തിരുവനന്തപുരം : രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് കന്യാകുമാരിയിലെ അഗസ്തീശ്വരത്ത് നിന്ന് പുനരാരംഭിക്കും. രാവിലെ ഏഴുമണിക്കാണ് പദയാത്ര ആരംഭിക്കുന്നത്. 10 മണിക്ക് ശുചീന്ദ്രത്ത് ആദ്യഘട്ടം സമാപിക്കും. വൈകിട്ട് നഗർകോവിലിലാണ് ഇന്നത്തെ പര്യടനം സമാപിക്കുക. 11 ആം തീയതി പദയാത്ര കേരളത്തിലേക്ക് കടക്കും.
ദേശീയ നേതൃത്വം നിയമിച്ചവരും പി.സി.സികൾ നിയമിച്ചവരുമായ മുന്നൂറോളം സ്ഥിരം അംഗങ്ങൾ രാഹുൽ ഗാന്ധിക്കൊപ്പം പദയാത്രയെ അനുഗമിക്കും. രാവിലെ പത്തിനും വൈകിട്ട് നാലിനും ഇടയിൽ പൗരപ്രമുഖരുമായും സാധാരണക്കാരുമായും രാഹുൽഗാന്ധി സംവദിക്കും.
ശ്രീ പെരുമ്പത്തൂരിലെ രാജിവ് ഗാന്ധി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് രാഹുൽ ഗാന്ധി കന്യാകുമാരിയിലെത്തിയത്. ഭാരത് ജോഡോ യാത്ര ഇന്ത്യൻ രാഷ്ട്രീയ നവോത്ഥാനത്തിൻ്റെ പ്രധാനപ്പെട്ട നിമിഷമാണെന്ന കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ സന്ദേശം വേദിയിൽ വായിച്ചു. ഈ യാത്ര കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപ്പ് ആണ്. ഇന്ത്യൻ രാഷ്ട്രീയത്തിലെ മാറ്റത്തിന്റെ തുടക്കമാണെന്നും സോണിയ പ്രതീക്ഷ പങ്കുവെച്ചു.
എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് തുടങ്ങിയ നേതാക്കളും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ട്. മുതിർന്ന നേതാക്കളടക്കം 117 സ്ഥിരം അംഗങ്ങളാണ് പദയാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പമുളളത്. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെ കടന്നുപോകും. ജാഥയുടെ ഭാഗമായി രാജ്യത്തെ 22 നഗരങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.