വടക്കന്‍ കേരളത്തിലെ മലയോര മേഖലകളില്‍ കനത്ത മഴ; പലയിടത്തും ഉരുള്‍പൊട്ടി വ്യാപക നാശനഷ്ടം

വടക്കന്‍ കേരളത്തിലെ മലയോര മേഖലകളില്‍ കനത്ത മഴ; പലയിടത്തും ഉരുള്‍പൊട്ടി വ്യാപക നാശനഷ്ടം

കണ്ണൂര്‍: വടക്കന്‍ ജില്ലകളിലെ മലയോര മേഖലകളില്‍ കനത്ത മഴ. കണ്ണൂരിലും കോഴിക്കോടും ഉരുള്‍ പൊട്ടിയതായി സംശയമുണ്ട്. പലയിടത്തും ഉച്ചയ്ക്കു തുടങ്ങിയ മഴ രാത്രിയും നിര്‍ത്താതെ പെയ്യുകയാണ്. കണ്ണൂരില്‍ മലയോര മേഖലയായ നെടുംപൊയിലെ വനത്തില്‍ ഉരുള്‍പൊട്ടലുണ്ടായതായി സംശയം.

നെടുംപൊയില്‍ സെമിനാരി വില്ലയ്ക്ക് സമീപം മലവെള്ളപ്പാച്ചില്‍ രൂപപ്പെട്ടു. നെടുംപോയില്‍-മാനന്തവാടി റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു. നിരവധി വാഹനങ്ങള്‍ പ്രദേശത്ത് കുടുങ്ങി കിടക്കുകയാണ്.

പെരിയ വനത്തില്‍ കനത്ത മഴ തുടരുന്നതാണ് മലവെള്ളപ്പാച്ചിലിന് കാരണമായതെന്നാണ് നിഗമനം. അപ്രതീക്ഷിതമായാണ് മേഖലയില്‍ മലവെള്ളപ്പാച്ചിലുണ്ടായത്. കോഴിക്കോട് വിലങ്ങാടും മലവെള്ളപ്പാച്ചിലുണ്ടായി. വിലങ്ങാട് പാലം വെള്ളത്തില്‍ മുങ്ങി. പാനോം വനമേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായതായി സംശയമുണ്ട്.

കോഴിക്കോട് മലയോര മേഖലയില്‍ ശനിയാഴ്ച രാവിലെ മുതല്‍ തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. വിലങ്ങാട് ഭാഗത്ത് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ മേഖലയിലൂടെയുള്ള ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കുറ്റ്യാടി കുണ്ടുതോട് ആശ്വാസിയില്‍ കാറ്റില്‍ മരങ്ങള്‍ വീണ് എട്ടു വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. മേഖലയില്‍ വ്യാപകമായി കൃഷിനാശമുണ്ടായി. വടകര ഒഞ്ചിയം പാലം റോഡിനു സമീപം കാറ്റില്‍ നാലു വീടുകളുടെ ഷീറ്റ് പാറിപ്പോയി. പയ്യോളി കീഴുര്‍ പള്ളിക്കരയില്‍ റോഡിന് കുറുകെ തെങ്ങു വീണു ഗതാഗതം മുടങ്ങി.

മാവൂര്‍ പഞ്ചായത്തിലെ കച്ചേരിക്കുന്നില്‍ ശക്തമായ മഴയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മൂന്ന് കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് താമസം മാറി. ജില്ലയില്‍ തിങ്കളാഴ്ച്ച വരെ ശക്തമായ മഴ തുടരുമെന്നാണു മുന്നറിയിപ്പ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.