വിഴിഞ്ഞത്ത് സമാശ്വാസ പാക്കേജുമായി സര്‍ക്കാര്‍; തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് പഠനം നടത്തും വരെ പിന്നോട്ടില്ലെന്ന് സമരസമിതി

വിഴിഞ്ഞത്ത് സമാശ്വാസ പാക്കേജുമായി സര്‍ക്കാര്‍; തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് പഠനം നടത്തും വരെ പിന്നോട്ടില്ലെന്ന് സമരസമിതി

335 കുടുംബങ്ങള്‍ക്ക് മാസം 5,500 രൂപ വീതം മാസവാടക നല്കുമെന്ന് മന്ത്രിസഭ യോഗം

തിരുവനന്തപുരം: വിഴിഞ്ഞം പുനരധിവാസ പാക്കേജ് വേഗത്തില്‍ നടപ്പിലാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. എടത്തറയില്‍ കണ്ടെത്തിയ സ്ഥലത്ത് ഫ്ളാറ്റ് നിര്‍മിക്കും. മുട്ടത്തറയിലെ ഫ്ളാറ്റ് നിര്‍മാണം സമയ ബന്ധിതമായി പുര്‍ത്തിയാക്കും. ഇതിനായി ടെന്‍ഡര്‍ വിളിക്കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ധാരണയായി.

വിഴിഞ്ഞത്ത് 335 കുടുംബങ്ങള്‍ക്ക് 5,500 രൂപ വീതം മാസം വീടിന് വാടക നല്‍കാനും തീരുമാനമായി. കൂടുതല്‍ സഹായങ്ങള്‍ നല്‍കണമോയെന്ന് വിദഗ്ധ സമിതിയുടെ പഠനത്തിന് ശേഷം തീരുമാനമുണ്ടാകും. സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജില്‍ തൃപ്തിയില്ലെന്ന് സമരം ചെയ്യുന്ന മല്‍സ്യത്തൊഴിലാളികള്‍ വ്യക്തമാക്കി.

വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് മത്സ്യത്തൊഴിലാളി പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി വിദഗ്ധ പഠനം നടത്തണമെന്നു സമരസമിതി ജനറല്‍ കണ്‍വീനര്‍ മോണ്‍. യൂജിന്‍ എച്ച്. പെരേര ആവശ്യപ്പെട്ടു. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്താന്‍ കഴിയില്ലെന്ന സര്‍ക്കാര്‍ നിലപാടു സ്വീകാര്യമല്ല. സമരം കൂടുതല്‍ ശക്തമാക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

സമരസമിതി ഉന്നയിക്കുന്ന ആവശ്യങ്ങളോട് ഒഴുക്കന്‍ മട്ടിലാണു സര്‍ക്കാര്‍ പ്രതികരിക്കുന്നത്. ദുരിതാശ്വാസ ക്യാംപായ വലിയതുറ ഗോഡൗണിലെ ദുരിതം നിറഞ്ഞ ജീവിത സാഹചര്യമാണു മത്സ്യത്തൊഴിലാളികളെ സമര രംഗത്തേക്ക് എത്തിച്ചത്. തീരശോഷണം മൂലം വീടുകള്‍ നഷ്ടപ്പെട്ടു ക്യാംപുകളില്‍ കഴിയുന്നവര്‍ക്കു വീട്ടുവാടകയായി പ്രതിമാസം 5500 രൂപ നല്‍കാമെന്നാണു മുഖ്യമന്ത്രി പറയുന്നത്.

നഗരപ്രദേശത്ത് ഈ തുകയ്ക്ക് വാടകവീട് കിട്ടില്ല. വീട് വാടകയ്ക്കെടുക്കാന്‍ വലിയ തുക ഡെപ്പോസിറ്റ് ആയി നല്‍കണം. സര്‍ക്കാര്‍ വീട് വാടകയ്ക്കെടുത്ത് ക്യാംപിലെ അന്തേവാസികള്‍ക്ക് നല്‍കണം. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയെന്നു പറയുന്നുണ്ടെങ്കിലും ഇതുവരെ ചര്‍ച്ച നടന്നില്ല.

തുറമുഖ നിര്‍മാണ കരാര്‍ വ്യവസ്ഥതകളിലെ കെടുകാര്യസ്ഥതകള്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള 2017ലെ സിഎജി റിപ്പോര്‍ട്ട് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച രാമചന്ദ്രന്‍ നായര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടണമെന്നും മോണ്‍. യൂജിന്‍ എച്ച്. പെരേര പറഞ്ഞു. സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡോഷ്യസ് ഡിക്രൂസും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

അതേസമയം വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം സ്തംഭിച്ചെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. അതീവ സുരക്ഷാ മേഖലയില്‍ ആയിരത്തില്‍ അധികം സമരക്കാര്‍ തമ്പടിച്ചിരിക്കുകയാണെന്നും സുരക്ഷ ഒരുക്കാതെ പദ്ധതി മുന്നോട്ട് പോകില്ലെന്നും കോടതിയെ അറിയിച്ചു. സമരത്തിന്റെ പേരില്‍ നിര്‍മ്മാണം നിര്‍ത്തി വയ്ക്കില്ലെന്ന് സര്‍ക്കാരും ഹൈക്കോടതിയില്‍ നിലപാടെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.