തിരുവനന്തപുരം: സെപ്റ്റംബര്‍ ഒന്നിന് മുമ്പ് കെഎസ്ആര്‍ടിസിക്ക് 103 കോടി രൂപ കൊടുക്കണമെന്ന ഹൈക്കോടതി ഉത്തരവില്‍ അപ്പീല്‍ സാധ്യത തേടി സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ നിയമവശങ്ങള്‍ പരിശോധിക്കാന്‍ ധനവകുപ്പ് നടപടി തുടങ്ങി. നിയമ സാധ്യതകള്‍ മനസിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
സര്‍ക്കാര്‍ നേരിട്ട് അപ്പീല്‍ പോകാതെ കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനെ കൊണ്ട് അപ്പീല്‍ കൊടുപ്പിക്കാനാണ് നീക്കം. ഓണത്തിന് മുമ്പ് കുടിശിക തീര്‍ത്ത് രണ്ട് മാസത്തെ ശമ്പളവും ഓണബത്തയും നല്‍കണമെന്ന ഉത്തരവ് ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത മറികടക്കാനാണ് നീക്കം. ഓണത്തിന് മുമ്പ് രണ്ട് മാസത്തെ ശമ്പളവും ഫെസ്റ്റിവല്‍ അലവന്‍സും നല്‍കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം.
സര്‍ക്കാര്‍ നിര്‍ദേശിച്ച ഡ്യൂട്ടി പരിഷ്‌കരണത്തിനും ട്രാന്‍സ്ഫര്‍ പ്രൊട്ടക്ഷനും വഴങ്ങുക എന്നതാണ് മാനേജ്‌മെന്റിന് മുന്നിലുള്ള ഒരു പോംവഴി. അത് സംഭവിച്ചാല്‍ സര്‍ക്കാരിന് 250 കോടി രൂപയുടെ ഒരു പക്കേജ് സര്‍ക്കാരില്‍ നിന്ന് നേടിയെടുക്കാനാകും. ആ ഇനത്തിലെ ആദ്യ ഗഡു ലഭിച്ചാല്‍ ഒരു പരിധി വരെ പിടിച്ചു നില്‍ക്കാം. എന്നാല്‍ യൂണിയനുകള്‍ ഡ്യൂട്ടി പരിഷ്‌കരണത്തിന് വഴങ്ങിയിട്ടില്ല. ബജറ്റിന് പുറത്ത് സ്ഥിരമായി വലിയ തുക ഒരു സ്ഥാപനത്തിന് നല്‍കുന്നത് തെറ്റായ കീഴ്‌വഴക്കം ഉണ്ടാക്കുമെന്നാണ് ധന വകുപ്പിന്റെ നിലപാട്.
മുഖ്യമന്ത്രി ഇന്ന് ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് മാനേജ്‌മെന്റ്. അടുത്ത ദിവസം തൊഴിലാളി യൂണിയനുകളുമായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുമെന്ന് ഗതാഗത മന്ത്രി ചര്‍ച്ചയ്ക്ക് ശേഷം വ്യക്തമാക്കിയതും പ്രതീക്ഷയ്ക്ക് വക നല്‍കുന്നു.
ഇന്നലെയാണ് തൊഴിലാളികളെ പട്ടിണിക്കിടാന്‍ ആകില്ലെന്ന് വ്യക്തമാക്കി കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ 103 കോടി രൂപ അടിയന്തരമായി നല്‍കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടത്. സെപ്റ്റംബര്‍ ഒന്നിന് മുമ്പ് ഈ തുക നല്‍കാനാണ് നിര്‍ദേശം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.