എലിസബത്ത് രാജ്ഞിയുടെ മൃതദേഹം ഇന്ന് ബ്രിട്ടണിലെത്തിക്കും: സംസ്‌കാരം 19ന്; എട്ട് ദിവസം വിപുലമായ ചടങ്ങുകള്‍

എലിസബത്ത് രാജ്ഞിയുടെ മൃതദേഹം ഇന്ന് ബ്രിട്ടണിലെത്തിക്കും: സംസ്‌കാരം 19ന്; എട്ട് ദിവസം വിപുലമായ ചടങ്ങുകള്‍

ലണ്ടന്‍: അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ മൃതദേഹം ഇന്ന് ബ്രിട്ടണിലെത്തിക്കും. സ്‌കോട്ട്‌ലാന്‍ഡിലെ ബാല്‍മോറല്‍ പാലസില്‍ നിന്നും റോഡ് മാര്‍ഗമാണ് എഡിന്‍ബര്‍ഗിലെത്തിക്കുക. മൃതദേഹം റോഡ് മാര്‍ഗം കൊണ്ടു പോകുമ്പോള്‍ പൊതു ജനങ്ങള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ സൗകര്യം ഉണ്ടാകും. എലിസബത്ത് രാജ്ഞിയുടെ മകളായ ആന്‍ രാജകുമാരി മൃതദേഹത്തെ അനുഗമിക്കും. ഈ മാസം 19-ന് വെസ്റ്റ്മിന്‍സ്റ്റര്‍ ആബേയില്‍ വച്ചാണ് സംസ്‌കാരം.

ബ്രിട്ടീഷ് സമയം രാവിലെ 11നാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ഇതിന് മുന്‍പ് പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി മൃതദേഹം നാല് ദിവസം വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ബാല്‍മോറല്‍ കൊട്ടാരത്തിലെ ബോള്‍റൂമിലാണ് നിലവില്‍ രാജ്ഞിയുടെ മൃതദേഹമുള്ളത്. എഡിന്‍ബര്‍ഗിലെത്തിക്കുന്ന മൃതദേഹം തിങ്കളാഴ്ച ഉച്ചവരെ കൊട്ടാരത്തിലെ സിംഹാസന മുറിയില്‍ വയ്ക്കും.

സ്‌കോട്ട്ലന്‍ഡിലെ ജനങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി എലിസബത്ത് രാജ്ഞിയുടെ മൃതദേഹം സെന്റ് ഗൈല്‍സ് കത്തീഡ്രലില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ചൊവ്വാഴ്ച ഉച്ചയോടെ റോയല്‍ എയര്‍ഫോഴ്‌സ് വിമാനത്തില്‍ എഡിന്‍ബര്‍ഗ് വിമാനത്താവളത്തില്‍ നിന്ന് തിരിച്ച് വൈകുന്നേരത്തോടെ ആര്‍.എ.എഫ് നോര്‍ത്തോള്‍ട്ട് റോയല്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ എത്തിക്കും. തുടര്‍ന്ന് റോഡ് മാര്‍ഗം ബക്കിങ്ഹാം കൊട്ടാരത്തിലെത്തിക്കുന്ന മൃതദേഹം ബോ റൂമില്‍ വയ്ക്കും.

ബുധനാഴ്ച ഉച്ചതിരിഞ്ഞ്, ഭൗതികദേഹം ബക്കിങ്ഹാം കൊട്ടാരത്തില്‍ നിന്ന് കിങ്സ് ട്രൂപ്പ് റോയല്‍ ഹോഴ്‌സ് ആര്‍ട്ടിലറിയുടെ വാഹനത്തില്‍ വിലാപയാത്രയോടെ വെസ്റ്റ്മിന്‍സ്റ്റര്‍ കൊട്ടാരത്തിലെത്തിക്കും. അവിടെ ഹാളില്‍ സംസ്‌കാര ദിവസം രാവിലെ വരെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ക്വീന്‍സ് ഗാര്‍ഡന്‍സ്, ദി മാള്‍, ഹോഴ്‌സ് ഗാര്‍ഡ്‌സ് ആന്‍ഡ് ഹോഴ്‌സ് ഗാര്‍ഡ്‌സ് ആര്‍ച്ച്, വൈറ്റ്ഹാള്‍, പാര്‍ലമെന്റ് സ്ട്രീറ്റ്, പാര്‍ലമെന്റ് സ്‌ക്വയര്‍, ന്യൂ പാലസ് യാര്‍ഡ് എന്നിവിടങ്ങളിലൂടെയാകും വിലാപയാത്ര കടന്നുപോവുക.

മൃതദേഹപേടകം വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ എത്തിയ ശേഷം, കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് വെസ്റ്റ്മിന്‍സ്റ്റര്‍ ഡീന്‍ റവ. ഡോ. ഡേവിഡ് ഹോയിലിന്റ് നേതൃത്വത്തില്‍ ശുശ്രൂഷ നടത്തും. രാജാവും രാജകുടുംബാംഗങ്ങളും ഇതില്‍ പങ്കെടുക്കും. ശേഷം പൊതുദര്‍ശനം ആരംഭിക്കും.

സെപ്റ്റംബര്‍ 19 ന് തിങ്കളാഴ്ച രാവിലെ പൊതുദര്‍ശനം അവസാനിക്കും. തുടര്‍ന്ന് ഭൗതികദേഹം വെസ്റ്റ്മിന്‍സ്റ്റര്‍ കൊട്ടാരത്തില്‍ നിന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ ആബേയിലേക്ക് കൊണ്ടുപോകും. അവിടെ സംസ്‌കാര ശുശ്രൂഷ നടക്കും. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം, മൃതദേഹം വെസ്റ്റ്മിന്‍സ്റ്റര്‍ ആബേയില്‍ നിന്ന് വെല്ലിങ്ടണ്‍ ആര്‍ച്ച് വരെ വിലാപയാത്രയോടെ കൊണ്ടുപോകും. വെല്ലിങ്ടണ്‍ ആര്‍ച്ചില്‍ നിന്ന്, ഭൗതിക ദേഹം വിന്‍ഡ്‌സറിലേക്ക് എത്തിക്കും.

അവിടെ എത്തിയാല്‍, സ്റ്റേറ്റ് ഹെയര്‍സില്‍ ലോങ് വാക്ക് വഴി വിന്‍സര്‍ കാസിലിലെ സെന്റ് ജോര്‍ജ് ചാപ്പലിലേക്ക് വിലാപയാത്രയായി പോകും. തുടര്‍ന്ന് സെന്റ് ജോര്‍ജ് ചാപ്പലില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷ നടക്കും. തുടര്‍ന്ന് എലിസബത്ത് രാജ്ഞിയുടെ മൃതദേഹം സംസ്‌കരിക്കുമെന്ന് രാജകുടുംബം അറിയിച്ചു.

എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ ഇന്ത്യ ഇന്ന് ദുഃഖാചരണം ആചരിക്കുകയാണ്. രാജ്ഞിയോടുള്ള ആദരസൂചകമായി ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. എല്ലാ സര്‍ക്കാര്‍ ആഘോഷ പരിപാടികളും ഇന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒരു ദിവസത്തെ ദുഃഖാചരണത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ നേരത്തെ അനുശോചനം രേഖപ്പെടുത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.