കടലില്‍ ചാടാനൊരുങ്ങിയ അമ്മയേയും മക്കളെയും ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റി; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി

കടലില്‍ ചാടാനൊരുങ്ങിയ അമ്മയേയും മക്കളെയും ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റി; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി

കാസര്‍ഗോഡ്: കടലില്‍ ചാടാനൊരുങ്ങിയ യുവതിയേയും മൂന്നു മക്കളെയും ജീവിതത്തിലേയ്ക്ക് കൈപിടിച്ച് കയറ്റിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ പൊലീസ് മേധാവിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി.

മേല്‍പ്പറമ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി. ഉത്തംദാസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ എം. രാജേന്ദ്രന്‍, കെ. രാമചന്ദ്രന്‍ നായര്‍, എ.ആര്‍ ക്യാമ്പിലെ സിപിഒമാരായ ജയേഷ് പല്ലത്ത്, ടോണി ജോര്‍ജ് എന്നിവര്‍ക്കാണ് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന മികച്ച സേവനത്തിനുള്ള സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചത്.

ജില്ലാ പൊലീസ് ഓഫിസില്‍ നടന്ന ചടങ്ങില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി പി.കെ സുധാകരന്‍, സീനിയര്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് സതീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

ഞായറാഴ്ചയാണ് ഉദുമ പഞ്ചായത്തിലെ യുവതി ഭര്‍ത്താവുമായുള്ള പ്രശ്‌നത്തില്‍ മക്കളെയും കൂട്ടി വീടുവിട്ടിറങ്ങിയത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായതിനാല്‍ ബന്ധുക്കള്‍ക്ക് ബന്ധപ്പെടാനായിരുന്നില്ല. സംശയം തോന്നിയ യുവതിയുടെ സഹോദരി മേല്‍പ്പറമ്പ് പൊലീസിന്റെ സഹായം തേടുകയായിരുന്നു.

കാണാതായവരുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ പൊലീസ് ജില്ലയിലെ മുഴുവന്‍ സ്റ്റേഷനിലേക്കും സന്ദേശം കൈമാറി. മേല്‍പ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ടി. ഉത്തംദാസ് ഡ്യൂട്ടിയിലുണ്ടായിരുന്ന രാജേന്ദ്രനേയും രാമചന്ദ്രനെയും അന്വേഷണത്തിന് അയയ്ക്കുകയും യുവതിയും കുട്ടികളും ഓട്ടോറിക്ഷയില്‍ കയറിപ്പോയതായി മനസിലാക്കുകയും ചെയ്തു.

അന്വേഷണത്തിനൊടുവില്‍ കീഴൂര്‍ ചെമ്പരിക്ക കടുക്കക്കല്ലിന് സമീപം ഇവര്‍ എത്തിയതായി വിവരം ലഭിച്ചു. ഇന്‍സ്‌പെക്ടറുടെ നിര്‍ദേശ പ്രകാരം ഫ്‌ളൈയിങ് സ്‌ക്വാഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജയേഷ്, ടോണി ജോര്‍ജ് എന്നിവര്‍ ചെമ്പരിക്കയിലേക്ക് തിരിച്ചു.

കുതിച്ചെത്തിയ പൊലീസ് കണ്ടത് പാറയിടുക്കില്‍ കടലില്‍ ചാടാന്‍ തയ്യാറായി നില്‍ക്കുന്ന യുവതിയേയും മൂന്നു മക്കളെയുമാണ്. ക്ഷമയോടെ സാന്ത്വനിപ്പിച്ച് അവരെ കല്ലിനു മുകളില്‍ നിന്ന് താഴെയിറക്കിയ പൊലീസും സ്ഥലത്തുണ്ടായിരുന്ന ചെമ്മനാട് പഞ്ചായത്തിലെ ഹരിത കര്‍മസേനാംഗങ്ങളും ചേര്‍ന്ന് കുടുംബത്തെ സമാശ്വസിപ്പിച്ചു.

പിന്നീട് പൊലീസ് ജീപ്പില്‍ കയറ്റി മേല്‍പ്പറമ്പ് സ്റ്റേഷനിലെത്തിച്ച് കാണ്‍സലിങ് നല്‍കി അമ്മയേയും കുഞ്ഞുങ്ങളേയും ബന്ധുക്കളെ വിളിച്ചു വരുത്തി വീട്ടിലേക്ക് തിരികെ അയയ്ക്കുകയായിരുന്നു.

സംഭവം അറിഞ്ഞ് നിരവധി സുമനസുകള്‍ പാവപ്പെട്ട കുടുംബത്തിന് സഹായ വാഗ്ദാനങ്ങളുമായി മുന്നോട്ടു വന്നിട്ടുണ്ട്. സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, പഞ്ചായത്ത് അധികൃതര്‍ എന്നിവരുമായി ചേര്‍ന്ന് സ്ത്രീയുടെയും മക്കളുടെയും പ്രതിസന്ധിയ്ക്ക് പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് മേല്‍പ്പറമ്പ് പൊലീസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.