മാവേലി എക്‌സ്പ്രസിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞു; രണ്ടു യുവാക്കള്‍ കസ്റ്റഡിയില്‍

മാവേലി എക്‌സ്പ്രസിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞു; രണ്ടു യുവാക്കള്‍ കസ്റ്റഡിയില്‍

കോഴിക്കോട്: മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു. ശനിയാഴ്ച രാത്രി 10.32 ന് ആയിരുന്നു സംഭവം. കോഴിക്കോട് വെള്ളയില്‍ റെയില്‍വേ സ്റ്റേഷന്‍ കടന്നുപോകവെയായിരുന്നു സംഭവം. യാത്രക്കാരനായ യുവാവിന്റെ കാലില്‍ തട്ടിത്തെറിച്ചു പുറത്തുനിന്ന് പൊട്ടിയതിനാല്‍ ആര്‍ക്കും പരുക്കേറ്റില്ല.

സംഭവത്തില്‍ പൊലീസ് പരിസരം നിരീക്ഷിക്കുന്നതിനിടയില്‍ ഇന്നലെ രാത്രി ഏഴോടെ റെയില്‍വേ പരിസരത്ത് എത്തിയ മൂന്നംഗ സംഘത്തെ പിടികൂടിയെങ്കിലും ഒരാള്‍ ഓടി രക്ഷപ്പെട്ടു. പിടിയിലായ തങ്ങള്‍സ് റോഡ് സ്വദേശികളായ 16, 17 പ്രായമുള്ള രണ്ട് പേരെ ചോദ്യം ചെയ്തു. ഇവരില്‍ നിന്നു പടക്കങ്ങള്‍ കണ്ടെടുത്തതായി വെള്ളയില്‍ ഇന്‍സ്‌പെക്ടര്‍ എ. ശ്രീനിവാസന്‍ പറഞ്ഞു.

വീണ്ടും ട്രെയിനിനു പടക്കം എറിയാനുള്ള ഒരുക്കവുമായാണ് സംഘം എത്തിയതെന്നും ഇവരെ റെയില്‍വേ സുരക്ഷാ സേനയ്ക്കു കൈമാറിയതായും പൊലീസ് പറഞ്ഞു. ഇതേ ട്രെയിനില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കേന്ദ്ര മന്ത്രി വി. മുരളീധരനും മന്ത്രി പി.എ. മുഹമ്മദ് റിയാസും കയറാനിരിക്കെയാണ് ട്രെയിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത്. സംഭവത്തില്‍ പൊലീസും ആര്‍പിഎഫും അന്വേഷണം ആരംഭിച്ചു.

ട്രെയിന്‍ വെള്ളയില്‍ സ്റ്റേഷന്‍ കടന്നുപോകുന്നതിനിടയില്‍ പ്ലാറ്റ്‌ഫോമിന്റെ കിഴക്കു ഭാഗത്ത് നിന്നാണ് ജനറല്‍ കോച്ചിലേക്ക് സ്‌ഫോടകവസ്തു എറിഞ്ഞത്. ട്രെയിനിന്റെ വാതിലിനരികില്‍ ഇരിക്കുകയായിരുന്ന യാത്രക്കാരന്‍ ഷാഹുല്‍ ഹമീദിന്റെ (36) ഷൂവില്‍ തട്ടി പുറത്തേക്കു തെറിച്ച് ഇതു പൊട്ടുകയായിരുന്നു. ട്രെയിന്‍ കോഴിക്കോട് സ്റ്റേഷനില്‍ എത്തിയപ്പോള്‍ യാത്രക്കാരന്‍ റെയില്‍വേ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.

ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ ഉപേന്ദ്രകുമാര്‍ ഉടനെ വെള്ളയില്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി പ്ലാറ്റ്‌ഫോമും റെയില്‍വേ ട്രാക്കുകളും പരിശോധിച്ചു. പൊലീസ് വാഹനം കണ്ട് നാലുപേര്‍ കടന്നുകളഞ്ഞു. വെള്ളയില്‍ പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും പരിസരത്തുനിന്നു സ്‌ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായിരുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.