പ്രതിഷേധം ശക്തമാക്കി ലത്തീന്‍ സഭ: തീരദേശത്ത് ഇന്ന് കരിദിനം; കരിങ്കൊടിയുമായി തുറമുഖ കവാടത്തിലേക്ക് ബൈക്ക് റാലി

പ്രതിഷേധം ശക്തമാക്കി ലത്തീന്‍ സഭ: തീരദേശത്ത് ഇന്ന് കരിദിനം; കരിങ്കൊടിയുമായി തുറമുഖ കവാടത്തിലേക്ക് ബൈക്ക് റാലി

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ ഇന്ന് കരിദിനം ആചരിക്കുന്നു. തീരദേശത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. രാവിലെ കുര്‍ബാനയ്ക്ക് ശേഷം എല്ലാ പള്ളികളിലും കരിങ്കൊടി ഉയര്‍ത്തി.

വികസനം എന്ന ഓമനപ്പേരില്‍ മല്‍സ്യത്തൊഴിലാളികളെ ദ്രോഹിക്കുകയാണ്. ഇതിനെതിരെയാണ് തങ്ങളുടെ സമരമെന്ന് തൊഴിലാളികള്‍ പറഞ്ഞു. തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറാള്‍ ഫാദര്‍ യൂജിന്‍ പെരേരയാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.

വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തി വയ്ക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് മല്‍സ്യത്തൊഴിലാളികള്‍ തുറമുഖത്തിന് മുന്നില്‍ ഉപരോധ സമരം തുടങ്ങിയത്. വര്‍ക്കല മുതല്‍ തിരുവനന്തപുരം വരെയുള്ള തീരദേശ പ്രദേശങ്ങളില്‍ നിന്ന് കരിങ്കൊടിയുമായി ബൈക്ക് റാലി നടത്തിയാണ് പ്രതിഷേധിക്കാര്‍ തുറമുഖ കവാടത്തിലേക്ക് എത്തിയത്. ശേഷം മുല്ലൂരില്‍ തുറമുഖ കവാടത്തിന് മുന്നിലെ രാപ്പകല്‍ ഉപരോധ സമരം അതിരൂപത സഹായ മെത്രാന്‍ ആര്‍ ക്രിസ്തുദാസ് ഉത്ഘാടനം ചെയ്യും. ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ സമരസന്ദേശം നല്‍കും.

വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെച്ച് കൃത്യമായ പഠനം നടത്തുക, പുനരധിവാസ പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുക, അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം ഉറപ്പാക്കുക, തീര ശോഷണം തടയാന്‍ നടപടി എടുക്കുക തുടങ്ങി ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കരിദിന സമരത്തിന് പിന്‍തുണ അറിയിച്ച് ഇന്ന് എറണാകുളത്ത് മത്സ്യത്തൊഴിലാളികള്‍ പിക്കറ്റിങ് നടത്തും.

അതേസമയം മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാന്‍ ഈ മാസം 22ന് മന്ത്രിമാരുടെ അധ്യക്ഷതയില്‍ യോഗം ചേരുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ക്ക് അടിസ്ഥാനം ഉണ്ട്. സംസ്ഥാനത്തിന് മാത്രം ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ കഴിയില്ല. പുനരധിവാസം ഉള്‍പ്പെടെ ഉറപ്പാക്കാന്‍ 17 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു

സംസ്ഥാന സര്‍ക്കാരിനെതിരെ തലസ്ഥാനത്ത് കടുത്ത പ്രതിഷേധവുമായി ലത്തീന്‍ സഭയും മത്സ്യത്തൊഴിലാളികളും രംഗത്ത് വന്നിരുന്നു. തീരമേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതിനെതിരെ ബോട്ടുമായി സമരത്തിനെത്തിയ മത്സ്യത്തൊഴിലാളികളെ പൊലീസ് തടഞ്ഞത് നേരത്തെ സംഘര്‍ഷത്തിനിടയാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.