ഫിഫയുടെ വിലക്ക്: ഫുട്ബോള്‍ ഫെഡറേഷന്റെ താല്‍കാലിക ഭരണസമിതിയെ പിരിച്ചുവിട്ട് സുപ്രീം കോടതി

ഫിഫയുടെ വിലക്ക്: ഫുട്ബോള്‍ ഫെഡറേഷന്റെ താല്‍കാലിക ഭരണസമിതിയെ പിരിച്ചുവിട്ട് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഓൾ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ (എഐഎഫ്എഫ്) താത്കാലിക ഭരണത്തിനായി രൂപീകരിച്ച സമിതിയെ പിരിച്ച് വിട്ട് സുപ്രീംകോടതി. ഫെഡറേഷന്റെ ദൈനം ദിന ഭരണത്തിന്റെ ചുമതല ആക്ടിങ് സെക്രട്ടറി ജനറലിന് കൈമാറി സുപ്രീം കോടതി ഉത്തരവിറക്കി. ഫിഫയുമായി ചർച്ച നടത്തി എഐഎഫ്എഫ് വിലക്ക് പിൻവലിക്കാനുള്ള അപേക്ഷ കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ഫുട്ബോൾ നേതൃത്വം സുപ്രീം കോടതിയിൽ സമർപ്പിച്ചത്.  

അതേസമയം എഐഎഫ്എഫ് എക്‌സിക്യുട്ടീവ് കൗണ്‍സിലേക്കുള്ള തിരഞ്ഞെടുപ്പ് സുപ്രീംകോടതി ഒരാഴ്ചത്തേക്ക് നീട്ടി. താത്കാലിക ഭരണസമിതി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോടെ ഇന്ത്യക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഫിഫ പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീംകോടതി പ്രതീക്ഷ പ്രകടിപ്പിച്ചു. 

എക്‌സിക്യൂട്ടീവ് കൗണ്‍സിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ നേരത്തെ അനുവദിച്ചിരുന്ന സമയ പരിധി ഒരാഴ്ചത്തേക്ക് കൂടി സുപ്രീംകോടതി നീട്ടി നൽകി. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 36 അസ്സോസിയേഷനുകള്‍ക്ക് എക്‌സിക്യൂട്ടീവിനെ തിരഞ്ഞെടുക്കുന്നതിനുള്ള അധികാരവും നൽകി. നേരത്തെ താത്കാലിക ഭരണസമിതി നല്‍കിയ ശുപാര്‍ശ പ്രകാരം 36 അസ്സോസിയേഷനുകള്‍ക്ക് പുറമെ 36 കളിക്കാര്‍ക്കും വോട്ട് അവകാശം ഉണ്ടായിരുന്നു.

ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ കാര്യങ്ങളില്‍ പുറത്തു നിന്നുള്ളവരുടെ ഇടപെടലുകള്‍ ഉണ്ടാകുന്നുണ്ടെന്നും ഫിഫയുടെ ചട്ടങ്ങളുടെ ലംഘനങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഫിഫ എഐഎഫ്എഫ് ന് വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ വനിതാ ലോകകപ്പ് നടത്തിപ്പുൾപ്പെടെ രാജ്യാന്തര മത്സരങ്ങളിലെ പങ്കാളിത്തവും ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് വലിയ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു ഇത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.