ന്യൂഡല്‍ഹി: അതിവേഗ വായ്പ ആപ്പുകളിലൂടെ ഇന്ത്യയില്‍ നിന്ന് 500 കോടി രൂപ ചൈനയിലേക്ക് കടത്തിയെന്ന് ഡല്‍ഹി പൊലീസിലെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപറേഷന്‍സ് (ഐ.എഫ്.എസ്.ഒ) വിഭാഗത്തിന്റെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് രണ്ടുമാസത്തിനിടെ 22 ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തതായും ഐ.എഫ്.എസ്.ഒ അധികൃതര്‍ അറിയിച്ചു. ആപ്പുകളിലൂടെ പണം തട്ടുന്ന ചൈനക്കാര്‍ക്കു വേണ്ടി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നവരാണ് അറസ്റ്റിലായത്.
ചൈനീസ് പൗരന്മാരുടെ നിര്‍ദ്ദേശപ്രകാരമാണ് തട്ടിപ്പിന്റെ ആസൂത്രണവും പ്രവര്‍ത്തനവും നടന്നിരുന്നത്. ഹവാല, ക്രിപ്റ്റോ കറന്‍സി എന്നിവ വഴിയാണ് തട്ടിയെടുത്ത പണം ചൈനയിലേക്ക് എത്തുന്നത്.
ഉയര്‍ന്ന പലിശ നിരക്കാണെങ്കിലും വായ്പ എളുപ്പത്തില്‍ ലഭിക്കുന്നതിനാല്‍ നിരവധി പേരാണ് തട്ടിപ്പിന് ഇരയായത്. ഭീമമായ പലിശ സഹിതം തുക അടിച്ചാലും മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് സംഘത്തിന്റെ രീതി.
നൂറിലധികം ആപ്പുകളാണ് റാക്കറ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ആപ്പ് ഉപയോഗിക്കുന്നവരുടെ വ്യക്തി വിവരങ്ങള്‍, കോണ്‍ടാക്ടുകള്‍, സന്ദേശങ്ങള്‍, ചിത്രങ്ങള്‍ എന്നിവയിലേക്ക് കടക്കാനുള്ള ആക്സസ് ഉള്ളവയാണ് ഈ ആപ്പുകള്‍.
വായ്പ എടുക്കുന്നതോടെ ചൈനയിലും ഹോങ്കോങ്ങിലും നിലയുറപ്പിച്ചിട്ടുള്ള സംഘം തട്ടിപ്പിന്റെ അടുത്ത ഘട്ടം ആരംഭിക്കും. അപേക്ഷ നല്‍കി 10 മിനിറ്റിനുള്ളില്‍ വായ്പ ലഭിക്കുന്നതിനാലാണ് പലരും ആപ്പുകള്‍ തേടി പോകുന്നത്.
മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് ഹവാല വഴിയോ ക്രിപ്റ്റോ കറന്‍സി വഴിയോ പണം വാങ്ങിക്കുന്നു. 5000-10000 രൂപ വരെയുള്ള ചെറിയ വായ്പകള്‍ വാങ്ങിയവര്‍ വരെ ലക്ഷങ്ങളാണ് തിരിച്ചടക്കേണ്ടി വരുന്നത്.
സംഘം ഒന്നിലധികം അക്കൗണ്ടുകള്‍ ഉപയോഗിച്ചതായും ഓരോ അക്കൗണ്ടുകളിലും പ്രതിദിനം ഒരു കോടിയിലധികം രൂപ ലഭിച്ചതായും പൊലീസ് കണ്ടെത്തയിട്ടുണ്ട്. പൊലീസ് പിന്നാലെ ഉണ്ടെന്ന് മനസിലാക്കിയ സംഘം അവരുടെ റിക്കവറി കോള്‍ സെന്ററുകള്‍ പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് മാറ്റുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
നൂറോളം ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി ഭീഷണിപ്പെടുത്തിയാണ് 500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതെന്നും ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈനയിലും ഹോങ്കോങ്ങിലുമുള്ള സെര്‍വറുകളില്‍ അപ്ലോഡ് ചെയ്തതായും പൊലീസ് അറിയിച്ചു. രണ്ട് മാസത്തിലേറെ നീണ്ട വിശകലനത്തിനു ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി, കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങി രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ ഉള്‍പ്പടെ തട്ടിപ്പു ശൃംഖല വ്യാപിച്ചതായി പൊലീസ് അറിയിച്ചു.
ലക്‌നൗവിലെ ഒരു കോള്‍ സെന്റര്‍ കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ ചെറിയ തുക വായ്പ നല്‍കുന്നതിനായി പരസ്യം നല്‍കി. ഉപയോക്താവ് അപേക്ഷ ഡൗണ്‍ലോഡ് ചെയ്യുകയും ലോണ്‍ ആപ്പിന് അനുമതി നല്‍കുകയും ചെയ്തു കഴിഞ്ഞാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ അവരുടെ അക്കൗണ്ടിലേക്ക് ലോണ്‍ തുക ക്രെഡിറ്റ് ചെയ്യും. ഇതിനിടെ ഫോണില്‍ നിന്ന് സ്വകാര്യ ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ചോര്‍ത്തും. തുടര്‍ന്ന് വ്യാജ ഐഡി ഉപയോഗിച്ച് വിവിധ നമ്പറുകളില്‍ നിന്ന് സംഘം ഉപയോക്താക്കളെ വിളിക്കുകയും ആവശ്യപ്പെടുന്നത് ചെയ്തില്ലെങ്കില്‍ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയുമായിരുന്നു.
ക്യാഷ് പോര്‍ട്ട്, റുപേ വേ, ലോണ്‍ ക്യൂബ്, വൗ റുപ്പി, സ്മാര്‍ട്ട് വാലറ്റ്, ജയന്റ് വാലറ്റ്, ഹായ് റുപ്പി, സ്വിഫ്റ്റ് റുപ്പി, വാലറ്റ്വിന്‍, ഫിഷ്‌ക്ലബ്, യെയാ കാഷ്, ഇം ലോണ്‍, ഗ്രോട്രീ, മാജിക് ബാലന്‍സ്, യോകാഷ്, ഫോര്‍ച്യൂണ്‍ ട്രീ, സൂപ്പര്‍കോയിന്‍, റെഡ് മാജിക് തുടങ്ങിയ ആപ്പുകള്‍ വഴിയായിരുന്നു തട്ടിപ്പ്. ഇവരുടെ പക്കല്‍ നിന്ന് 51 മൊബൈല്‍ ഫോണുകള്‍, 25 ഹാര്‍ഡ് ഡിസ്‌കുകള്‍, ഒന്‍പത് ലാപ്ടോപ്പുകള്‍, 19 ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍, മൂന്ന് കാര്‍, നാല് ലക്ഷം രൂപ എന്നിവ പൊലീസ് കണ്ടെടുത്തതായി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ (ഐഎഫ്എസ്ഒ) കെപിഎസ് മല്‍ഹോത്ര അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.