ചൊവ്വയില്‍ ഓക്‌സിജന്‍ ഉത്പാദനം ഇരട്ടിയാക്കണമെന്ന് ശാസ്ത്രജ്ഞര്‍; 'മോക്‌സി' യുടെ പരിഷ്‌കരിച്ച പതിപ്പ് വൈകരുത്

ചൊവ്വയില്‍ ഓക്‌സിജന്‍ ഉത്പാദനം ഇരട്ടിയാക്കണമെന്ന് ശാസ്ത്രജ്ഞര്‍; 'മോക്‌സി' യുടെ പരിഷ്‌കരിച്ച പതിപ്പ് വൈകരുത്

ഫ്‌ളോറിഡ: മനുഷ്യന്റെ ചൊവ്വാ പ്രവേശനത്തിന് മുന്നോടിയായി 'ചുവന്ന ഗ്രഹ'ത്തിലെ ഓക്‌സിജന്‍ ഉത്പാദനം ഇരട്ടിയാക്കണമെന്ന നിര്‍ദേശവുമായി ഭൗമശാസ്ത്രജ്ഞര്‍. ഫെബ്രുവരിയില്‍ ചൊവ്വയിലെത്തിച്ച മോക്‌സി എന്ന ചെറു ഉപകരണം വഴി ഓക്‌സിജന്‍ ഉത്പാദനം വിജയകരമായതോടെ മോക്‌സിയുടെ പരിഷ്‌കരിച്ച പതിപ്പ് തയാറാക്കി അയയ്ക്കാനുള്ള ദൗത്യത്തിലേക്ക് നാസയ്ക്ക് പ്രവേശിക്കാമെന്ന് സയന്‍സ് അഡ്വാന്‍സസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ശാസ്ത്രജ്ഞന്‍മാര്‍ ചൂണ്ടിക്കാട്ടി.

നാസയുടെ പെര്‍സെവറന്‍സ് റോവര്‍ ദൗത്യത്തിന്റെ ഭാഗമായാണ് മോക്‌സിയെ ചൊവ്വയിലെത്തിച്ചത്. ഓക്‌സിജന്‍ ഇന്‍-സിറ്റു റിസോഴ്‌സ് യൂട്ടിലൈസേഷന്‍ എന്നതായിരുന്നു ദൗത്യത്തിന്റെ പേര്. പരീക്ഷണം വിജയകരമായതോടെ മുഴുവന്‍ സമയം ഓക്‌സിജന്‍ ഉത്പാദനം എന്ന രണ്ടാംഘട്ടത്തിലേക്ക് പ്രവേശിക്കാനുള്ള സമയമായെന്ന് ലേഖനത്തിലൂടെ ശാസ്ത്രജ്ഞന്മാര്‍ സൂചിപ്പിക്കുന്നു.

നേരിയ അളവില്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാനുള്ള ശേഷിയേ ഇപ്പോഴുള്ള മോക്‌സി ഉപകരണത്തിനുള്ളു. ഗ്രഹത്തിലെ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ആഗീര്‍ണം ചെയ്ത് അതിനെ ഓക്‌സിജനാക്കി പുറത്തേക്ക് വിടുന്ന ദൗത്യമാണ് ഉപഗ്രഹം ചെയ്തുകൊണ്ടിരിക്കുന്നത്. അതായത് ഒരു ചെറിയ ചെടി ചെയ്യുന്ന ശ്വസന പ്രക്രിയ. എന്നാല്‍ രാത്രി സമയങ്ങളിലും ഇതു സാധ്യമാക്കുന്നു എന്നതാണ് മോക്‌സിയെ സസ്യത്തില്‍ നിന്ന് വ്യത്യസ്ഥമാക്കുന്നത്.



പകലും രാത്രിയും ഉള്‍പ്പെടെ ഏഴ് പരീക്ഷണ ഓട്ടങ്ങളിലായി മോക്‌സിക്ക് ഓക്‌സിജന്‍ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഗവേഷ റിപ്പോര്‍ട്ടില്‍ പറയുന്നു. തണുത്തതും ചൂടേറിയതും കാറ്റ് വീശുന്നതുമായ അന്തരീക്ഷ സാഹചര്യങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളിലും മോക്‌സി വിജയിച്ചു. ഓരോ ഓട്ടത്തിലും മണിക്കൂറില്‍ ആറു ഗ്രാം ഓക്‌സിജന്‍ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തിലെത്തുകയും ചെയ്തു.

മനുഷ്യര്‍ ഈ ഗ്രഹത്തിലേക്ക് പോകുന്നതിന് മുമ്പ് ഇടതടവില്ലാതെ ഓക്‌സിജന്‍ ഉത്പാദിപ്പിക്കപ്പെടുന്ന സംവിധാനം ഉണ്ടാകണമെന്നാണ് ഗവേഷകരുടെ അഭിപ്രായം. അതിന് മോക്‌സിയുടെ ഒരു പരിഷ്‌കരിച്ച പതിപ്പ് ചൊവ്വയിലേക്ക് അയയ്ക്കാമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്നാണ് പൂര്‍ണ സമയ പ്രവര്‍ത്ത ശേഷിയുള്ള മോക്‌സിയുടെ പരിഷ്‌കരിച്ച പതിപ്പിനെക്കുറിച്ചുള്ള ആലോചനകളിലേക്ക് നാസ പ്രവേശിച്ചത്.

തുടര്‍ച്ചയായി പ്രവര്‍ത്തനക്ഷമമാക്കുകയും ഓഫാക്കുകയും ചെയ്തിട്ടും മോക്‌സിക്ക് വിജയകരമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെങ്കില്‍, ഒരു പൂര്‍ണ്ണ സ്‌കെയില്‍ സിസ്റ്റത്തിന് ആയിരക്കണക്കിന് മണിക്കൂറുകളോളം തന്റെ ദൗത്യം നിര്‍വഹിക്കാന്‍ കഴിയുമെന്ന് എംഐടിയുടെ ഹേസ്റ്റാക്ക് ഒബ്‌സര്‍വേറ്ററിയിലെ മോക്‌സി മിഷന്റെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ മൈക്കല്‍ ഹെക്റ്റ് അഭിപ്രായപ്പെട്ടു.



ഏത് സമയത്തും ഓക്‌സിജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് മോക്‌സി ഇതുവരെ തെളിയിച്ചിട്ടുണ്ട്. താപനില ഗണ്യമായി വ്യത്യാസപ്പെടുമ്പോഴും പ്രഭാതത്തിലും സന്ധ്യയിലുമൊക്കെ മോക്‌സി തന്റെ ദൗത്യം നിര്‍വഹിക്കുന്നു. ചൊവ്വയില്‍ മനുഷ്യനെ നിലനിര്‍ത്താന്‍ ആവശ്യമായ ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഈ സംവിധാനത്തിന് പൂര്‍ണ്ണ ശേഷിയില്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഭൂമിക്ക് പുറത്ത് മറ്റൊരു ഗ്രഹത്തിലെ വിഭവങ്ങള്‍ ഉപയോഗിക്കുകയും അവയെ രാസപരമായി പരിവര്‍ത്തനം ചെയ്യുകയും ചെയ്യുന്ന വിജയകരമായ ആദ്യ ദൗത്യമാണ് മോക്‌സിയെന്ന് മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (എംഐടി) ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എയറോനോട്ടിക്സ് ആന്‍ഡ് അസ്ട്രോനോട്ടിക്സിലെ പ്രൊഫസറും മോക്സി ഡെപ്യൂട്ടി പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററുമായ ജെഫ്രി ഹോഫ്മാന്‍ പറഞ്ഞു.

മറ്റു ഗ്രഹത്തിലേക്കുള്ള മനുഷ്യ പ്രവേശനത്തിന് സ്പേസ് സ്യൂട്ടുകള്‍ ധരിക്കുകയും കൃത്രിമ ശ്വസന പ്രക്രിയയ്ക്കുള്ള ഉപകരണങ്ങള്‍ സജ്ജീകരിക്കുകയും വേണം. എന്നാല്‍ മനുഷ്യന് ആവശ്യമായ ഓക്‌സിജനും ആവാസവ്യവസ്ഥയും ഗ്രഹങ്ങളില്‍ ക്രമീകരിക്കാന്‍ കഴിഞ്ഞാല്‍ യാത്രപോകുംപോലെ ലാഘവത്തോടെ മറ്റ് ഗ്രഹങ്ങളില്‍ പോയി വരാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.