ലണ്ടന്‍: ഏഴു പതിറ്റാണ്ടിലധികം ബ്രിട്ടന്റെ സിംഹാസനത്തിലിരുന്ന എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് നടപടിക്രമങ്ങളേറെ. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങുകള്‍ക്കാണ് ലോകം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. 1960-കള്‍ക്ക് ശേഷം ഇതാദ്യമായാണ് ഇത്തരം ചടങ്ങുകള്‍ ബ്രിട്ടണില്‍ നടക്കുന്നത്. പത്തു ദിവസത്തേക്ക് യു.കെയില്‍ ഔദ്യോഗിക ദുഃഖാചരണമാണ്. പാര്‍ലമെന്റിലേത് അടക്കം ഔദ്യോഗിക പരിപാടികള്‍ മാറ്റിവച്ചു.
ഇന്നലെ രാത്രി സ്‌കോട്ലന്‍ഡിലെ ബാല്‍മൊറല്‍ കൊട്ടാരത്തില്‍ രാജകുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു എലിസബത്ത് രാജ്ഞിയുടെ അന്ത്യം. രാജകുടുംബമാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്റെ സിംഹാസനത്തില്‍ തുടര്‍ന്ന ഭരണാധികാരിയായ എലിസബത്ത് രാജ്ഞി വിടവാങ്ങിയത് കിരീടധാരണത്തിന്റെ എഴുപതാം വര്‍ഷത്തിലാണ്.
രാജ്ഞിയുടെ മരണശേഷം നിമിഷങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുന്ന നടപടിക്രമങ്ങള്‍ അവസാനിക്കുന്നത് പത്താം ദിവസത്തെ മൃതസംസ്‌കാരത്തോടെയാണ്. രാജ്ഞിയുടെ മരണദിവസം ഡി-ഡേ എന്നാണ് അറിയപ്പെടുന്നത്. അതിനു ശേഷമുള്ള ഓരോ ദിവസവും ഡി+1, ഡി+2 എന്നിങ്ങനെ സൂചിപ്പിക്കും. രാജ്ഞിയുടെ സംസ്‌കാര ദിവസം ഡി+10 എന്നും. ഈ ദിവസങ്ങളില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് ചേരില്ല.

എലിസബത്ത് രാജ്ഞിയുടെ മരണവാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് ബക്കിംഗ്ഹാം കൊട്ടാരത്തിന് പുറത്ത് തടിച്ചുകൂടിയ ആളുകള്‍
രാജ്ഞിയുടെ മരണം സ്ഥിരീകരിച്ചാല്‍ അത് പൊതുജനത്തെ അറിയിക്കുന്നതിനും മറ്റു ചടങ്ങുകള്‍ക്കും കൃത്യമായ പ്രോട്ടോക്കോള്‍ നിലവിലുണ്ട്. രാജ്ഞിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രധാനമന്ത്രിയെ വിളിക്കുകയും 'ലണ്ടന്‍ ബ്രിഡ്ജ് ഈസ് ഡൗണ്‍' എന്ന കോഡ് അറിയിക്കുന്നതുമാണ് ആദ്യഘട്ടം. രാജ്ഞി മരിച്ചു എന്നതിന്റെ കോഡാണ് 'ലണ്ടന്‍ ബ്രിഡ്ജ് ഈസ് ഡൗണ്‍'.
ഈ സന്ദേശം ലഭിക്കുന്നതോടെ പ്രധാനമന്ത്രി രാജ്ഞിയുടെ മരണവാര്‍ത്ത ഔദ്യോഗികമായി അറിയിക്കും. രാജ്ഞിയുടെ അധികാരപരിധിയിലെ 15 സര്‍ക്കാരുകള്‍ക്കും കോമണ്‍വെല്‍ത്തിലെ മറ്റു അംഗരാജ്യങ്ങള്‍ക്കും വിവരം കൈമാറും. പിന്നാലെ യു.കെ. പ്രസ് അസോസിയേഷനും മാധ്യമങ്ങള്‍ക്കും മരണവാര്‍ത്ത അയച്ചുനല്‍കും. ദുഃഖസൂചകമായി എല്ലായിടത്തും പതാക പകുതി താഴ്ത്തുകയും മണികള്‍ മുഴക്കുകയും ചെയ്യും. ഇതെല്ലാം ഇതിനോടകം ചെയ്തുകഴിഞ്ഞു.
വെസ്റ്റ്മിനിസ്റ്റര്‍ ഹാളിലായിരിക്കും സംസ്‌കാരച്ചടങ്ങുകള്‍ നടക്കുന്നത്. മരണശേഷം നാലു ദിവസം കഴിഞ്ഞായിരിക്കും ബക്കിങ്ങാം കൊട്ടാരത്തില്‍നിന്നു ഭൗതിക ശരീരം വെസ്റ്റ് മിനിസ്റ്റര്‍ ഹാളിലെത്തിക്കുന്നത്. എഡിന്‍ബര്‍ഗിലെ റോയല്‍ മൈലിലുള്ള സെന്റ് ഗൈല്‍സ് കത്തീഡ്രലിലേക്കുള്ള ആചാരപരമായ ഘോഷയാത്രയും ചടങ്ങില്‍ ഉള്‍പ്പെടുന്നു.
2012 മാര്‍ച്ച് ഏഴിന് ലണ്ടനിലെ സെന്റ് പോള്‍സ് കത്തീഡ്രലില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ എലിസബത്ത് രാജ്ഞി
ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി നാലു ദിവസം ഇവിടെ ഭൗതിക ശരീരം സൂക്ഷിക്കും. വിന്‍ഡ്‌സര്‍ കോട്ടയില്‍ ഭര്‍ത്താവ് ഫിലിപ് രാജകുമാരനെയും പിതാവ് ജോര്‍ജ് ആറാമനെയും അടക്കം ചെയ്തിരിക്കുന്നതിനു സമീപത്തായിരിക്കും എലിസബത്ത് രാജ്ഞിയെയും അടക്കം ചെയ്യുക. ബക്കിങ്ങാം കൊട്ടാരത്തിനു പുറത്തെവിടെയെങ്കിലുമാണു മരണം സംഭവിക്കുന്നതെങ്കില്‍ പാലിക്കേണ്ട നടപടിക്രമങ്ങളും രേഖപ്പെടുത്തിവച്ചിട്ടുണ്ട്. ബാല്‍മൊറലിലെ വസതിയിലാണ് നിലവില്‍ രാജ്ഞിയുടെ മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്.
യുകെയുടെ ദേശീയ മാധ്യമമായ ബിബിസിയിലൂടെയാണ് (ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍) വിവരങ്ങള്‍ പുറത്തുവിടുന്നത്. മരണവാര്‍ത്ത ഒഴികെയുള്ള മറ്റു പരിപാടികളുടെ സംപ്രേക്ഷണം നിര്‍ത്തിവച്ചു. കറുത്ത വസ്ത്രമണിഞ്ഞെത്തുന്ന അവതാരകരാണ് രാജ്ഞിയുടെ മരണവാര്‍ത്ത ബി.ബി.സിയില്‍ വായിക്കുന്നത്. ഇതോടൊപ്പം ബിബിസിയുടെ ലോഗോ അടക്കമുള്ളവ കറുത്ത നിറത്തിലേക്ക് മാറുകയും ചെയ്യും. പിന്നീടങ്ങോട്ട് ദിവസങ്ങളോളം ബിബിസി അടക്കമുള്ള രാജ്യത്തെ മറ്റു ടെലിവിഷന്‍ ചാനലുകളിലും റേഡിയോകളിലും രാജ്ഞിയുടെ മരണാനന്തര ചടങ്ങുകളുടെ സമ്പൂര്‍ണ കവറേജാകും ഉണ്ടായിരിക്കുക.
എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ മകന്‍ ചാള്‍സ് (73) ബ്രിട്ടന്റെ പുതിയ രാജാവാകും. 'കിങ് ചാള്‍സ് III' എന്നാണ് ഇനി അദ്ദേഹം അറിയപ്പെടുക. സ്ഥാനാരോഹണത്തിന്റെ സമയവും ദിവസവും തീരുമാനിച്ചിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.