'ആകെ ഇവിടെ മാത്രമേ ഒള്ളൂ... കേരളം കൂടി അങ്ങെടുക്കരുത്': പിണറായി-മോഡി ചിത്രത്തെ ട്രോളി വൈറലാക്കി സോഷ്യല്‍ മീഡിയ

'ആകെ ഇവിടെ മാത്രമേ ഒള്ളൂ... കേരളം കൂടി അങ്ങെടുക്കരുത്': പിണറായി-മോഡി ചിത്രത്തെ ട്രോളി വൈറലാക്കി സോഷ്യല്‍ മീഡിയ

കൊച്ചി: ഈ ട്രോളര്‍മാരെക്കൊണ്ട് ഒരു രക്ഷയുമില്ല. എന്തെങ്കിലും ഒത്തു വന്നാല്‍ ട്രോളി നിലംപെരിശാക്കും. ഒരു ഫോട്ടോ കണ്ടാല്‍ പോലും. രണ്ടു ദിവസത്തെ ഔദ്യോഗിക പരിപാടികള്‍ക്കായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കൈപിടിച്ച് യാത്രയാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് ട്രോളര്‍മാരുടെ ഇന്നത്തെ മുഖ്യ ഇര.

'ആകെ ഇവിടെ മാത്രമേ ഉള്ളൂ... ഇതും പോയാല്‍ ഞങ്ങള്‍ എങ്ങോട്ടു പോകും... കേരളം കൂടി അങ്ങെടുക്കരുത്... ആ ഷാ അണ്ണനോടും കൂടെ ഒന്ന് പറയണം' എന്നാണ് ഒരാളുടെ കമന്റ്. കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ഇരട്ട എന്‍ജിന്‍ ഭരണം കാഴ്ച വയ്ക്കുമെന്ന് ഇന്നലെ നെടുമ്പാശേരിയില്‍ ചേര്‍ന്ന ബിജെപി യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു.

'കരഞ്ഞു പറയുകയാണ് കെ റെയില്‍ പൈസ തരാമോ?.. ക്രെഡിറ്റ് ഞാന്‍ എടുത്തോളാം', 'മോദി ജി എന്നോട് പൊറുക്കണം...പണ്ട് ഞാന്‍ പലതും പറഞ്ഞിട്ടുണ്ട്... അതൊക്കെ തെറ്റായിരുന്നു എന്ന് കാലം എനിക്ക് കാണിച്ചു തന്നു...', 'ലാവ്‌ലിന്‍ കേസ് മരണം വരെ നീട്ടി വെച്ചു തരണം', ദൈവമേ... ഞങ്ങടെ പ്രധാനമന്ത്രിയെ കാത്തോളണേ...'

'എടോ ബിജ്യാ...നമുക്ക് ആരോടും ദേഷ്യം ഇല്ലാട്ടോ...നാട് നന്നാവണം... പക്ഷേ... എന്നോട് ചൊറിയാന്‍ വന്നാല്‍ ഞാന്‍ ആരെയും വിടില്ല...കേട്ടോ' എന്നിങ്ങനെ പോകുന്നു ട്രോളുകള്‍.

അതേസമയം, ഇന്ത്യ തദ്ദേശീയമായി രൂപകല്‍പന ചെയ്തു നിര്‍മ്മിച്ച ആദ്യ വിമാന വാഹിനിയായ ഐഎന്‍സ് വിക്രാന്ത് രാജ്യത്തിനു സമര്‍പ്പിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി മംഗളൂരുവിലേക്ക് തിരിച്ചു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ഡി.ജി.പി അനില്‍ കാന്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രധാനമന്ത്രിയെ യാത്രയാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.