അതിമനോഹരം, സങ്കീര്‍ണം; പ്രപഞ്ചോൽപ്പത്തി കാലത്തെ ഗാലക്സികളുടെ ചിത്രമെടുത്ത് ജെയിംസ് വെബ്ബ്

അതിമനോഹരം, സങ്കീര്‍ണം; പ്രപഞ്ചോൽപ്പത്തി കാലത്തെ ഗാലക്സികളുടെ ചിത്രമെടുത്ത് ജെയിംസ് വെബ്ബ്

മെല്‍ബണ്‍: പ്രപഞ്ചത്തിന്റെ 'കൗമാര' കാലഘട്ടം ഇതുവരെ കരുതിയതിനേക്കാള്‍ ഏറെ സങ്കീര്‍ണമായിരുന്നുവെന്ന് ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞര്‍. ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി പുറത്തുവിട്ട പ്രപഞ്ചത്തിന്റെ ആദ്യകാല ഗാലക്സികളുടെ അപൂര്‍വ്വ ചിത്രങ്ങള്‍ വിലയിരുത്തിയാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്.

മെല്‍ബണിലെ സ്വിന്‍ബേണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഗ്ലേസ്ബ്രൂക്കും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ കോളിന്‍ ജേക്കബുമാണ് ഓസ്‌ട്രേലിയയിലെ ജെയിംസ് വെബിന്റെ ഡാറ്റാ സെന്ററില്‍ നിന്നുള്ള ചിത്രങ്ങള്‍ പഠനവിധേയമാക്കിയത്.

പ്രപഞ്ചോല്‍പ്പത്തിക്കു ശേഷം രൂപപ്പെട്ട ഗാലക്സികളെയാണ് സംഘം തിരിച്ചറിഞ്ഞത്. വൃത്താകൃതിയിലുള്ളതും ഉന്തിനില്‍ക്കുന്നതും കെട്ടുപിണഞ്ഞു നില്‍ക്കുന്നതുമായ ഗാലക്സികളാണ് ഇവയെന്ന് ഗ്ലേസ്ബ്രൂക്ക് പറയുന്നു.


എന്‍ജിസി 7496 ഗാലക്സി

പ്രപഞ്ചത്തിലെ മിക്ക താരാപഥങ്ങളും മഹാവിസ്ഫോടനത്തിന് ശേഷം രണ്ട് മുതല്‍ അഞ്ചു ബില്യണ്‍ വര്‍ഷങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടതാകാമെന്നാണ് കരുതുന്നത്. അവ ഘടനയില്ലാത്ത, ഒഴുകി നടക്കുന്ന നക്ഷത്ര സമൂഹങ്ങളായി കാണപ്പെടുന്നു.
ജയിംസ് വെബ് വഴി ഇത്തരം സൂക്ഷ്മ ഗാലക്സികളുടെ വ്യക്തവും സൂക്ഷമവുമായ വര്‍ണ ചിത്രങ്ങള്‍ പ്രപഞ്ചത്തെക്കുറിച്ചുള്ള അജ്ഞാതമായ അറിവുകളിലേക്കും അവയുടെ പഠനങ്ങളിലേക്കും നയിക്കുമെന്നും വെസ്റ്റേണ്‍ ഓസ്‌ട്രേലിയ സര്‍വകലാശാലയില്‍ ഗാലക്‌സി പരിണാമത്തെക്കുറിച്ച് പഠിക്കുന്ന റോബിന്‍ കുക്ക് പറഞ്ഞു.

ഗ്രൂസ് എന്നറിയപ്പെടുന്ന നക്ഷത്രസമൂഹത്തില്‍ നിന്ന് 24 ദശലക്ഷം പ്രകാശവര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന എന്‍ജിസി 7496 എന്ന സര്‍പ്പിളാകൃതിയുള്ള താരാപഥത്തിന്റെ (spiral galaxies) മിഴിവേറിയ ചിത്രം ജെയിംസ് വെബ് പകര്‍ത്തിയതായി റോബിന്‍ കുക്ക് വിശദീകരിക്കുന്നു. 31 ദശലക്ഷം പ്രകാശവര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന മറ്റൊരു സര്‍പ്പിള ഗാലക്‌സിയാണ് എം74. അതിശയകരമായ ഡിസൈന്‍ ആണിതിന്റെ പ്രത്യേകത.

ഭൂമിയില്‍ നിന്ന് 50 കോടി പ്രകാശവര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന കാര്‍ട്ട് വീൽ ഗാലക്‌സിയുടെ (Cartwheel Galaxy) മനോഹര ചിത്രവും ജെയിംസ് വെബ് ടെലിസ്‌കോപ്പില്‍ പതിഞ്ഞു. ആകാശത്ത് തിളങ്ങുന്ന ഒരു വണ്ടിച്ചക്രം പോലെയാണിത്. ഈ ഇന്‍ഫ്രാറെഡ് ചിത്രത്തില്‍ കാര്‍ട്ട് വീലിന് സമീപമുള്ള രണ്ട് കുഞ്ഞന്‍ ഗാലക്‌സികളെയും കാണാം.


കാര്‍ട്ട് വീൽ ഗാലക്സി

കാര്‍ട്ട് വീല്‍ ഗാലക്‌സി ഒരിക്കല്‍ സ്‌പൈറല്‍ ഗാലക്‌സി (സര്‍പ്പിളാകൃതി) ആയിരുന്നു. ചെറുഗാലക്‌സികളുമായുണ്ടായ കൂട്ടിയിടിയിലൂടെയാണ് വണ്ടിചക്രത്തിന്റെ ആകൃതിയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടത്. ഒരു കുളത്തില്‍ കല്ലെറിയുമ്പോഴുണ്ടാകുന്ന ഓളങ്ങളെ അനുസ്മരിപ്പിക്കുന്ന കാഴ്ചയാണ് ഈ ഗാലക്‌സിയുടേത്. അതിനാല്‍ റിംഗ് ഗാലക്‌സി ഗണത്തിലാണ് കാര്‍ട്ട്വീലിനെ ഗവേഷകര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കാര്‍ട്ട് വീലിന്റെ തിളക്കമേറിയ ഭാഗങ്ങളില്‍ പുതിയ നക്ഷത്ര ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതായി  ജെയിംസ് വെബ് പകര്‍ത്തിയ ചിത്രത്തില്‍ കാണാം. വലിയ തോതിലെ പൊടിയുടെ അളവും ഇവിടെയുണ്ട്.

മഹാവിസ്‌ഫോടനത്തിന് ഏകദേശം 900 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് ശേഷം രൂപപ്പെട്ട ഒരു നക്ഷത്രത്തിന്റെ ചിത്രവും ടെലിസ്‌കോപ്പില്‍ പതിഞ്ഞിട്ടുണ്ട്. 'പ്രഭാത നക്ഷത്രം' എന്നര്‍ത്ഥം വരുന്ന ... എന്നാണിതിന്റെ പേര്. ഇത് സൂര്യനേക്കാള്‍ ദശലക്ഷക്കണക്കിന് മടങ്ങ് തെളിച്ചമേറിയതാണ്.
പ്രപഞ്ചത്തിന്റെ 'കൗമാര' ചിത്രങ്ങള്‍ ഇതിനോടകംതന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു.

സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്താ മാധ്യമങ്ങളിലൂടെയും ചിത്രങ്ങള്‍ വലിയതോതില്‍ പ്രചരിക്കുകയാണ്. മനുഷ്യന്‍ മുന്‍പ് കണ്ടിട്ടില്ലാത്ത പ്രപഞ്ച വിസ്മയങ്ങളുടെ തെളിമയാര്‍ന്ന കാഴ്ച്ചകളാണ് ജെയിംസ് വെബിന്റെ വരവോടെ സാധ്യമായത്.

കഴിഞ്ഞ ജുലൈ 12-നാണ് പ്രപഞ്ചത്തിന്റെ അത്ഭുത കാഴ്ച്ചകളിലേക്ക് മിഴി തുറന്ന് ജെയിംസ് വെബ്ബ് ദൂരദര്‍ശിനിയില്‍ നിന്നുള്ള ആദ്യ ചിത്രങ്ങള്‍ പുറത്തുവന്നത്. വാഷിങ്ടണിലെ വൈറ്റ് ഹൗസില്‍ നാസാ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആദ്യ ചിത്രത്തിന്റെ പ്രകാശനം നിര്‍വഹിച്ചു. 7,600 പ്രകാശവര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന കരീന നെബുല എന്ന നക്ഷത്ര കൂട്ടങ്ങളുടെ ചിത്രമാണ് പുറത്തുവിട്ടത്. ദൂരദര്‍ശിനി പകര്‍ത്തിയ നാല് ചിത്രങ്ങളില്‍ ശേഷിക്കുന്ന മൂന്ന് ചിത്രങ്ങള്‍ തൊട്ടടുത്ത ദിവസവും നാസ പുറത്തുവിട്ടിരുന്നു.

പ്രപഞ്ചത്തിന്റെ ഇതുവരെ പകര്‍ത്തിയതില്‍ ഏറ്റവും തെളിമയും വ്യക്തതയുമുള്ള ചിത്രങ്ങളായിരുന്നു അവ.
ബഹിരാകാശത്തേക്ക് ഇതുവരെ വിക്ഷേപിച്ചതില്‍ വച്ച് ഏറ്റവും ശക്തമായ ടെലിസ്‌കോപ്പ് ആണ് ജെയിംസ് വെബ്. ഇക്കാലമത്രയും ഉപയോഗത്തിലിരുന്ന ഹബിള്‍ ടെലസ്‌കോപ്പിന്റെ പരിമിതികള്‍ നികത്താനാണ് ജെയിംസ് വെബ്ബ് ടെലസ്‌കോപ്പ് വിക്ഷേപിച്ചത്. 10 ബില്യണ്‍ ഡോളര്‍ ചിലവഴിച്ച് നിര്‍മിച്ച ദൂരദര്‍ശിനിയില്‍ മനുഷ്യനേത്രങ്ങള്‍ക്ക് അദൃശ്യമായ ഇന്‍ഫ്രാറെഡ് സ്പെക്ട്രത്തിലെ സിഗ്നലുകള്‍ കണ്ടെത്താന്‍ ശേഷിയുള്ള ലെന്‍സുകള്‍, ഫില്‍ട്ടറുകള്‍, പ്രിസങ്ങള്‍ എന്നിവയുണ്ട്. അതുകൊണ്ടുതന്നെ ഇതില്‍ നിന്ന് പുറത്തുവരുന്ന ചിത്രങ്ങള്‍ക്ക് കൂടുതല്‍ തെളിമയും വ്യക്തതയും ഉണ്ടാകും.

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെയും നാസയുടെയും സംയുക്ത ശ്രമമായ ദൂരദര്‍ശിനിയുടെ നിര്‍മാണം ആരംഭിക്കുന്നത് 1990-കളിലാണ്. 2021 ഡിസംബറില്‍ ജെയിംസ് വെബ്ബ് ദൂരദര്‍ശിനി ബഹിരാകാശത്തേക്ക് കുതിച്ചു.

ഭൂമിയില്‍ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയായി എല്‍2 പോയിന്റിലാണ് ഇതു നിലയുറപ്പിച്ചിട്ടുള്ളത്.
10 വര്‍ഷമാണ് ജെയിംസ് വെബ്ബിന്റെ പ്രവര്‍ത്തന കാലപരിധി. എന്നാല്‍ 20 വര്‍ഷത്തേക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ അധിക ഇന്ധന ശേഷി ജെയിംസ് വെബ്ബിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.