എം.വി ഗോവിന്ദന് പകരക്കാരനായി ആരെത്തും?.. തീരുമാനം ഇന്നറിയാം

 എം.വി ഗോവിന്ദന് പകരക്കാരനായി ആരെത്തും?.. തീരുമാനം ഇന്നറിയാം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എം. വി ഗോവിന്ദന്‍ ഇന്ന് മന്ത്രി സ്ഥാനമൊഴിയും. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകും. ഗോവിന്ദന് പകരം ആരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന കാര്യവും യോഗത്തില്‍ തീരുമാനിക്കും.

ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നിനാണ് സെക്രട്ടേറിയറ്റ് യോഗം ചേരുക. യോഗം വൈകിയാല്‍ മന്ത്രിയുടെ രാജി ഉള്‍പ്പെടെ ശനിയാഴ്ചത്തേക്ക് മാറ്റും.

കണ്ണൂരില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗം എ.എന്‍ ഷംസീര്‍, മറ്റു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വി കുഞ്ഞമ്പു, പി. നന്ദകുമാര്‍ എന്നിവരുടെ പേരുകളും പറഞ്ഞു കേള്‍ക്കുന്നുണ്ട്. അതേസമയം ഗോവിന്ദന്റെ വകുപ്പുകള്‍ അതേ തീതിയില്‍ തന്നെ പുതിയ മന്ത്രിക്ക് നല്‍കാന്‍ ഇടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ വന്നാല്‍ മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമുണ്ടാകും. സജി ചെറിയാന്റെ ഒഴിവും നികത്തിയിട്ടില്ല. ഇക്കാര്യങ്ങള്‍ പാര്‍ട്ടി സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും.

സിപിഎം സംസ്ഥാന സെക്രട്ടറിയായതിനെ തുടര്‍ന്നാണ് എക്സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിസ്ഥാനത്ത് നിന്ന് എം.വി ഗോവിന്ദന്‍ ഒഴിയുന്നത്. പകരം പുതിയ മന്ത്രിയെ പാര്‍ട്ടി കണ്ടെത്തും.

കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരിപാടിയില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി ഉച്ചയോടെ തിരുവനന്തപുരത്ത് മടങ്ങി എത്തൂ. അതിനാലാണ് യോഗം ഉച്ച കഴിഞ്ഞാക്കിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആറിനാണ് രാജ് ഭവനില്‍ തിരിച്ചെത്തുക. അതിനാല്‍ പുതിയ മന്ത്രിയുടെ സത്യപ്രതിജ്ഞ ഓണാവധിക്ക് ശേഷമാകാനാണ് സാധ്യത.

അനാരോഗ്യത്തെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന് ചുമതല നിര്‍വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് എം.വി ഗോവിന്ദന്‍ സിപിഎം സംസ്ഥാന നേതൃ പദവിയില്‍ എത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.