വൈക്കം: പുത്തനങ്ങാടി ഫാമിലി അസോസിയേഷൻ്റെ വജ്ര ജൂബിലി ആഘോഷങ്ങൾ വൈക്കം സെൻ്റ് ജോസഫ് ഫൊറോന വികാരി ഫാ.ജോസഫ് തെക്കിനേൻ ഉദ്ഘാടനം ചെയ്തു. പരസ്പരം അറിഞ്ഞും അംഗീകരിച്ചും സ്നേഹത്തിൻ്റെ മൂല്യം പങ്കുവെയ്ക്കുന്ന ഇടങ്ങളാകണം കുടുംബ കൂട്ടായ്മകളെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഫാമിലി അസോസിയേഷൻ പ്രസിഡൻ്റ് സേവ്യർ ജോൺ വെളുത്തേടത്ത് അദ്ധ്യക്ഷനായിരുന്നു.
തോമാശ്ലീഹായിൽ നിന്നും വിശ്വാസം സ്വീകരിച്ച കൊടുങ്ങല്ലൂരിലെ അങ്ങാടിക്കൽ മനയിലെ പിൻതലമുറക്കാരാണ് പുത്തനങ്ങാടി കുടുംബാംഗങ്ങൾ. കൊടുങ്ങല്ലൂരിൽ നിന്ന് പള്ളിപ്പുറത്ത് വന്ന് താമസിച്ചവരിൽ രണ്ട് കുടുംബങ്ങൾ 600 വർഷങ്ങൾക്ക് മുമ്പ് വൈക്കത്തെ പള്ളിപ്രത്തുശ്ശേരിയിലേക്ക് കുടിയേറുകയായിരുന്നു.
ഇന്ന് കാണുന്ന വൈക്കം ഫൊറോന ദേവാലയം സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തവരിൽ പ്രമുഖനാണ് കുടുംബത്തിലെ 'കപ്പിത്താൻ' എന്നറിയപ്പെടുന്ന ഇസഹാക്ക് കാരണവർ. 1599 ൽ നടന്ന ഉദയംപേരൂർ സൂനഹദോസിൽ വൈക്കത്ത് പള്ളിയെ പ്രതിനിധീകരിച്ച് പങ്കെടുത്തവരിൽ ഒരാൾ പുത്തനങ്ങാടി കുടുംബാംഗമായിരുന്നെന്ന് ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു.
ഫാ.ജേക്കബ് മഞ്ഞളി, ഫാ.വർഗ്ഗീസ് ജോൺ വെളുത്തേടത്ത്, ഫാ.ആൻ്റണി നടുവത്തുശേരി, ഫാ.ജോസഫ് മണിപ്പാടം, സി. സോഫി ഐസക് മണ്ണത്താനത്ത്, ജോണി പടിഞ്ഞാറേക്കുറ്റ്, ജോളിച്ചൻ മണ്ണത്താനത്ത്, സോണി ഐസക് കടപ്പനാരിൽ, സിറിൽ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
അസോസിയേഷൻ അംഗങ്ങളായ എൺപത് വയസ് കഴിഞ്ഞവരെയും, കുടുംബത്തിലെ വൈദികരേയും, സന്യസ്തരെയും യോഗത്തിൽ ആദരിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.