പിറ്റ് ബുളിന്റെ ആക്രമണത്തില്‍ മുപ്പതുകാരിക്ക് ഗുരുതര പരിക്ക്; ഒരുമാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ സംഭവം

 പിറ്റ് ബുളിന്റെ ആക്രമണത്തില്‍ മുപ്പതുകാരിക്ക് ഗുരുതര പരിക്ക്; ഒരുമാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ സംഭവം

ന്യൂഡല്‍ഹി: പിറ്റ് ബുള്‍ നായയുടെ ആക്രമണത്തില്‍ മുപ്പതുകാരിക്ക് ഗുരുതര പരിക്ക്. മുന്നി എന്ന യുവതിക്കാണ് പരിക്കേറ്റത്. തലയിലും മുഖത്തും മാരകമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുഗ്രാമില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

അയല്‍വാസിയായ വിനീത് ചിക്കരയുടെ വളര്‍ത്തു നായയാണ് ആക്രമിച്ചത്. കഴിഞ്ഞ മാസം ലക്‌നൗവില്‍ 82കാരി പിറ്റ് ബുളിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് ഇപ്പോഴത്തെ സംഭവം.

വീട്ടു ജോലിക്കാരിയായ മുന്നി, ഹൗസിങ് സൊസൈറ്റിയിലെ ഒരു വീട്ടിലേക്ക് നടന്നു പോകുമ്പോഴായിരുന്നു നായ ആക്രമിച്ചത്. നായയുമായി നടക്കാനെത്തിയ വിനീത് അതിന്റെ ബെല്‍റ്റ് അഴിച്ചു മാറ്റിയ ഉടന്‍ മുന്നിയെ ആക്രമിക്കുകയായിരുന്നു എന്നാണ് സമീപത്തുണ്ടായിരുന്നവര്‍ പറയുന്നത്. വീണുപോയ മുന്നിയുടെ മുകളില്‍ കയറി നിന്നാണ് നായ ആക്രമിച്ചത്. നാട്ടുകാര്‍ ഓടിയെത്തി നായയെ തുരത്തിയ ശേഷമാണ് മുന്നിയെ ആശുപത്രിയിലെത്തിച്ചത്.

ഉടമയുടെ അനാസ്ഥയാണ് സംഭവത്തിന് പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആംഭിച്ചുവെന്നും കുറ്റക്കാരനാണെങ്കില്‍ കര്‍ശന നടപടി എടുക്കുമെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ മാസമാണ് സ്‌കൂള്‍ അധ്യാപികയായിരുന്ന സുശീല ത്രിപാഠി നായയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ലക്നൗവിലെ വീടിന്റെ മേല്‍ക്കൂരയില്‍ നില്‍ക്കുമ്പോളായിരുന്നു വീട്ടില്‍ വളര്‍ത്തിയിരുന്ന പിറ്റ് ബുള്‍ ആക്രമിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിറ്റ് ബുള്‍ ഉള്‍പ്പടെ രണ്ട് നായ്ക്കളെയാണ് സുശീലയുടെ മകന്‍ വളര്‍ത്തിയിരുന്നത്.

ഇടത്തരം വലിപ്പമുള്ള, കുറിയ മുടിയുള്ള നായയാണ് പിറ്റ് ബുള്‍. നായ വര്‍ഗത്തില്‍ ഏറ്റവും അപകടകാരിയായ ഒരിനമായാണ് ഇതിനെ കണക്കാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.