ആഗസ്റ്റ് 11; പാലായിൽ നിന്നുള്ള പുണ്യ പുഷ്പം കുഞ്ഞു മിഷണറിമാരുടെ കുഞ്ഞേട്ടന്റെ ഓർമദിനം

ആഗസ്റ്റ് 11; പാലായിൽ നിന്നുള്ള പുണ്യ പുഷ്പം കുഞ്ഞു മിഷണറിമാരുടെ കുഞ്ഞേട്ടന്റെ ഓർമദിനം

ഭരണങ്ങാനം: ചെറുപുഷ്പ മിഷൻ ലീഗ് എന്ന അൽമായ പ്രേഷിത സംഘടനയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്ന കുഞ്ഞേട്ടൻ എന്ന് സ്നേഹപൂർവ്വം വിളിച്ചിരുന്ന പി സി എബ്രാഹം അന്തരിച്ചിട്ട് ഇന്ന് 13 വർഷങ്ങൾ. 2009 ആഗസ്റ്റ് മാസം രണ്ടിന് ചങ്ങനാശ്ശേരി പാറേല്‍ പള്ളിയുടെ മുന്‍പില്‍ വച്ചുണ്ടായ ഒരു അപകടത്തെ തുടര്‍ന്നു ആ മാസം 11ന് കോട്ടയം കാരിത്താസ് ആശുപത്രിയില്‍ വച്ചാണ് കുഞ്ഞേട്ടൻ നമ്മെ വിട്ടു പിരിഞ്ഞത്.

2009 ആഗസ്റ്റ് 13-ന് പതിനായിരങ്ങളുടെ സ്നേഹാദരവുകള്‍ ഏറ്റുവാങ്ങിയ ഒരു ശവസംസ്കാര ശുശ്രൂഷ പാലാ രൂപതയിലെ ചെമ്മലമറ്റം പള്ളിയിൽ നടന്നു. പൊട്ടിക്കരയുന്നവരും, കണ്ണു നിറഞ്ഞൊഴുകുന്നവരും, ദുഃഖം കടിച്ചമര്‍ത്തി നടക്കുന്നവരുമായ അനേകം സാധാരണക്കാരും, വൈദികരും, സന്യാസിനികളും, യുവാക്കളും, കുട്ടികളുമൊക്കെ ആ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തു. കേരളത്തിലെ പല മെത്രാന്‍മാരും, രാഷ്ട്രീയനേതാക്കളും, ജഡ്ജിമാരുമൊക്കെ വെറും സാധാരണക്കാരനായി നമ്മുടെ ഇടയില്‍ ജീവിച്ച ആ പാവം വയോധികന്റെ ചലനമറ്റ ശരീരത്തിനു മുന്‍പില്‍ ശിരസ്സ്‌ നമിച്ചു നിന്നു.

കേരള കത്തോലിക്കാസഭയുടെ പൊന്‍താരകമായി, ഈ നൂറ്റാണ്ടിന്‍റെ അത്മായ പ്രേഷിതനായി, വേറിട്ട വഴിയിലൂടെ സഞ്ചരിച്ച് എന്നെപ്പോലെ അനേകര്‍ക്ക് മാതൃകയും പ്രചോദനവും പ്രേരണയും പ്രേഷിതാഭിമുഖ്യവുമൊക്കെ നല്‍കിയ "കുഞ്ഞേട്ടന്‍" എന്ന് സ്നേഹപൂര്‍വ്വം നമ്മള്‍ വിളിച്ചിരുന്ന ശ്രി.പി. സി. എബ്രാഹത്തിനെ ഒരു കാലത്തും മറക്കാൻ ഭാരത കത്തോലിക്കാസഭക്കാവുമെന്ന് കരുതുന്നില്ല.

1925 മാര്‍ച്ച്‌ 19 നു ഭരണങ്ങാനം അമ്പാറ പല്ലാട്ടുകുന്നേല്‍ ഭവനത്തില്‍ എട്ടാം മാസത്തില്‍ പിറന്നു വീണ എബ്രാഹം പന്ത്രണ്ടു വയസ്സു വരെ വളരെയധികം സഹനങ്ങളിലൂടെയും ബാലാരിഷ്ടതകളിലൂടെയുമാണ് കടന്നു പോയത്. ആ ബാല്യം മുഴുവന്‍ സ്കൂളില്‍ പോകാതെ അമ്മയുടെ പിന്നാലെ നടന്നിരുന്ന എബ്രാഹത്തിന്, ലിസ്യുവിലെ വി.കൊച്ചു ത്രേസ്യായുടെ കഥ പതിവായി അമ്മ പറഞ്ഞു കൊടുത്തിരുന്നു. 13 വയസ്സു മുതല്‍ വി.അല്‍ഫോന്‍സാമ്മയെ അദ്ദേഹം അടുത്തറിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ചേച്ചി, അല്‍ഫോന്‍സാമ്മയുടെ ബാച്ചുകാരിയായിരുന്ന സി.റീത്തായെ കാണാന്‍ വരുമ്പോഴൊക്കെ അല്‍ഫോന്‍സാമ്മയെ കണ്ടിട്ടേ അദ്ദേഹം പോകുമായിരുന്നുള്ളൂ.

1946-ല്‍ അല്‍ഫോന്‍സാമ്മ മരിക്കുന്നതു വരെയുള്ള സൗഹൃദം യുവാവായ എബ്രാഹത്തിന്റെ ഉള്ളില്‍ ഒരു വലിയ മിഷണറിയെ രൂപപ്പെടുത്തിയിരുന്നു. മിഷനറിമാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും, അവരെ സഹായിക്കണമെന്നും എപ്പോഴും പറയുമായിരുന്ന അല്‍ഫോന്‍സാമ്മ നല്‍കിയ പ്രചോദനം ഏറ്റുവാങ്ങി 1947 ഒക്ടോബര്‍ 3-ആം തീയതി വെറും ഏഴു പേര്‍ ചേര്‍ന്നു രൂപീകരിച്ച ചെറുപുഷ്പ മിഷന്‍ ലീഗെന്ന അത്മായ പ്രേഷിത സംഘടന ഇന്നു ലോകം മുഴുവന്‍ വളര്‍ന്ന് പന്തലിച്ച് ഫലം നല്‍കി നില്‍ക്കുകയാണ്. ഏറ്റവും വലിയ കത്തോലിക്കാ അല്‍മായ സംഘടനയായ മിഷന്‍ ലീഗില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌ ദൈവവിളി സ്വീകരിച്ച 40 മെത്രാന്മാരും, 4500 വൈദികരും, 36000 സന്യാസിനികളും മിഷന്‍ലീഗ്‌ സംഘടനയില്‍ നിന്നും സമര്‍പ്പിത ജീവിതത്തിലേക്ക് കടന്നു വന്നവരാണ്.

നരച്ച താടിയും, തോളില്‍ തുണി സഞ്ചിയും, വെറും ഖദര്‍ മുണ്ടും ഷര്‍ട്ടുമിട്ടു നഗ്നപാദനായി, നമ്മുടെ ഇടയിലൂടെ കഥകള്‍ പറഞ്ഞ്, പാട്ടുപാടി, ഉപദേശങ്ങള്‍ നല്‍കി കടന്നു പോയ നമ്മുടെ കുഞ്ഞേട്ടന്‍ തെരഞ്ഞെടുത്തത് വേറിട്ട വഴിയായിരുന്നു. അതുകൊണ്ടു തന്നെ കേരളസഭയില്‍ നിന്ന് ഈ നൂറ്റാണ്ടിന്റെ വിശുദ്ധനായി അള്‍ത്താരയില്‍ വണങ്ങപ്പെടാന്‍ തക്കവിധം കുഞ്ഞേട്ടന്‍ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടും എന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല.

കാണുന്നവരോടൊക്കെ കുഞ്ഞേട്ടന്‍ എപ്പോഴും പറയുമായിരുന്നു, "ഒരു വിശുദ്ധയാകണം/വിശുദ്ധനാകണം" എന്ന്.ഭാരത ലിസ്യുറാണി വി.അല്‍ഫോന്‍സാമ്മയുടെ സ്നേഹ സാമീപ്യങ്ങൾ ഏറ്റുവാങ്ങി, ജീവിതത്തില്‍ വ്യത്യസ്തത പുലര്‍ത്തിയ കുഞ്ഞേട്ടന്‍ ഇന്നു അല്‍ഫോന്‍സാമ്മക്കൊപ്പം നമുക്കായി പ്രാര്‍ത്ഥിക്കുന്നുണ്ടാവില്ലെ? രാത്രിയില്‍ നക്ഷത്രങ്ങള്‍ മിഴിചിമ്മുമ്പോള്‍ എന്നെ ഞാനാക്കിയ ചെറുപുഷ്പ മിഷന്‍ ലീഗിന്‍റെ സ്ഥാപകനും വളര്‍ത്തു പിതാവുമായിരുന്ന പ്രിയപ്പെട്ട കുഞ്ഞേട്ടന്‍ എന്നെ നോക്കി ചിരിക്കാറുണ്ട്. മിഷന്‍ ലീഗിന്‍റെ ചങ്ങനാശേരി അതിരൂപതാസെക്രട്ടറി, സംസ്ഥാന മാനേജിംഗ് കമ്മറ്റി അംഗം, എന്നീ നിലകളില്‍ കുഞ്ഞേട്ടനൊപ്പം പങ്കിട്ട നല്ല നിമിഷങ്ങള്‍ ഓര്‍ത്ത് പലപ്പോഴും എന്‍റെ നയനങ്ങള്‍ ഈറനണിയുന്നു. ഒരു വിശുദ്ധ മനുഷ്യന്റെ കരസ്പര്‍ശവും അനുഗ്രഹാശിസുകളും കിട്ടിയിട്ടുള്ളതു കൊണ്ടാവും ആ വഴിയിലൂടെ നടക്കാന്‍ എനിക്കിന്നും പ്രചോദനം ലഭിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.