പേ വിഷ പ്രതിരോധ കുത്തിവെപ്പെടുത്തിട്ടും മരണം; വിദഗ്ധപഠനം വേണമെന്ന് ആരോഗ്യവിദഗ്ധര്‍

പേ വിഷ പ്രതിരോധ കുത്തിവെപ്പെടുത്തിട്ടും മരണം; വിദഗ്ധപഠനം വേണമെന്ന് ആരോഗ്യവിദഗ്ധര്‍

കോഴിക്കോട്: പേ വിഷബാധ പ്രതിരോധത്തിനുള്ള കുത്തിവെപ്പ് എടുത്തിട്ടും മരണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് വിദഗ്ധപഠനം വേണമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.

സംസ്ഥാനത്ത് പ്രതിരോധ കുത്തിവെപ്പെടുത്ത മൂന്നു പേരാണ് രണ്ടു മാസത്തിനിടെ മരിച്ചത്. തൃശൂരില്‍ ഒരു പോസ്റ്റ് വുമണും പാലക്കാട് കോളേജ് വിദ്യാര്‍ഥിയും കോഴിക്കോട് പേരാമ്പ്ര കൂത്താളിയില്‍ വീട്ടമ്മയുമാണ് മരിച്ചത്. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് മൂന്നു മരണങ്ങളുമുണ്ടായത്.

കുത്തിവെപ്പെടുത്തതിന് ശേഷമുള്ള മരണങ്ങള്‍ കേരളത്തില്‍ സമീപകാലത്തൊന്നും കേട്ടിട്ടില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വാക്‌സിന്റെ ഗുണമേന്മയില്ലായ്മയാണോ, സൂക്ഷിച്ചതിലെ പ്രശ്നമാണോ, കുത്തിവെച്ചതിലെ പിഴവാണോ കാരണമെന്ന് ഇതുവരെ വിശദമായി പരിശോധിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് പൊതുജനാരോഗ്യ വിദഗ്ധന്‍, മൈക്രോബയോളജിസ്റ്റ് ഉള്‍പ്പെടെയുള്ള വിദഗ്ധരുടെ സമിതിയുണ്ടാക്കി ഗൗരവമായ പഠനം വേണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

മരണം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ലെന്ന് പ്രമുഖ ആരോഗ്യവിദഗ്ധന്‍ ഡോ. സുല്‍ഫി നൂഹു പറയുന്നു. പ്രധാനമായും വാക്‌സിന്റെ ഗുണനിലവാരത്തെക്കുറിച്ചാണ് ആരോപണമുയരുന്നത്. പക്ഷേ യാഥാര്‍ത്ഥ കാരണം കണ്ടെത്തണമെങ്കില്‍ പഠനം വേണം. യഥാര്‍ഥകാരണം കണ്ടെത്താതെ പ്രശ്നം പരിഹരിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ അതിന് മുന്‍കൈയെടുക്കണം. വളരെ ഗൗരവതരമായ പ്രശ്നമാണിതെന്നും അദ്ദേഹം പറഞ്ഞു.

തെരുവുപട്ടികള്‍ പെരുകുന്നതിനാല്‍ കടിയേല്‍ക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടുകയാണ്. 2020ലും 21ലുമായി 16 പേരാണ് പേ വിഷബാധയേറ്റ് മരിച്ചത്. കടിയേല്‍ക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയ 16,000 കുപ്പി മരുന്ന് കേന്ദ്ര ഡ്രഗ് ലാബില്‍ ഗുണമേന്മ പരിശോധന നടത്താത്തതാണ്. ആ ബാച്ചില്‍പ്പെട്ട മരുന്നുകള്‍ നല്‍കിയതുകൊണ്ടാണ് ഫലമില്ലാതെപോയതെന്നും സംശയം ഉയരുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.