ബാലി: നവംബറില്‍ ബാലിയില്‍ നടക്കുന്ന ഗ്രൂപ്പ് ഓഫ് 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും പദ്ധതിയിടുന്നതായി ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ (ജോക്കോവി) വെളിപ്പെടുത്തി. ഇക്കാര്യം ഇരുവരും തന്നോട് പറഞ്ഞതായി ബ്ലൂംബെര്‍ഗ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ജോക്കോവി പറഞ്ഞു.
റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തിനും തായ് വാനിലെ സംഘര്‍ഷത്തിനും ശേഷമുള്ള ആദ്യ ആഗോള ഉച്ചകോടിയാണിത്. ഉക്രെയ്ന്‍, തായ് വാന്‍ അധിനിവേശ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നുവരുന്ന പുതിയ സഖ്യംചേരലിന്റെ സൂചനകളായും അന്തരാഷ്ട്ര നിരീക്ഷകര്‍ ഇതിനെ കാണുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡനും പങ്കെടുക്കുമെന്നതിനാല്‍ ഉച്ചകോടിക്ക് വലിയ ശ്രദ്ധയാകും ലോകരാഷ്ട്രങ്ങള്‍ നല്‍കുക.
2020 ജനുവരിയില്‍ കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ രാജ്യാതിര്‍ത്തികള്‍ അടച്ചതിനുശേഷം ഷി ജിന്‍പിംഗ് ചൈന വിടുന്നത് ഇത് രണ്ടാം തവണയാണ്. ഈ വര്‍ഷം ജൂലൈ ഒന്നിന് ഹോങ്കോംഗ് സന്ദര്‍ശനത്തിനായി അദ്ദേഹം മെയിന്‍ ലാന്‍ഡ് വിട്ടിരുന്നു. എന്നാല്‍ ബൈഡനും ഷിയും തമ്മില്‍ കൂടിക്കാഴ്ച്ച ഉണ്ടാകുമോയെന്ന് വ്യക്തതയില്ല.
യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ് വാന്‍ സന്ദര്‍ശനത്തെ തുടര്‍ന്ന് അമേരിക്ക-ചൈന ബന്ധത്തിലുണ്ടായ കൂടുതല്‍ വിള്ളല്‍ ഉച്ചകോടിയില്‍ പ്രതിഫലിച്ചേക്കും. പെലോസിയുടെ സന്ദര്‍ശനത്തിന് മറുപടിയായി തായ് വാന് ചുറ്റും ചൈന സൈനികാഭ്യാസം നടത്തിയത് അമേരിക്കയെ കാര്യമായി പ്രകോപിപ്പിച്ചിട്ടുണ്ട്. സ്വഭാവിക പരിശീലനമെന്ന് ചൈന വിശദീകരിച്ചെങ്കിലും അധിനിവേശത്തിനുള്ള റിഹേഴ്‌സല്‍ എന്ന് തായ് വാന്‍ വിശേഷിപ്പിച്ച അഭ്യാസങ്ങളെ 'നിരുത്തരവാദപരം' എന്ന് പറഞ്ഞാണ് അമേരിക്ക അപലപിച്ചത്.
ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തോട് ഏറെക്കുറെ ലോകരാജ്യങ്ങളെല്ലാം അപലപിച്ചപ്പോള്‍ ചൈനയുടെ പരിധിയില്ലാത്ത പിന്തുണ ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ ബന്ധം കൂടുതല്‍ ദൃഢമാക്കി. സംയുക്ത സൈനികാഭ്യാത്തിന് അടുത്ത ദിവസം റഷ്യയിലേക്ക് സൈന്യത്തെ അയയ്ക്കാന്‍ തയാറെടുക്കുകയാണ് ചൈന. അമേരിക്ക ഉള്‍പ്പടെയുള്ള പശ്ചാത്യ ശക്തിക്കുമേല്‍ പുതിയൊരു സൈനിക ശക്തി രൂപപ്പെടുത്തുക എന്നതാകാം റഷ്യയുടെയും ചൈനയുടെയും സഖ്യംചേരലിന് പിന്നില്‍.
അതേസമയം ശത്രു രാജ്യങ്ങള്‍ക്കിടയില്‍ സമാധാനം സ്ഥാപിക്കുന്നതിന് ലക്ഷ്യമിട്ടാണ് ഉച്ചകോടിക്കായി ഇന്തോനേഷ്യ സ്വയം സ്ഥാനം പിടിച്ചതെന്ന് ജോക്കോവി പറഞ്ഞു. വലിയ രാജ്യങ്ങളുടെ മത്സരം തീര്‍ച്ചയായും ആശങ്കാജനകമാണ്. സുസ്ഥിരവും സമാധാനപരവുമാണ് ഞങ്ങളുടെ പ്രദേശം. റഷ്യയും ഉക്രെയ്‌നും തന്റെ രാജ്യത്തെ 'സമാധാനത്തിന്റെ പാലം' ആയി അംഗീകരിച്ചതായും ജോക്കോവി അഭിമുഖത്തില്‍ പറഞ്ഞു.
യുദ്ധ പശ്ചാത്തലത്തില്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി, റഷ്യന്‍ പ്രസിഡന്റ് വിളാഡിമിര്‍ പുടിന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്താന്‍ കീവിലേക്കും മോസ്‌കോയിലേക്കും പോയ ആദ്യ ഏഷ്യന്‍ നേതാവായിരുന്നു ജോക്കോവി. യുദ്ധം അവസാനിപ്പിക്കാനും ആഗോള ഭക്ഷ്യപ്രതിസന്ധിക്ക് പരിഹാരം കാണാനും അദ്ദേഹം ആഹ്വാനം ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.