തിരുവനന്തപുരം: നെടുമങ്ങാട് പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍പെട്ട ആറു വയസുകാരി മരിച്ചു. നസ്രിയ ഫാത്തിമയാണ് മരിച്ചത്. നസ്രിയ്‌ക്കൊപ്പം കാണാതായ ഷാനിയ്ക്കായി (33) തെരച്ചില്‍ തുടരുകയാണ്. മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നസ്രിയയുടെ ബന്ധുവാണ് ഷാനി. ഒഴുക്കില്‍പെട്ട നസ്രിയയെ വെള്ളച്ചാട്ടത്തില്‍ നിന്നും ഒരു കിലോമീറ്ററോളം അകലെ നിന്നാണ് കണ്ടെത്തിയത്. കരയ്‌ക്കെത്തിച്ചപ്പോള്‍ ജീവനുണ്ടായിരുന്നെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്ന നസ്രിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
മങ്കയം വെള്ളച്ചാട്ടത്തില്‍ ഇന്ന് വൈകിട്ട് ആറോടെയാണ് അപകടമുണ്ടായത്. മങ്കയം വാഴത്തോപ്പ് ഭാഗത്തെ കുളിക്കടവില്‍ കുളിക്കുന്നതിനിടെയാണ് അപകടം. നെടുമങ്ങാട് നിന്നുള്ള മൂന്ന് കുടുംബത്തിലെ അംഗങ്ങളായ പത്ത് പേരാണ് പുഴയില്‍ കുളിക്കുന്നതിനിടെ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്.
രക്ഷപ്രവര്‍ത്തകര്‍ ഇതില്‍ എട്ട് പേരെ കരയില്‍ എത്തിച്ചെങ്കിലും നസ്രിയയും ഷാനിയും ഒഴുക്കില്‍പ്പെടുകയായിരുന്നു. നസ്‌റിയയുടെ മൃതദേഹം പാലോട് സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
അതേസമയം അട്ടപ്പാടി ആനക്കട്ടി തൂവയില്‍ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട് കാര്‍ ഒഴുകിപ്പോയി. തമിഴ്നാട് സ്വദേശി കീര്‍ത്തി രാജിന്റെ കാറാണ് ഒഴുക്കില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന കീര്‍ത്തി രാജിന്റെ ഭാര്യ പെട്ടെന്ന് ഇറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി.
ഇന്ന് വൈകിട്ടാണ് അപകടം ഉണ്ടായത്. തോടിന് കുറുകെയുള്ള ചെറിയ പാലത്തിലൂടെ വാഹനം കടന്നുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് കാര്‍ ഒഴുക്കില്‍പ്പെട്ടത്. വാഹനത്തിലുണ്ടായിരുന്നവര്‍ അല്‍പ സമയം പോലും പാഴാക്കാതെ ഡോര്‍ തുറന്ന് സുരക്ഷിത സ്ഥാനത്തേക്ക് ഓടിയതിനാല്‍ വലിയ അപകടം ഒഴിവായി. ഇവര്‍ ഇറങ്ങിയതിന് പിന്നാലെ കാര്‍ ദൂരേക്ക് ഒലിച്ചുപോകുകയായിരുന്നു.
സംസ്ഥാനത്ത് മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മഴ ശക്തമായിരുന്ന പ്രദേശങ്ങളില്‍ അതീവ ജാഗ്രത വേണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്പെടുന്നത് അനുസരിച്ച് അടുത്ത ദിവസങ്ങളില്‍ മഴ കനക്കാനും സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസം കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.