തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടെ ലോകായുക്ത ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചു. നിയമ മന്ത്രി പി രാജീവാണ് ബില്‍ അവതരിപ്പിച്ചത്.
ലോകായുക്ത ജുഡീഷ്യല്‍ സംവിധാനമല്ലെന്നും അന്വേഷണ സംവിധാനമാണെന്നും ബില്ല് അവതരിപ്പിക്കുന്നതിനിടെ നിയമ മന്ത്രി വ്യക്തമാക്കി. അന്വേഷണം നടത്തുന്ന ഏജന്‍സി തന്നെ എങ്ങനെ ശിക്ഷ വിധിക്കും. ബില്ലിലെ വ്യവസ്ഥകളില്‍ നിയമ സഭയ്ക്ക് മാറ്റം വരുത്താനാകും. ഭേദഗതി ലോക്പാല്‍ നിയമവുമായി യോജിക്കുന്നതാണെന്നും രാജീവ് പറഞ്ഞു.
എന്നാല്‍ ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തു വന്നു. ഭേദഗതി സുപ്രീം കോടതി ഉത്തരവുകള്‍ക്ക് വിരുദ്ധമാണ്. ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്റെ ലംഘനമാണ്. ഭേദഗതി വ്യവസ്ഥ ജുഡീഷ്യറിയ്ക്ക് മേലുള്ള കടന്നു കയറ്റമാണെന്നും സതീശന്‍ വിമര്‍ശിച്ചു.
ജൂഡീഷ്യല്‍ തീരുമാനം എക്‌സിക്യൂട്ടീവിന് എങ്ങനെ തള്ളാന്‍ കഴിയുമെന്ന് ചോദിച്ച വി ഡി സതീശന്‍, നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പറയാന്‍ നിയമ മന്ത്രിയ്ക്ക് അധികാരമില്ലെന്നും വ്യക്തമാക്കി.
മുഖ്യമന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, നിയമ-റവന്യു മന്ത്രിമാര്‍ എന്നിവരുടെ സമിതിക്കോ നിയമ സഭയ്‌ക്കോ ലോകായുക്ത വിധി പുനപരിശോധിക്കാമെന്ന നിയമ ഭേദഗതിയാണ് ബില്ലിലൂടെ കൊണ്ടു വരുന്നത്. ഇത്തരത്തിലുള്ള സി.പി.ഐ നിര്‍ദ്ദേശം ഔദ്യോഗിക ഭേദഗതിയായി അംഗീകരിച്ചാകും ബില്ലില്‍ ഉള്‍പ്പെടുത്തുക.
പൊതുസേവകനെതിരെ ആരോപണം തെളിയുകയും പദവിയില്‍ തുടരാന്‍ പാടില്ലെന്ന് ലോകായുക്ത പ്രഖ്യാപിക്കുകയും ചെയ്താല്‍ ഉടനടി രാജിവയ്ക്കണമെന്ന 14-ാം വകുപ്പാണ് ഭേദഗതി ചെയ്യുന്നത്. എന്നാല്‍ അഴിമതിയോട് സന്ധിയില്ലെന്ന സര്‍ക്കാരിന്റെ നയവുമായി ചേര്‍ന്നു പോവുന്നതല്ല ഭേദഗതിയെന്ന ആക്ഷേപം വ്യാപകമായുണ്ട്.
അതേസമയം നിയമ ഭേദഗതി വന്നാലും സെക്ഷന്‍ 14 പ്രകാരം നടപടി റിപ്പോര്‍ട്ട് നല്‍കാന്‍ ഇപ്പോഴും അധികാരമുണ്ടെന്നാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വ്യക്തമാക്കുന്നത്. കേസില്‍ വിധി പുറപ്പെടുവിക്കും വരെ ലോകായുക്തയുടെ അധികാരം നിയമാനുസൃതം തുടരും.
പിന്നീട് വിധി നടപ്പിലാക്കുന്നത് സംബന്ധിച്ചാണ് ഭേദഗതി ബാധകമാകുന്നത്. റിപ്പോര്‍ട്ട് എന്ത് ചെയ്യണമെന്ന ചോദ്യം പിന്നീടാണ് ഉയരുന്നതെന്നും നിയമഭേദഗതി, കേസുകള്‍ കൈകാര്യം ചെയ്യുന്ന രീതിക്ക് ബാധകമല്ലെന്നും ലോകായുക്ത വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.