കണ്ണൂര്‍: ഇടയലേഖനത്തിലെ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി തലശേരി അതിരൂപത. ക്രിസ്ത്യന്‍ വിശ്വാസികളായ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടുള്ള പ്രണയക്കെണി യാഥാര്‍ത്ഥ്യം തന്നെയെന്ന് ആവര്‍ത്തിച്ച് തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് സഭ ഇക്കാര്യം പറയുന്നതെന്നും ബിഷപ്പ് വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത്.
പ്രണയക്കെണിയെക്കുറിച്ച് പരാമര്‍ശിക്കുന്നത് മതസ്പര്‍ധയായി കാണേണ്ടതില്ല. വഴിതെറ്റുന്ന മക്കളെക്കുറിച്ചുള്ള മാതാപിതാക്കളുടെ സങ്കടമാണ് പരാമര്‍ശിക്കുന്നത്. പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമല്ലാത്ത രീതിയില്‍ വഴിതെറ്റിക്കുന്ന പ്രണയം യഥാര്‍ത്ഥത്തില്‍ പ്രണയമല്ല. എത്ര പേര്‍ ഇത്തരം കെണിയില്‍പ്പെട്ടിട്ടുണ്ടെന്ന് കൃത്യമായ കണക്കുകള്‍ സഭയുടെ കൈവശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നത്. ഏതെങ്കിലും മതവിഭാഗത്തെ ലക്ഷ്യമിട്ടല്ല പരാമര്‍ശം നടത്തുന്നതെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഞായറാഴ്ച പള്ളികളില്‍ പ്രണയക്കെണി സംബന്ധിച്ചുള്ള ഇടയലേഖനം വായിച്ചിരുന്നു. ക്രിസ്ത്യന്‍ വിശ്വാസികളായ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രണയക്കെണി നിരവധി മാതാപിതാക്കളെ ദുഖത്തിലാഴ്ത്തിയെന്നും ഇത്തരം കെണികളില്‍ വീഴാതിരിക്കാന്‍ സഭ നിര്‍ദേശം നല്‍കുമെന്നും ഇടയലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു.
എട്ട് നോമ്പാചരണത്തിന്റെ ഭാഗമായി മാര്‍ ജോസഫ് പാംപ്ലാനി വിശ്വാസികള്‍ക്കായി എഴുതിയ ഇടയിലേഖനത്തിലാണ് പ്രണയക്കെണി പരാമര്‍ശം. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് മതതീവ്രവാദ സംഘടനകള്‍ ഒരുക്കുന്ന പ്രണയക്കുരുക്കുകള്‍ വര്‍ധിക്കുന്നു. ജന്മം നല്‍കി സ്‌നേഹിച്ചു വളര്‍ത്തിയ മക്കള്‍ മതതീവ്രവാദികളുടെ ചൂണ്ടയില്‍ കുരുങ്ങുമ്പോള്‍ നിസഹായരാകുന്ന മാതാപിതാക്കളുടെ സങ്കടം നോമ്പുകാലത്തിന്റെ പ്രാര്‍ഥന നിയോഗമായി സമര്‍പ്പിക്കണമെന്നും ഇടയലേഖനത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ചതിക്കുഴികളില്‍ വീണു പോകാതിരിക്കാനുള്ള ബോധവല്‍ക്കരണം അതിരൂപത മതപഠന കേന്ദ്രം ആവിഷ്‌കരിച്ചിട്ടുണ്ട്. എല്ലാവരും ഇത് പ്രയോജനപ്പെടുത്തണമെന്നും ഇടയലേഖനം ആഹ്വാനം ചെയ്യുന്നു. അതിരൂപത പുതുതായി ആരംഭിക്കുന്ന മൂന്ന് കര്‍മ്മ പദ്ധതികളില്‍ ഒന്ന് തീവ്രവാദികളില്‍ നിന്ന് മക്കളെ സംരക്ഷിക്കുവാനുള്ള പദ്ധതിയാണെന്നും ഇടയലേഖനത്തില്‍ പറയുന്നു.
ഇടയലേഖനം ചര്‍ച്ച ആയതോടെയാണ് കൂടുതല്‍ വ്യക്തത വരുത്തി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി തന്നെ രംഗത്തെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.