ലോണ്‍ ആപ്പ് സംഘം യുവതിയുടേയും കുട്ടികളുടേയും ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; നാലംഗ കുടുംബം ജീവനൊടുക്കി

ലോണ്‍ ആപ്പ് സംഘം യുവതിയുടേയും കുട്ടികളുടേയും ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; നാലംഗ കുടുംബം ജീവനൊടുക്കി

ബെംഗളൂരു: അനധികൃത ലോണ്‍ ആപ്പ് സംഘം യുവതിയുടേയും കുട്ടികളുടേയും ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതില്‍ മനംനൊന്ത് ആന്ധ്രയില്‍ നാലംഗ കുടുംബം ആത്മഹത്യ ചെയ്തു. ശാന്തി നഗര്‍ സ്വദേശികളായ രമ്യ ലക്ഷ്മി, ഭര്‍ത്താവ് കൊല്ലി ദുര്‍ഗാ റാവു മക്കളായ നാഗസായി, വിഖിത ശ്രീ എന്നവരാണ് ജീവനൊടുക്കിയത്.

രണ്ട് മാസം മുമ്പാണ് ഇവര്‍ മുപ്പതിനായിരം രൂപ ലോണ്‍ ആപ്പ് സംഘത്തില്‍ നിന്നും വാങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലായി പതിനായിരം രൂപ കുടുംബം തിരികെ അടച്ചു. എന്നാല്‍ തുക പലിശയടക്കം വീണ്ടും ഉയര്‍ന്നു. തിരികെ അടക്കാന്‍ കഴിയാതെ വന്നതോടെ ലോണ്‍ ആപ്പ് സംഘം രമ്യ ലക്ഷ്മിയുടേയും മക്കളുടേയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു.

വീട്ടമ്മയുടെയും കുട്ടികളുടേയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വാട്‌സ് ആപ്പ് വഴിയാണ് ഇവരുടെ ബന്ധുക്കള്‍ക്ക് അയച്ചത്. ഇതിന്റെ മനോവിഷമത്തിലാണ് കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്തത്.

അതേസമയം രാജ്യത്ത് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകളെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. നിയമവിധേയമായല്ലാതെ പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകളെ തടയും. ഇതിനായി ആദ്യം നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ആപ്പുകളുടെ പട്ടിക തയ്യാറാക്കാനാണ് നീക്കം.

പട്ടിക തയ്യാറാക്കാന്‍ ആര്‍ബിഐയോട് ധനമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. നടപടിയുടെ ഭാഗമായി ആപ്പ് സ്റ്റോറുകളില്‍ നിന്ന് മറ്റെല്ലാ നിയമ വിരുദ്ധ ആപ്പുകളും നീക്കാന്‍ നടപടിയെടുക്കും. ഇക്കാര്യം ഉറപ്പു വരുത്താന്‍ ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ലോണ്‍ നല്‍കുമ്പോള്‍ ബാങ്കുകള്‍ക്കും ഇടപാടുകാരുമിടയില്‍ ഇടനില നില്‍ക്കാന്‍ മാത്രമാണ് ലോണ്‍ ആപ്പുകള്‍ക്ക് അനുമതിയുള്ളത്. ഇങ്ങനെ നിയമപരമായി പ്രവര്‍ത്തിക്കുന്ന ആപ്പുകളുടെ പട്ടിക തയ്യാറാക്കാന്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടു. സ്വന്തം നിലയ്ക്ക് പണം നല്‍കുന്ന ആപ്പുകളെ നിയമവിരുദ്ധമായി കണക്കാക്കി നടപടി സ്വീകരിക്കും.
ആപ്പുകള്‍ മറയാക്കുന്ന ധനകാര്യ സ്ഥാപനങ്ങളുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടിയുണ്ടാകും. ഇഡി അടക്കം കേന്ദ്ര ഏജന്‍സികള്‍ ആപ്പുകള്‍ക്കെതിരായ അന്വേഷണം ശക്തമാക്കണമെന്നും ധനകാര്യമന്ത്രാലയം ശുപാര്‍ശ ചെയ്തിട്ടുണ്ട്. ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്തത്.

സര്‍പേ, പേടിഎം, ക്യാഷ് ഫ്രീ തുടങ്ങിയ ഓണ്‍ലൈന്‍ പേയ്മെന്റ് ആപ്പുകളുടെ ബെഗളൂരു ഓഫീസില്‍ കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. നിയമവിരുദ്ധമായി നടത്തുന്ന ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായായി ആയിരുന്നു നടപടി. ചൈനീസ് നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ വ്യാപാരി ഐഡികളിലും ബാങ്ക് അക്കൗണ്ടുകളിലും സൂക്ഷിച്ചിരുന്ന 17 കോടി രൂപയുടെ ഫണ്ട് റെയ്ഡുകളില്‍ പിടിച്ചെടുത്തതായി അന്വേഷണ ഏജന്‍സി പിന്നീട് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.