തോമസ് ഐസക് ഇഡിക്ക് മുന്‍പില്‍ ഹാജരാകില്ല; ഹൈക്കോടതിയെ സമീപിച്ച് മുന്‍ ധനമന്ത്രി

തോമസ് ഐസക് ഇഡിക്ക് മുന്‍പില്‍ ഹാജരാകില്ല; ഹൈക്കോടതിയെ സമീപിച്ച് മുന്‍ ധനമന്ത്രി

തിരുവനന്തപുരം: കിഫ്ബി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ഹൈക്കോടതിയെ സമീപിച്ച് മുന്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ഇഡി തനിക്ക് അയച്ച സമന്‍സ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും തുടര്‍ നടപടികള്‍ വിലക്കണമെന്നും ആവശ്യപ്പെട്ടാണ് ഐസക് ഹൈക്കോടതിയെ സമീപിച്ചത്.

ഇഡി തനിക്കയച്ച രണ്ടു നോട്ടീസുകളിലും ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് അദേഹം ആരോപിക്കുന്നു. കിഫ്ബിയോ താനോ ചെയ്ത നിയമ ലംഘനം എന്താണെന്ന് നിര്‍വചിച്ചിട്ടില്ല. ഇഡിയുടെ സമന്‍സുകള്‍ നിയമവിരുദ്ധമാണെന്നും കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാര പരിധിക്ക് പുറത്തുള്ളതാണെന്നും മുന്‍ ധനമന്ത്രിയുടെ ഹര്‍ജിയില്‍ ഉണ്ട്.

സര്‍ക്കാര്‍ പദ്ധതികളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇതിനു പിന്നിലെന്നും കിഫ്ബിക്കെതിരായ ഇഡി നീക്കം ഇതിന്റെ ഭാഗമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ നാളെ ഹാജരാകില്ലെന്ന് തോമസ് ഐസക് നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്തിന് ഹാജരാകണം എന്ന കാര്യത്തില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക് ഇഡിക്ക് മറുപടി നല്‍കിയിട്ടുണ്ട്. കിഫ്ബി രേഖകളുടെ കസ്റ്റോഡിയനല്ലെന്നും ഇമെയില്‍ മുഖേന സമര്‍പ്പിച്ച മറുപടിയില്‍ ഐസക് വ്യക്തമാക്കിയിട്ടുണ്ട്.

കിഫ്ബിക്ക് പണ സമാഹരണത്തിനായി വിദേശ ഫണ്ട് സ്വീകരിച്ചതലടക്കം കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാണ് തോമസ് ഐസക്കിനെതിരായ ആരോപണം. ഇഡിയുടെ ഇടപെടല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നായിരുന്നു ആദ്യം നോട്ടീസ് അയച്ചപ്പോഴുള്ള അദേഹത്തിന്റെ പ്രതികരണം.

ഇപ്പോള്‍ ഇങ്ങനെയൊരു നീക്കം തനിക്കെതിരെ നടത്തുന്നതിന് പിന്നില്‍ ഇഡിക്ക് പല താത്പര്യവമുണ്ടായിരിക്കും. അതിനെ ആ രീതിയില്‍ തന്നെ നേരിടും. അതേസമയം റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പോലുളള ഏജന്‍സികളെ രാഷ്ട്രീയ വേട്ടയാടലിനുളള ആയുധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുന്നെന്നുമാണ് സിപിഎം നിലപാട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.