ജീവനുകള്‍ നഷ്ടമാകണം. റോഡപകടങ്ങള്‍ മനുഷ്യ നിര്‍മിത ദുരന്തമാണ്' - കോടതി പറഞ്ഞു.

കുഴികള്‍ കണ്ടെത്തിയാല്‍ ഉത്തരവാദികളായ എന്‍ജിനീയര്‍ക്കും കരാറുകാര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ ജില്ലാ കളക്ടര്‍മാരോട് കോടതി നിര്‍ദേശിച്ചു. കരാര്‍ പ്രകാരം നഷ്ടപരിഹാരം നല്‍കാന്‍ വ്യവസ്ഥയുണ്ടോയെന്നും എന്‍എച്ച് അതോറിറ്റിയോട് കോടതി ആരാഞ്ഞു.

അങ്കമാലിക്കടുത്ത് അത്താണിയില്‍ ദേശീയപാതയിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചതിന് പിന്നാലെയാണ് സംഭവത്തില്‍ ഹൈക്കോടതി ഇടപെട്ടത്. റോഡിലെ കുഴികളടയ്ക്കാന്‍ കോടതി നേരത്തെ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്‍.എച്ച്.എ.ഐ റീജിയണല്‍ ഓഫീസര്‍ക്കും പ്രോജക്ട് ഡയറക്ടര്‍ക്കുമാണ് അമികസ്‌ക്യൂറി മുഖേന നിര്‍ദേശം നല്‍കിയത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയാണ് സ്‌കൂട്ടര്‍ യാത്രികനായ ഹോട്ടലുടമ അപകടത്തില്‍പ്പെട്ടത്. അങ്കമാലി ടെല്‍ക്ക് കവലയിലെ 'ഹോട്ടല്‍ ബദ്രിയ്യ'യുടെ ഉടമയായ പറവൂര്‍ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കല്‍ വീട്ടില്‍ എ.എ ഹാഷിമാണ് (52) മരിച്ചത്. സ്‌കൂട്ടര്‍ കുഴിയില്‍ വീണതിന് പിന്നാലെ റോഡിന് എതിര്‍വശത്തേക്ക് തെറിച്ച് വീണ ഹാഷിമിന്റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു.

അതിനിടെ മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത നിര്‍മാണത്തില്‍ വന്‍ ക്രമക്കേട് ചൂണ്ടിക്കാട്ടി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ബസ് ബേ നിര്‍മാണത്തിലും പാരലല്‍ റോഡ് നിര്‍മാണത്തിലും വലിയ ക്രമക്കേട് നടന്നതായാണ് കുറ്റപത്രത്തില്‍ പറയുന്നത്. ടാറിങിന് 22.50 സെന്റിമീറ്റര്‍ കനം വേണ്ടിടത്ത് 16 മുതല്‍ 18 സെന്റിമീറ്റര്‍ വരെ മാത്രമാണ് കനമെന്നും കുറ്റപത്രത്തില്‍ പറയുന്നു.

2006 ല്‍ നിര്‍മാണം തുടങ്ങി 2028 വരെ പരിപാലന കാലാവധിയുള്ള റോഡ് പെട്ടെന്നാണ് പൊട്ടിപ്പൊളിഞ്ഞത്. ഇത് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍ 2020 ജൂലായ് ഏഴിനായിരുന്നു സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. റോഡ് നിര്‍മിച്ച ഗുരവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി നാഷണല്‍ ഹൈവേ അതോറിറ്റി എന്നിവരെ പ്രതിയാക്കി സി.ബി.ഐ എടുത്ത കേസില്‍ 102 കോടിയുടെ പ്രാഥമിക ക്രമക്കേടാണ് കണ്ടെത്തിയത്.

ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനി ഒന്നാം പ്രതിയും റോഡ് നിര്‍മാണ സമയത്തെ നാഷണല്‍ ഹൈവേ അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍, ചീഫ് എന്‍ജിനിയര്‍ എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. എന്നാല്‍ ഇവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കാത്തതില്‍ ബാക്കിയുള്ള എട്ടുപേരെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.