ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടര്‍ന്ന് ബ്രിട്ടന്റെ അടുത്ത രാജാവായി ചാള്‍സ് ഔദ്യോഗികമായി അധികാരമേറ്റു. ലണ്ടനിലെ സെന്റ് ജെയിംസ് പാലസിലെ സ്റ്റേറ്റ് അപ്പാര്‍ട്ടുമെന്റില്‍ ശനിയാഴ്ച രാവിലെ ഒന്‍പതിനായിരുന്നു പ്രഖ്യാപനം. രാജാവിനെ പ്രഖ്യാപിക്കുന്ന ആക്‌സെഷന്‍ കൗണ്‍സിലിന്റെ പ്രതിനിധിയാണ് എഴുപത്തിമൂന്നുകാരനായ ചാള്‍സിനെ പുതിയ രാജാവായി പ്രഖ്യാപിച്ചത്. പിന്നാലെ ലണ്ടനില്‍ പ്രിവി കൗണ്‍സിലിന് മുന്നില്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.
ചാള്‍സിന്റെ ഭാര്യ കാമില്ല സാക്ഷിയായി ഒപ്പിട്ടു. തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്, കാന്റര്‍ബറിയിലെയും യോര്‍ക്കിലെയും ആര്‍ച്ച് ബിഷപ്പുമാര്‍ എന്നിവരും പ്രഖ്യാപനത്തില്‍ ഒപ്പുവയ്ച്ചു. രാജാവായി പ്രഖ്യാപിക്കപ്പെട്ടതോടെ കിംഗ് ചാള്‍സ് മൂന്നാമന്‍ എന്നാകും ഇനി അദ്ദേഹം അറിയപ്പെടുക.
രാജാവായി ചുമതലയേറ്റതിന് പിന്നാലെ അക്‌സെഷന്‍ കൗണ്‍സിലിന് അഭിസംബോധന ചെയ്ത ചാള്‍സ് മൂന്നാമന്‍ രാജാവ് പ്രസംഗത്തില്‍ എലിസബത്ത് രാജ്ഞിയെ അനുസ്മരിച്ചു. സ്‌നേഹത്തിന്റെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും പ്രതീകമായിരുന്നു എലിസബത്ത് രാജ്ഞിയെന്ന് അദ്ദേഹം പറഞ്ഞു. അമ്മയുടെ ശൈലി പിന്തുടരുമെന്നും ചാള്‍സ് മൂന്നാമന്‍ രാജാവ് പ്രഖ്യാപിച്ചു.
700 ഓളം പേര്‍ പങ്കെടുത്ത ചടങ്ങിലാണ് ചാള്‍സിന്റെ സ്ഥാനാരോഹണം നടന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റ് ചേര്‍ന്ന് എംപിമാര്‍ പിന്തുണ അറിയിക്കുന്നതോടെ ചടങ്ങുകള്‍ പൂര്‍ത്തിയാകും. ഞായറാഴ്ച ചാള്‍സ് രാജാവും ക്വീന്‍സ് കണ്‍സോര്‍ട്ട് കാമിലയും ഹോളിറൂഡിലെ വസതിയിലെത്തി റോയല്‍ സല്യൂട്ട് ഏറ്റുവാങ്ങും. എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ചാള്‍സ് നേരത്തെ തന്നെ രാജ ചുമതലകള്‍ ഏറ്റെടുത്തിരുന്നു.
ചാള്‍സ് രാജാവായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ, താഴ്ത്തിക്കെട്ടിയ ബ്രിട്ടീഷ് പതാക വീണ്ടും ഉയര്‍ത്തി. നാളെ പതാക വീണ്ടും താഴ്ത്തി കെട്ടും. എലിസബത്ത് റാണിയുടെ മരണത്തോടെയാണ് പതാക താഴ്ത്തി കെട്ടിയിരുന്നത്. ബ്രിട്ടന്റെ ചരിത്രത്തില്‍ ആദ്യമായി രാജാവിനെ പ്രഖ്യാപിക്കുന്ന അക്‌സെഷന്‍ കൗണ്‍സില്‍ ചടങ്ങുകള്‍ തത്സമയം കാണിക്കുന്നതിനും ലോകം സാക്ഷ്യം വഹിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.