ന്യൂയോര്‍ക്ക്: നാസയുടെ ചാന്ദ്രദൗത്യം ആര്‍ട്ടിമിസ്-1 വിക്ഷേപണം വീണ്ടും മാറ്റിവെച്ചു. റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ സാങ്കേതിക തകരാര്‍ കണ്ടെത്തിയതോടെയാണ് നീട്ടിവയ്ക്കാന്‍ തീരുമാനിച്ചത്. തകരാര്‍ പരിഹരിക്കാനുള്ള ശ്രമം വിജയിച്ചില്ലെന്ന് നാസ അറിയിച്ചു. ഇന്ന് രാത്രി 11.47ന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപണം നടത്താനിരിക്കെയാണ് പ്രതിസന്ധി നേരിട്ടത്. അരനൂറ്റാണ്ടിനു ശേഷം മനുഷ്യരെ വീണ്ടും ചന്ദ്രനിലെത്തിക്കാന്‍ ലക്ഷ്യമിടുന്നതാണ് ആര്‍ട്ടിമിസ് ദൗത്യ പരമ്പര.
ആഗസ്റ്റ് 29-നു നിശ്ചയിച്ചിരുന്ന വിക്ഷേപണം തകരാര്‍ മൂലം ഇന്നത്തേക്ക് മാറ്റിയിരുന്നു. റോക്കറ്റിന്റെ നാല് കോര്‍ സ്റ്റേജ് എന്‍ജിനുകളില്‍ ഒന്നില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്ന് വിക്ഷേപണം നീട്ടിവച്ചത്. വിക്ഷേപണത്തിന് മുമ്പായി താഴ്ന്ന താപനിലയിലേക്ക് എല്ലാ എന്‍ജിനുകളും എത്തിക്കേണ്ടതുണ്ട്. എന്നാല്‍ ഒരു എന്‍ജിനില്‍ ഇത് സാധിച്ചില്ല. ഇതിനെ തുടര്‍ന്നാണ് അന്ന് വിക്ഷേപണം മാറ്റിയത്.
പ്രശ്‌നങ്ങള്‍ പരിഹരിച്ചശേഷം ശനിയാഴ്ച വീണ്ടും വിക്ഷേപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പക്ഷേ വീണ്ടും സാങ്കേതിക പിഴവ് കണ്ടെത്തിയതിനാല്‍ വിക്ഷേപണം പ്രതിസന്ധിയിലാകുകയായിരുന്നു.
പരീക്ഷണാര്‍ഥമാണ് ആര്‍ട്ടിമിസ് 1 വിക്ഷേക്ഷിക്കുന്നത്. യാത്രികര്‍ക്ക് പകരം പാവകളാണ് ഇതിലുള്ളത്. ലോകത്തിലെ ഏറ്റവും കരുത്തുറ്റതും 322 അടി ഉയരവുമുള്ള റോക്കറ്റായ സ്പേസ് ലോഞ്ച് സിസ്റ്റമാണ് (എസ്എല്‍എസ്) യാത്രികരുടെ പേടകമായ ഓറിയോണ്‍ വഹിക്കുന്നത്. 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപ്പോളോ ദൗത്യങ്ങളില്‍ ഉപയോഗിച്ച സാറ്റേണ്‍ ഫൈവ് റോക്കറ്റുകളെക്കാള്‍ ഉയരം കുറഞ്ഞതാണ് എസ്എല്‍എസ് എങ്കിലും കരുത്ത് കൂടുതലാണ്. 11 അടി പൊക്കമുള്ളതാണ് ഒറിയോണ്‍ പേടകം. നാലു യാത്രികരെ വഹിക്കാനുള്ള ശേഷി ഇതിനുണ്ട്.
വിക്ഷേപണത്തിനു ശേഷം 6 ആഴ്ചയെടുത്താണ് ആര്‍ട്ടിമിസ് 1 യാത്ര പൂര്‍ത്തീകരിക്കുന്നത്. റോക്കറ്റിന്റെ കോര്‍ സ്റ്റേജ് വിക്ഷേപണത്തിനു ശേഷം കുറച്ചുസമയം കഴിയുമ്പോള്‍ ഭൂമിയില്‍ പതിക്കും. ഭൂമിയില്‍ നിന്ന് 3,86,000 കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രനിലേക്ക് എത്താനായി ഓറിയോണ്‍ ഒരാഴ്ചയെടുക്കും. പിന്നീട് അഞ്ചാഴ്ചയോളം പിന്നിട്ട ശേഷം മണിക്കൂറില്‍ 40,000 കിലോമീറ്റര്‍ എന്ന വേഗത്തില്‍ പസിഫിക് സമുദ്രത്തിലേക്ക് ഓറിയണ്‍ വീഴും. 9300 കോടിയിലധികം യുഎസ് ഡോളര്‍ ചെലവു വരുന്നതാണ് ആര്‍ട്ടിമിസ് പദ്ധതി. ആദ്യദൗത്യത്തിന് 400 കോടി യുഎസ് ഡോളര്‍ ചെലവുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.