'2022 ഓടെ എല്ലാവര്‍ക്കും വീട്, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും, ബഹിരാകാശക്കുതിപ്പ്': സഫലീകരിക്കാതെ മോഡിയുടെ പഴയ വാഗ്ദാനങ്ങള്‍

 '2022 ഓടെ എല്ലാവര്‍ക്കും വീട്, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും, ബഹിരാകാശക്കുതിപ്പ്':  സഫലീകരിക്കാതെ മോഡിയുടെ പഴയ വാഗ്ദാനങ്ങള്‍

ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബിലിയാഘോഷ വേളയില്‍ ഇന്ന് ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ 2047 ഓടെ ഇന്ത്യ ഒരു വികസിത രാജ്യമാകാനുള്ള കാഴ്ചപ്പാടാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കുവച്ചത്. ഇതോടെ പാഴ് വാക്കായിപ്പോയ മോഡിയുടെ മുന്‍ വാഗ്ദാനങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും സജീവ ചര്‍ച്ചയാവുകയാണ്.

2022 ഓടെ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും പാര്‍പ്പിടം, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നൊക്കെയായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനങ്ങള്‍. എന്നാല്‍ അവയൊക്കെ വെറും പാഴ് വാഗ്ദാനങ്ങള്‍ ഇപ്പോഴും അവശേഷിക്കുകയാണ്.

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം 2022 ഓടെ എല്ലാവര്‍ക്കും വീട് നല്‍കുമെന്നായിരുന്നു മോഡിയുടെ പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്. 2018 ല്‍ പിഎംവൈജി ഗുണഭോക്താക്കളോട് സംവദിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അവാസ് യോജന പദ്ധതിയെന്നത് വെറും വീട് നല്‍കല്‍ മാത്രമല്ല, അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതുമാണെന്നായിരുന്നു പ്രധാന മന്ത്രി അന്ന് പറഞ്ഞത്.

അതേ വര്‍ഷം തന്നെ കര്‍ഷകരുമായി സംവദിക്കുന്നതിനിടെയാണ് 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തത്. കൂടാതെ ഈ വര്‍ഷം രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്നും മോഡി ഉറപ്പു നല്‍കിയിരുന്നു.

എന്നാല്‍ പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങള്‍ വെറും വാചക കസര്‍ത്ത് മാത്രമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. മോഡിയുടെ കബളിപ്പിക്കല്‍ പരിപാടി എന്നവസാനിപ്പിക്കുമെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.

2019 ലെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യവെ 2022 ഓടെ ഇന്ത്യ ദേശീയ പതാകയുമായി ബഹിരാകാശത്തേക്ക് ഒരു മകനെയോ മകളെയോ അയക്കുമെന്നായിരുന്നു മറ്റൊരു പ്രഖ്യാപനം. പ്രഖ്യാപനങ്ങള്‍ യാഥാര്‍ത്ഥ്യമാകാതെ വന്നതോടെ കോവിഡാണ് വികസന പദ്ധതിക്ക് തടസമായത് എന്ന വാദമാണ് ഇപ്പോള്‍ ഉന്നയിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.