സുപ്രീം കോടതി വിധി നടപ്പാക്കിയാല്‍ കൊച്ചി മംഗളവന പക്ഷി സങ്കേത കേന്ദ്രത്തിന് 200 മീറ്റര്‍ മാത്രം അകലെയുള്ള ഹൈക്കോടതിയും ബഫര്‍ സോണിന്റെ പരിധിയില്‍ വരുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു.
ന്യൂഡല്‍ഹി: സംരക്ഷിത വനമേഖലയ്ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോ മീറ്റര്‍ ബഫര്‍ സോണ്‍ ആയി നിര്‍ണയിച്ച സുപ്രീം കോടതി വിധിക്കെതിരെ കേരളം പുനപരിശോധന ഹര്‍ജി നല്‍കി. വിധി നടപ്പാക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും ഭരണഘടന ഉറപ്പ് നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുമെന്നും ചീഫ് സെക്രട്ടറി ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പറയുന്നു.
ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കാനുള്ള വിധി എല്ലാ സ്ഥലങ്ങളിലും ഒരു പോലെ പ്രായോഗികമായി നടപ്പാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്ന് പുനപരിശോധനാ ഹര്‍ജിയില്‍ കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമാണ് കേരളത്തിലെ സാഹചര്യം. 2011 ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ജനസാന്ദ്രത രാജ്യത്തെ ജനസാന്ദ്രതയുടെ രണ്ടിരട്ടിയാണ്.
കേരളത്തിലെ വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശത്ത് ചെറുതും വലുതുമായ പല ടൗണ്‍ ഷിപ്പുകളും ഉണ്ടെന്നും കേരളം ഹര്‍ജിയില്‍ പറയുന്നു. വിധി മലയോര ജില്ലകളിലെ ജനങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. വിധി നടപ്പാക്കുന്നത് ആദിവാസി സെറ്റില്‍മെന്റുകളെ അടക്കം ബാധിക്കും.
സുപ്രീം കോടതി വിധി നടപ്പാക്കിയാല്‍ കൊച്ചി മംഗളവന പക്ഷി സങ്കേത കേന്ദ്രത്തിന് 200 മീറ്റര്‍ മാത്രം അകലെയുള്ള ഹൈക്കോടതിയും ബഫര്‍ സോണിന്റെ പരിധിയില്‍ വരുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു.
പതിനേഴ് വന്യജീവി സങ്കേതങ്ങളുടെയും ആറ് ദേശീയ സംരക്ഷിത ഉദ്യാനങ്ങളുടെയും ബഫര്‍ സോണ്‍ സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന് കേരളം കൈമാറിയിട്ടുണ്ട്. ഇതില്‍ പെരിയാര്‍ ദേശിയ ഉദ്യാനം, പെരിയാര്‍ വന്യജീവി സങ്കേതം എന്നിവയിലൊഴിച്ച് മറ്റെല്ലാത്തിലും കേന്ദ്രം കരട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. മതികെട്ടാന്‍ ദേശിയ ഉദ്യാനത്തിന് ചുറ്റുമുള്ള ബഫര്‍ സോണ്‍ സംബന്ധിച്ച് കേന്ദ്രം അന്തിമ വിജ്ഞാപനവും ഇറക്കിയിട്ടുണ്ട്. എന്നാല്‍ സുപ്രീം കോടതി ഇത് കണക്കിലെടുത്തില്ലെന്നും കേരളം പുനപരിശോധനാ ഹര്‍ജിയില്‍ ആരോപിക്കുന്നു.
പരിസ്ഥിതി ലോല പ്രദേശ നിര്‍ണയത്തില്‍ ഓരോ സ്ഥലത്തെയും ഘടകങ്ങള്‍ കണക്കിലെടുക്കണം. സുപ്രീം കോടതിയുടെ അനുമതിയോടെ 28,588.159 ഹെക്ടര്‍ ഭൂമിയുടെ പട്ടയം കൈയേറ്റക്കാര്‍ക്ക് സംസ്ഥാനം നല്‍കിയിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗം ഭൂമിയും വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോ മീറ്റര്‍ മുതല്‍ ചുറ്റളവിലാണ്. ഇതില്‍ പലതും ഇപ്പാള്‍ ടൗണ്‍ ഷിപ്പുകളായിട്ടുണ്ട്. ഭൂലഭ്യത കുറവുള്ള കേരളത്തില്‍ ഇവരെ ഇനി പുനരധിവസിപ്പിക്കാന്‍ സാധ്യമല്ലെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയുമായി അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ് ചര്‍ച്ച നടത്തിയ ശേഷമാണ് 106 പേജുകളുള്ള പുനപരിശോധനാ ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അപേക്ഷയും കേരളം ഫയല്‍ ചെയ്യും. ജൂണ്‍ മൂന്നിലെ സുപ്രീം കോടതി വിധിക്കെതിരെ ഫയല്‍ ചെയ്യുന്ന ആദ്യ പുനപരിശോധന ഹര്‍ജിയാണ് കേരളത്തിന്റേത്. കേന്ദ്ര സര്‍ക്കാരും പുനപരിശോധന ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.