കൊച്ചി : ‘കുർബ്ബാന വിഷയത്തിൽ വത്തിക്കാന്റെ സുപ്രധാന നീക്കം' എന്ന തലക്കെട്ടോടുകൂടി എറണാകുളം-അങ്കമാലി വിമത കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന വ്യാജവാർത്തകൾക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് സീറോ മലബാർ മീഡിയ കമ്മീഷൻ പ്രതികരിച്ചു.
ഏകീകൃത കുർബ്ബാന അർപ്പണം വിശ്വാസികളും വൈദികരുമായി ചർച്ച ചെയ്ത് സമവായത്തിലെത്തണമെന്നും സംഘർഷത്തിലൂടെ കുർബാന ക്രമം അടിച്ചേൽപ്പിക്കരുതെന്നും വത്തിക്കാൻ സിനഡിനോട് നിർദ്ദേശിച്ചു എന്നായിരുന്നു കുപ്രചരണം. എന്നാൽ വാർത്തകളിൽ പ്രചരിപ്പിക്കപ്പെടുന്നതുപോലെ ഫ്രാൻസിസ് മാർപാപ്പയോ, പൗരസ്ത്യ തിരുസംഘമോ സീറോമലബാർ സിനഡിന്റെ ചർച്ചാവിഷയങ്ങളെകുറിച്ചും, എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണസംവിധാനത്തെ സംബന്ധിച്ചും നേരത്തെ ഔദ്യോഗികമായി നൽകിയതല്ലാതെ പുതുതായി നിർദ്ദേശങ്ങൾ ഒന്നും നൽകിയിട്ടില്ലെന്ന് സീറോ മലബാർ മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. ആന്റണി വടക്കേക്കര വി. സി പ്രസ്താവനയിലൂടെ അറിയിച്ചു.
അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിക്കപ്പെട്ടിരിക്കുന്ന ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ പ്രവർത്തനങ്ങൾക്ക് സിനഡിന്റെ പൂർണ പിന്തുണ ഉണ്ടെന്നും പത്രക്കുറിപ്പ് വ്യക്തമാക്കുന്നു. ഫ്രാൻസിസ് മാർപ്പാപ്പ, സീറോ മലബാർ സഭാ തലവനായ മാർ ജോർജ് ആലഞ്ചേരിക്കും മാർ ആൻഡ്രൂസ് താഴത്തിനും പരിപൂർണ്ണ പിന്തുണയാണ് വിവാദ വിഷയങ്ങളിൽ നൽകുന്നത്. ഇത്തരം വ്യാജ വാർത്തകൾ വഴി മാർപ്പാപ്പ ഇവർക്കെതിരാണ് എന്ന ധാരണ ഉണ്ടാക്കുകയാണ് വിമത പക്ഷത്തിന്റെ ലക്‌ഷ്യം.
പത്രക്കുറിപ്പിൻറെ പൂർണ്ണരൂപം:
കാക്കനാട്: ‘കുർബ്ബാന വിഷയത്തിൽ വത്തിക്കാന്റെ സുപ്രധാന നീക്കം' എന്ന തരത്തിൽ തികച്ചും തെറ്റിദ്ധാരണാജനകമായ വാർത്തകൾ ഈ ദിവസങ്ങളിൽ ചില പത്രങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടത് ശ്രദ്ധയിൽപെട്ടു. വാർത്തകളിൽ പ്രചരിപ്പിക്കപ്പെടുന്നതുപോലെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയോ, പൗരസ്ത്യ തിരുസംഘമോ സീറോമലബാർ സിനഡിന്റെ ചർച്ചാവിഷയങ്ങളെകുറിച്ചും, എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണസംവിധാനത്തെ സംബന്ധിച്ചും നേരത്തെ ഔദ്യോഗികമായി നൽകിയതല്ലാതെ പുതുതായി നിർദ്ദേശങ്ങൾ ഒന്നും നൽകിയിട്ടില്ല. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിക്കപ്പെട്ടിരിക്കുന്ന ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പിതാവ് മാർപാപ്പയുടെയും, പരിശുദ്ധ സിംഹാസനത്തിന്റെയും നിർദ്ദേശങ്ങളുടെ വെളിച്ചത്തിൽ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നതാണ്. ഇതിന് ആവശ്യമായ എല്ലാ സഹകരണങ്ങളും, സഭയുടെ മുഴുവൻ പിന്തുണയും അഡ്മിനിസ്ട്രേറ്റർക്ക് സിനഡ് വാഗ്ദാനം ചെയ്തിട്ടുണ്ട്. വിശുദ്ധ കുർബാനയുടെ ഏകീകൃത അർപ്പണരീതിയെ സംബന്ധിച്ചും, സ്ഥലവില്പനയിലെ നഷ്ടം നികത്തലിനെ സംബന്ധിച്ചും കൃത്യമായ വിശദീകരണക്കുറിപ്പ് സഭ ഇതിനോടകം ഔദ്യോഗികമായി നൽകിയിട്ടുണ്ട്. ആയതിനാൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള വാർത്തകൾക്കെതിരെ സഭയുടെ നന്മ ആഗ്രഹിക്കുന്ന എല്ലാവരും ജാഗ്രത പുലർത്തണമെന്നും അത്തരം വാർത്തകളെ തള്ളിക്കളയണമെന്നും അഭ്യർത്ഥിക്കുന്നു. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിൽനിന്ന് ഉത്തരവാദിത്തപ്പെട്ട മാധ്യമങ്ങൾ വിട്ടുനിൽക്കണമെന്നും സ്നേഹപൂർവ്വം അറിയിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.