വിലക്കയറ്റത്തിനെതിരെ പ്രതിഷേധം ഇരമ്പി; മോഡിക്കെതിരെ രാഹുല്‍ കസറി

വിലക്കയറ്റത്തിനെതിരെ പ്രതിഷേധം ഇരമ്പി; മോഡിക്കെതിരെ രാഹുല്‍ കസറി

രണ്ട് വ്യവസായികളാണ് മോഡി സര്‍ക്കാരിന്റെ ഗുണഭോക്താക്കളെന്ന് രാഹുല്‍ ഗാന്ധി.

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നയങ്ങള്‍ രണ്ട് വന്‍കിട വ്യവസായികള്‍ക്ക് മാത്രമാണ് ഗുണം ചെയ്യുന്നതെന്നും ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്ത് വെറുപ്പും വിദ്വേഷവും വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിലക്കയറ്റത്തിനെതിരെ ഡല്‍ഹി രാംലീല മൈതാനത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച 'ഹല്ലാ ബോല്‍' റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

'ബിജെപിയും ആര്‍എസ്എസും രാജ്യത്തെ വിഭജിക്കുന്നു. അവര്‍ ഭയം വളര്‍ത്തി ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. ഈ ഭയത്തിന്റെ പ്രയോജനം ലഭിക്കുന്നത് ആര്‍ക്കാണ്? പാവപ്പെട്ടവര്‍, കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍ ഇവരില്‍ ആര്‍ക്കെങ്കിലുമാണോ മോഡി സര്‍ക്കാരില്‍ നിന്ന് പ്രയോജനം ലഭിക്കുന്നത്? വെറുപ്പിന്റേയും ഭയത്തിന്റേയും ഗുണം ലഭിക്കുന്നത് രണ്ട് കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമാണ്. അവരുടെ പിന്തുണയില്ലാതെ മോഡിക്ക് പ്രധാനമന്ത്രിയാകാന്‍ സാധിക്കില്ല' - രാഹുല്‍ പറഞ്ഞു.

റോഡും വിമാനത്താവളങ്ങളും ഒന്നൊന്നായി പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളായ രണ്ട് വ്യവസായികള്‍ വാങ്ങിക്കൂട്ടുകയാണ്. ഇവര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നു. നരേന്ദ്ര മോഡി രാജ്യത്തെ പിന്നോട്ടടിക്കുകയാണെന്നും അതിന്റെ ഗുണം ലഭിക്കുന്നത് ചൈനയ്ക്കും പാകിസ്ഥാനുമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം ഏഴിന് കന്യാകുമാരിയില്‍ നിന്ന് ആരംഭിക്കുന്ന 'ഭാരത് ജോഡോ' യാത്രയിലൂടെ തെരുവിലിറങ്ങാന്‍ ആളുകളോട് രാഹുല്‍ ആഹ്വാനം ചെയ്തു. ഒരു ഭാഗത്ത് ജനങ്ങള്‍ തൊഴിലില്ലായ്മ മൂലം ബുദ്ധിമുട്ടനുഭവിക്കുമ്പോള്‍ മറുഭാഗത്ത് അവരെ വിലക്കയറ്റം ദുരിതത്തിലാക്കുന്നു.

കോണ്‍ഗ്രസ് രാജ്യം ഭരിക്കുന്ന കാലയളവിലൊന്നും ഇല്ലാത്ത പ്രയാസത്തിലാണ് സാധാരണ ജനങ്ങള്‍. കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തിന് മാത്രമേ രാജ്യത്തെ പുരോഗതിയിലേക്ക് കൊണ്ടുവരാന്‍ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിലക്കയറ്റമാണോ വിദ്വേഷമാണോ രാജ്യത്തെ ശക്തിപ്പെടുത്തുന്നതെന്ന് എനിക്ക് നിങ്ങളോട് ചോദിക്കേണ്ടതുണ്ട്. നരേന്ദ്ര മോഡിയും ബിജെപിയും രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയാണ്. മറുവശത്ത് കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

ഞങ്ങള്‍ വിദ്വേഷം ഇല്ലാതാക്കുന്നു. വിദ്വേഷം ഇല്ലാതാക്കുമ്പോള്‍ രാജ്യം അതിവേഗം നീങ്ങും. അതാണ് കോണ്‍ഗ്രസ് പ്രത്യയശാസ്ത്രമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയില്‍ വന്‍ ജനക്കൂട്ടമാണ് കോണ്‍ഗ്രസ് റാലിക്കെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.