കടലിന്റെ മക്കളുടെ സമരത്തിന് സീറോ മലബാര്‍ സഭയുടെ ഐക്യദാര്‍ഢ്യം

കടലിന്റെ മക്കളുടെ സമരത്തിന് സീറോ മലബാര്‍ സഭയുടെ ഐക്യദാര്‍ഢ്യം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖനിര്‍മ്മാണത്തിന്റെ ഫലമായി ഉണ്ടായ തീരശോഷണത്തില്‍ വീടുകളും ജീവനോപാധികളും നഷ്ടപ്പെട്ട് ദുരിതത്തിലായിരിക്കുന്ന തീരദേശ മക്കളുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി സീറോ മലബാര്‍ സഭ. സീറോ മലബാര്‍ സഭയുടെ കുടുംബങ്ങള്‍ക്കും അല്‍മായര്‍ക്കും ജീവനും വേണ്ടിയുള്ള കമ്മീഷന്‍ നേരിട്ട് വിഴിഞ്ഞത്തെ സമരമുഖത്തെത്തിയാണ് അതിജീവനത്തിനും നിലനില്‍പ്പിനും വേണ്ടി പോരാടുന്ന തീരദേശ മക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

പ്രളയം വരുമ്പോഴും പ്രകൃതി ദുരന്തം വരുമ്പോഴും കേരളത്തിന്റെ സ്വന്തം രക്ഷാ സൈന്യം എന്ന് വിളിച്ച് കേരള ജനത സ്‌നേഹിച്ച കടലോര നിവാസികളും മത്സ്യത്തൊഴിലാളികളും കടുത്ത അവഗണനയ്ക്കും ചൂഷണത്തിനും വിധേയരാണ്. സുനാമി, ഓഖി തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ അവരുടെ ആവാസ വ്യവസ്ഥകളെയും ജീവനോപാധികളെയും അപകടത്തിലാക്കി.

അടുത്തകാലത്ത് വിഴിഞ്ഞം പദ്ധതിമൂലം തീരശോഷണവും സംഭവിച്ചു കൊണ്ടിരിക്കുന്നു. ഇതേത്തുടര്‍ന്ന് നൂറുകണക്കിന് കുടുംബങ്ങള്‍ വഴിയാധാരമായി. ഏകദേശം 30 ശതമാനം പണി പൂര്‍ത്തിയായപ്പോള്‍ തന്നെ ഉണ്ടായ നഷ്ടങ്ങള്‍ വിവരണാതീതമാണ്. തീരദേശ ജനതയുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളും സര്‍ക്കാരും കണ്ണില്‍ പൊടിയിടുന്ന തന്ത്രങ്ങളാണ് ഇപ്പോള്‍ പ്രയോഗിച്ച് കൊണ്ടിരിക്കുന്നത്.

തീരദേശ ജനത തിരുവനന്തപുരം വിഴിഞ്ഞത്ത് നടത്തുന്ന സമരത്തില്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ കേരളത്തിലെ തീരദേശ ജനത ഒന്നാകെ നേരിടുന്ന പ്രശ്‌നങ്ങളാണ്. അതിനോട് കേരള സമൂഹം മുഴുവന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ഇവരുടെ പുനരധിവാസവും സംരക്ഷണവും ഏറ്റെടുക്കേണ്ടതാണെന്നും കമ്മീഷന്‍ ആവശ്യപ്പെടുന്നു.

വീടുകള്‍ നഷ്ടപ്പെട്ട മൂന്നുറോളം കുടുംബങ്ങള്‍ വാസയോഗ്യമല്ലാത്ത ക്യാമ്പുകളില്‍ ദീര്‍ഘനാളുകളായി കഴിയുകയാണ്. വീടും സ്ഥലവും നഷ്ടപ്പെട്ട് മൂന്നു വര്‍ഷത്തിലധികമായി ഷെഡുകളിലും ഗോഡൗണുകളിലും കഴിയുന്ന കുടുംബങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാതെ താല്‍ക്കാലിക ആശ്വാസ വചനങ്ങള്‍ മാത്രമായി അധികാരികളുടെ ഇടപെടലുകള്‍ ചുരുങ്ങുന്നു.

തീരദേശജനത ആവശ്യപ്പെടുന്നതു പോലെ അശാസ്ത്രീയമായ തുറമുഖ നിര്‍മ്മാണം ശാസ്ത്രീയമായ പഠനങ്ങള്‍ക്കായി അടിയന്തരമായി നിര്‍ത്തിവയ്ക്കുകയും ശാശ്വതമായ പരിഹാരങ്ങള്‍ നടപ്പില്‍ വരുത്തുകയും വേണം. സര്‍ക്കാരിന്റെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും ഇച്ഛാശക്തി മറ്റെല്ലാ കാര്യങ്ങള്‍ക്കും ഉപരിയായി പ്രകടിപ്പിക്കേണ്ട മേഖലയാണിത്.
കടല്‍ക്കയറ്റം, കടലെടുക്കുന്ന കിടപ്പാടങ്ങള്‍, തൊഴില്‍ നഷ്ടം, മത്സ്യലഭ്യതയില്‍ വന്ന കുറവ് തുടങ്ങിയവ വന്‍ഭീഷണി ഉയര്‍ത്തുന്നതിനിടയിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ആശാസ്ത്രീയ നിര്‍മാണം ഭീഷണിയായി തീരദേശവാസികളുടെ മുകളില്‍ ഉയരുന്നത്. ഇവരുടെ പുനരധിവാസം അനന്തമായി നീളുകയാണ്. തീരദേശ ജനതയുടെ നിലനില്‍പ്പിനും അതിജീവനത്തിനും ആയുള്ള പോരാട്ടത്തില്‍ നീതിബോധവും മനസാക്ഷിയുമുള്ള എല്ലാവരും അണിചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും സീറോ മലബാര്‍ സഭാ അല്‍മായ സമൂഹം വ്യക്തമാക്കി.

കമ്മീഷന്‍ ജനറല്‍ സെക്രട്ടറി റവ. ഡോ. ആന്റണി മൂലയില്‍, പ്രൊലൈഫ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബുജോസ്, അല്‍മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി, മാതൃവേദി ജനറല്‍ സെക്രട്ടറി റോസിലി പോള്‍ തട്ടില്‍, ഫാദര്‍ മാത്യു മൂന്നാറ്റുമുഖം, ജസ്റ്റിന്‍ മാറാട്ടുകളം തുടങ്ങിയവര്‍ പ്രസംഗിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.