കുതിരവട്ടത്തു നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതിയെ പിടിച്ചു; കസ്റ്റഡിയിലെടുത്തത് കര്‍ണാടകയില്‍ നിന്ന്

കുതിരവട്ടത്തു നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതിയെ പിടിച്ചു; കസ്റ്റഡിയിലെടുത്തത് കര്‍ണാടകയില്‍ നിന്ന്

കോഴിക്കോട്: കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതിയായ വിനീഷ് ആണ് പിടിയിലായത്. കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നിന്നാണ് കണ്ടെത്തിയത്.

കോഴിക്കോട് നിന്നും ട്രെയിനില്‍ മംഗാലാപുരത്തും അവിടെ നിന്ന് ധര്‍മസ്ഥലയിലും എത്തുകയായിരുന്നു. ഇവിടെ നിന്ന് വാഹനം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

ഞായറാഴ്ച്ച രാത്രിയാണ് ഇയാള്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൂന്ന് ദിവസം മുന്‍പാണ് ഇയാളെ കുതിരവട്ടത്ത് എത്തിച്ചത്.

കഴിഞ്ഞ ദിവസം വിനീഷിന് ഒപ്പം കുതിരവട്ടത്തെ സെല്ലില്‍ ഉണ്ടായിരുന്ന ഒരാളുടെ മോതിരം വിരലില്‍ കുടുങ്ങിയിരുന്നു. മോതിരം മുറിച്ചു മാറ്റാനായി ഫയര്‍ഫോഴ്‌സ് എത്തിയിരുന്നു. ഇവര്‍ക്കായി സെല്‍ തുറന്നപ്പോഴാകാം പ്രതി രക്ഷപ്പെട്ടതെന്നാണ് കരുതുന്നത്. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി നേരത്തെ ആത്മഹത്യാ ശ്രമം നടത്തിയിരുന്നു.

കുതിരവട്ടത്ത് നിന്നും പ്രതികള്‍ രക്ഷപ്പെടുന്നത് ഇപ്പോള്‍ സ്ഥിര സംഭവമായി മാറിയിരിക്കുകയാണ്. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഇവിടെ നിന്ന് രക്ഷപ്പെട്ട ഒരാള്‍ ബൈക്ക് അപകടത്തില്‍ മരിച്ചിരുന്നു. മലപ്പുറം കല്‍പ്പകഞ്ചേരി സ്വദേശിയായ 22 കാരന്‍ ഇര്‍ഫാനാണ് മരിച്ചത്.

വാര്‍ഡ് മൂന്നിലെ സെല്ലിനുള്ളിലെ ബാത്ത് റൂമിലെ ഭിത്തി സ്പൂണ്‍ ഉപയോഗിച്ച് തുരന്ന് ഇയാള്‍ പുറത്ത് കടന്നത്. ഇവിടെ നിന്ന് ബൈക്ക് മോഷ്ടിച്ചാണ് ഇയാള്‍ കടന്നു കളഞ്ഞത്. രക്ഷപ്പെട്ട് പോകുന്നതിനിടെ മലപ്പുറത്ത് വെച്ച് ബൈക്ക് അപകടത്തില്‍ പെടുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.