14500 'പി.എം ശ്രീ' സ്‌കൂളുകള്‍ക്ക് കേന്ദ്ര അംഗീകാരം; 27360 കോടിയുടെ സഹായം, 18 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഗുണം

14500 'പി.എം ശ്രീ' സ്‌കൂളുകള്‍ക്ക് കേന്ദ്ര അംഗീകാരം;  27360 കോടിയുടെ സഹായം, 18 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഗുണം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി സ്കൂള്‍സ് ഫോര്‍ റൈസിങ് ഇന്ത്യ (പി.എം ശ്രീ) സ്കൂളുകള്‍ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. രാജ്യമെമ്പാടുമുള്ള 14,500 സര്‍ക്കാര്‍ സ്കൂളുകള്‍ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2022-23 മുതല്‍ അഞ്ചുവര്‍ഷത്തേക്ക് 27,360 കോടിരൂപ ചെലവിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. മൊത്തം ചെലവിന്റെ 66 ശതമാനം (18,128 കോടിരൂപ) കേന്ദ്രം വഹിക്കും.

സമഗ്രശിക്ഷ പദ്ധതി, കേന്ദ്രീയവിദ്യാലയ സംഘടന്‍, നവോദയ വിദ്യാലയസമിതി എന്നിവയിലൂടെയാകും പദ്ധതി നടപ്പാക്കുക. നിലവിലെ സര്‍ക്കാര്‍ സ്കൂളുകളെ മെച്ചപ്പെടുത്തി സമഗ്രവും ആധുനികവും ദേശീയ വിദ്യാഭ്യാസ നയത്തിന് (എന്‍.ഇ.പി.) അനുസൃതവുമായ പഠനരീതി ഇവയില്‍ നടപ്പാക്കും.

പദ്ധതി 18 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് ഗുണം ചെയ്യുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ദേശീയ വിദ്യാഭ്യാസനയം പ്രകാരം വൈവിധ്യമാര്‍ന്ന പശ്ചാത്തലത്തില്‍ നിന്ന് വരുന്ന കുട്ടികളെയും വ്യത്യസ്തഭാഷ സംസാരിക്കുന്നവരെയും വിവിധ പഠന കഴിവുള്ളവരെയും ഉള്‍ക്കൊള്ളുന്ന സ്കൂള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്ന ഗുണനിലവാരമുള്ള പഠനം ഉറപ്പാക്കും.

സമീപത്തെ മറ്റ് സ്കൂളുകള്‍ക്ക് മാതൃകയായി പ്രവര്‍ത്തിക്കും. മറ്റുള്ളവയെ മെച്ചപ്പെടുത്താന്‍ മാര്‍ഗദര്‍ശനം നല്‍കും. അധ്യാപന രീതി കൂടുതല്‍ അനുഭവവേദ്യവും സമഗ്രവുമാക്കും. ചെറുപ്രായങ്ങളില്‍ കൂടുതല് കളികളും കളിക്കോപ്പുകളും ഉപയോഗിച്ചുള്ള പഠനരീതിയാക്കും. ജോലിസാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ സ്കില്‍ കൗണ്‍സിലുകളുമായി സ്കൂളുകളെ ബന്ധിപ്പിക്കും. ഓരോ ബ്ലോക്കില്‍നിന്നും പരമാവധി ഒരു പ്രാഥമിക വിദ്യാലയവും ഒരു ഹയര്‍സെക്കന്‍ഡറി സ്കൂളുമാകും തിരഞ്ഞെടുക്കപ്പെടുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.