തിരുവനന്തപുരം: വിഴിഞ്ഞം സമരം കടുപ്പിക്കാനൊരുങ്ങി ലത്തീന്‍ അതിരൂപത. സമരം സെപ്റ്റംബര്‍ നാലുവരെ നീട്ടാന്‍ തീരുമാനമായി. ഈ മാസം 30വരെ എന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാല്‍ ഇന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ കീഴിലുള്ള പള്ളികളില്‍ വായിച്ച സര്‍ക്കുലറിലാണ് സമരം നീട്ടാനുളള പ്രഖ്യാപനം നടത്തിയത്.
സമരം നിലനില്‍പ്പിനുള്ള സമരമെന്ന് ലത്തീന്‍ അതിരൂപതയുടെ സര്‍ക്കുലര്‍ പറുന്നു. തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയുടെ സര്‍ക്കുലര്‍ അതിരൂപതയുടെ കീഴിലുളള പള്ളികളില്‍ വായിച്ചു. പ്രധാന ആവശ്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കാന്‍ മടിക്കുന്നുവെന്ന് സര്‍ക്കുലര്‍ കുറ്റപ്പെടുത്തി. തീരത്ത് ജീവിക്കാനും മത്സ്യബന്ധനത്തിനും ഉള്ള അവകാശം ഭരണഘടനാപരമാണ്.
തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് വിഴിഞ്ഞം സമരത്തില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ പിന്തിരിപ്പിക്കാനും വിഭജിക്കാനും നീക്കം ഉണ്ട്. ഈ പ്രലോഭനങ്ങളില്‍ വീഴാതെ ഒറ്റക്കെട്ടായി മുന്നേറണം. അവകാശപ്പെട്ട കാര്യങ്ങള്‍ക്കായി നിയമ പരിരക്ഷ തേടുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളി സമരം പതിമൂന്നാം ദിനത്തിലേക്ക് കടക്കുന്ന ഇന്ന് സന്യസ്ത സംഘടനകളുടെ നേതൃത്വത്തില്‍ പ്രാര്‍ഥനാ ദിനമായി ആചരിക്കും. നാളെ വീണ്ടും കടല്‍ മാര്‍ഗവും കരമാര്‍ഗവും വിഴിഞ്ഞം തുറമുഖം ഉപരോധിക്കാനാണ് തീരുമാനം.
അതേസമയം സമരക്കാരുമായി ഇന്ന് വീണ്ടും മന്ത്രിതല ചര്‍ച്ച നടക്കും. വൈകിട്ട് ആറിനാണ് ചര്‍ച്ച. മന്ത്രിമാരായ വി.അബ്ദുറഹ്മാന്‍, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച ഫലം കാണാത്തതിന് പിന്നാലെയാണ് മന്ത്രിതല ഉപസമിതിയുമായി വീണ്ടും ചര്‍ച്ച നടത്തുന്നത്.
അതേസമയം തിരുവനന്തപുരത്ത് വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തെ തുടര്‍ന്ന് തീരത്ത് ഉണ്ടായിട്ടുള്ള തീരശോഷണവും പ്രത്യാഘാതങ്ങളും സംബന്ധിച്ച് ശാസ്ത്രീയവും സുതാര്യവുമായ പഠനം നടത്തണമെന്ന് കേരള ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി ആവശ്യപ്പെട്ടു.
അടുത്ത കാലത്ത് കോവളം, ശംഖുമുഖം, പൂന്തുറ, വലിയതുറ തുടങ്ങിയ തീരങ്ങളില്‍ ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങള്‍ക്ക് കാരണം തുറമുഖ നിര്‍മ്മാണമാണ്. ഈ പ്രത്യാഘാതങ്ങള്‍ പരിഹരിക്കപ്പെടുന്നതുവരെ തുറമുഖ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണമെന്നും മെത്രാന്‍ സമിതി കൊച്ചിയില്‍ ആവശ്യപെട്ടു. തിരുവനന്തപുരം അതിരുപതയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരങ്ങള്‍ക്ക് ലത്തീന്‍സഭയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് യോഗം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.