ആര്‍ട്ടെമിസ് ദൗത്യം: ചന്ദ്രനെ ലക്ഷ്യമാക്കി നാസയുടെ റോക്കറ്റ് മണിക്കൂറുകള്‍ക്കകം കുതിച്ചുയരും

ആര്‍ട്ടെമിസ് ദൗത്യം: ചന്ദ്രനെ ലക്ഷ്യമാക്കി നാസയുടെ റോക്കറ്റ് മണിക്കൂറുകള്‍ക്കകം കുതിച്ചുയരും

ഫ്‌ളോറിഡ: ചന്ദ്രനെ ലക്ഷ്യമിട്ട് നാസയുടെ പുതിയ റോക്കറ്റ് ഇന്ന് കുതിച്ചുയരും. അവസാന അപ്പോളോ ദൗത്യത്തിന് 50 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് നാസ വീണ്ടും ചാന്ദ്രദൗത്യത്തിനൊരുങ്ങുന്നത്. ഇത്തവണ യാത്രികരെ ഉള്‍പ്പെടുത്താതെയാണ് റോക്കറ്റ് വിക്ഷേപിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യരെ വഹിച്ചുള്ള യാത്ര നാസ ലക്ഷ്യമിടുന്നുണ്ട്. ഇതിന് മുന്നോടിയായുള്ള പരീക്ഷണ വിക്ഷേപണമാണ് തിങ്കളാഴ്ച്ച നടത്തുന്നത്.

322 അടിയുള്ള സ്‌പേസ് ലോഞ്ച് സിസ്റ്റം (എസ്.എല്‍.എസ്) റോക്കറ്റ് ഫ്‌ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ (കെ.എസ്.സി) നിന്ന് 29-ന് പ്രാദേശിക സമയം രാവിലെ 8.33ന് വിക്ഷേപിക്കാനാണ് പദ്ധതി. കാലാവസ്ഥ അനുകൂലമായാലാണ് തിങ്കളാഴ്ച വിക്ഷേപണം നടക്കുക.
മനുഷ്യന്‍ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും ശക്തമായ റോക്കറ്റാണ് എസ്.എല്‍.എസ്.

മനുഷ്യന് ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്നതിനായി തയ്യാറാക്കിയ ഓറിയോണ്‍ പേടകത്തിന്റെയും അതിനായി ഉപയോഗിക്കുന്ന സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിന്റെയും പ്രവര്‍ത്തന മികവ് പരീക്ഷിക്കുകയാണ് ആര്‍ട്ടെമിസ് 1 ദൗത്യത്തിന്റെ പ്രഥമലക്ഷ്യം. പ്രധാനമായും ഓറിയോണ്‍ പേടകം ഭൂമിയിലേക്കു തിരിച്ചിറങ്ങുമ്പോള്‍ ഉണ്ടാകുന്ന 3000 ഡിഗ്രി സെല്‍ഷ്യസിനടുത്തുള്ള ചൂടിനെ അതിജീവിക്കാനുള്ള പേടകത്തിന്റെ താപ കവചത്തിന്റെ ശേഷിയാണ് പരിശോധിക്കപ്പെടുക.

ഇതിലെ ക്രൂ അംഗങ്ങള്‍ക്ക് പകരമുള്ള സെന്‍സറുകള്‍ ഘടിപ്പിച്ച ഡമ്മികള്‍ സഞ്ചാരവിവരങ്ങള്‍ രേഖപ്പെടുത്തും. 42 ദിവസത്തെ യാത്രയുടെ ഓരോ നിമിഷവും കാമറകള്‍ പകര്‍ത്തുകയും ചന്ദ്രനും ഭൂമിയും പശ്ചാത്തലത്തില്‍ വരുന്ന ബഹിരാകാശ പേടകത്തിന്റെ സെല്‍ഫി എടുക്കുകയും ചെയ്യും.

ചന്ദ്രന്റെ ബഹിരാകാശ പരിതസ്ഥിതിയില്‍ ഒരു മാസത്തോളം ഇത് നിലനില്‍ക്കും. ചന്ദ്രന് 100 കി.മീ (60 മൈല്‍) ദൂരത്തില്‍ ഓറിയോണ്‍ കാപ്സ്യൂള്‍ ചന്ദ്രനു ചുറ്റും ഭ്രമണം ചെയ്യും.

16 അടി വ്യാസമുള്ള കാപ്സ്യൂളിന്റെ താപ കവചം പരീക്ഷിക്കുകയാണ് പ്രഥമ ലക്ഷ്യങ്ങളിലൊന്ന്, തിരികെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് മടങ്ങുമ്പോള്‍ താപ കവചത്തിന് മണിക്കൂറില്‍ 25,000 മൈല്‍ വേഗവും 2,760 ഡിഗ്രി സെല്‍ഷ്യസ് താപനിലയും നേരിടേണ്ടിവരും. ഈ താപത്തെ അതിജീവിക്കാന്‍ സാധിച്ചാല്‍ പേടകം കാലിഫോര്‍ണിയയ്ക്കടുത്ത് കടലില്‍ വന്ന് പതിക്കും. ശേഷം പേടകം കപ്പലില്‍ തിരികെയെത്തിക്കും.

410 കോടി ഡോളര്‍ (ഏകദേശം 32,788 കോടി രൂപ) ചെലവു വരുന്നതാണ് പദ്ധതി. അടുത്ത ദൗത്യമായ ആര്‍ട്ടെമിസ് 2 ബഹിരാകാശ യാത്രികരെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കും. ആര്‍ട്ടെമിസ് 3 സംഘം 2025-ല്‍ ചന്ദ്രനില്‍ ഇറങ്ങും.

ഗേറ്റ്വേ എന്ന ചന്ദ്രനെ ചുറ്റുന്ന ബഹിരാകാശ നിലയവും ചാന്ദ്രോപരിതലത്തില്‍ വിക്ഷേപണത്തറയും സ്ഥാപിച്ച് ചന്ദ്രനില്‍ സ്ഥിരം മനുഷ്യസാന്നിധ്യം ഉറപ്പാക്കുക കൂടി ആര്‍ട്ടെമിസ് ലക്ഷ്യമിടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.