വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം തള്ളി പോക്‌സോ കോടതി; പുനരന്വേഷണത്തിന് ഉത്തരവിട്ടു

വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം തള്ളി പോക്‌സോ കോടതി; പുനരന്വേഷണത്തിന് ഉത്തരവിട്ടു

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ നിര്‍ണായക ഉത്തരവുമായി പോക്‌സോ കോടതി. സിബിഐ സമര്‍പ്പിച്ച കുറ്റപത്രം പോക്സോ കോടതി തള്ളി. സിബിഐ തന്നെ കേസ് പുനരന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു. പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

കേസുമായി ബന്ധപ്പെട്ട പ്രതികള്‍ ജാമ്യത്തിലിറങ്ങിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭങ്ങളും നടന്നു. കുട്ടികളുടെ അമ്മയുടെ ആവശ്യവും സര്‍ക്കാരിന്റെ തീരുമാനവും പരിഗണിച്ചാണ് കേസ് സിബിഐ അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടത്.

ഡമ്മി പരീക്ഷണമുള്‍പ്പെടെ സിബിഐ നടത്തിയെങ്കിലും ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിന് സമാനമായ കണ്ടെത്തലുകള്‍ ഉള്‍പ്പെടുത്തിയാണ് സിബിഐയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നേരത്തെ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്ന് വ്യത്യസ്തമായി ഒന്നും തന്നെ ഇല്ലായിരുന്നു. പെണ്‍കുട്ടികളുടേത് ആത്മഹത്യ തന്നെയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

മരണത്തിന് മറ്റൊരു കാരണവും കണ്ടെത്താനും കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ കുറ്റപത്രം തള്ളണമെന്നും വീണ്ടും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കുട്ടികളുടെ അമ്മ കോടതിയെ സമീപിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി ഉത്തരവ്. മറ്റൊരു ഉദ്യോഗസ്ഥന്‍ ഈ കേസ് അന്വേഷിച്ചാല്‍ മതിയെന്ന ആവശ്യം കൂടി കുട്ടികളുടെ അമ്മ ഉന്നയിച്ചിരുന്നു. ഇതും കോടതി അംഗീകരിച്ചു.

2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു മാസത്തിനിപ്പുറം മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ അനുജത്തി ഒമ്പത് വയസുകാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

വീടിന്റെ ഉത്തരത്തില്‍ ഒമ്പത് വയസുകാരിക്ക് തൂങ്ങാനാവില്ലെന്ന കണ്ടെത്തലോടെയാണ് സംശയം ബലപ്പെടുന്നത്. 13 കാരിയുടെ മരണത്തിലെ ഏക ദൃക്‌സാക്ഷി കൂടിയായിരുന്നു ഒമ്പതുകാരി. മാര്‍ച്ച് ആറിന് അന്നത്തെ എഎസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം തുടങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.