പാരീസ്: വ്യക്തമായ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നതിന് മുൻപേ കാൻസർ സാദ്ധ്യതകൾ മുൻകൂട്ടി കണ്ടെത്താൻ ഉതകുന്ന അതിനൂതനവും ലളിതവുമായ രക്തപരിശോധന സംവിധാനം വികസിപ്പിച്ച് ബ്രിട്ടീഷ് ശാസ്ത്രജ്ഞർ ലോകത്തിന് പ്രതീക്ഷയേകുന്നു. പ്രായഭേദമന്യേ അനേകരെ കാർന്നു തിന്നുന്ന കാൻസർ രോഗം മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള പുത്തൻ ചികിത്സ യുഗത്തിലേക്ക് പ്രവേശിക്കാൻ ശാസ്ത്രജ്ഞർ ബ്രിട്ടീഷ് ആരോഗ്യ മേഖലയ്ക്ക് നിർദ്ദേശം നൽകി.
രക്തത്തിൽ കാൻസർ ഡിഎൻഎകൾ തിരിച്ചറിയാൻ സഹായിക്കുന്ന ഗെല്ലേരി ടെസ്റ്റ് (Galleri test) എന്ന പാത്ത്ഫൈൻഡർ പഠനത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഒരു രക്തസാമ്പിളിൽ നിന്ന് വിവിധങ്ങളായ കാൻസറുകൾ ഉണ്ടാവുന്ന സിഗ്നലുകൾ കണ്ടെത്തി അതിവേഗം രോഗം നിർണയിക്കാനാകുമെന്നതാണ് ഇതിന്റെ സവിശേഷത. രക്തത്തിൽ ഇത്തരം സിഗ്നലുകൾ കണ്ടെത്തിയാൽ ശരീരത്തിലെ ഏത് അവയവത്തിനാണ് രോഗം വരുന്നതെന്ന് തിരിച്ചറിയാൻ ഈ പരിശോധന ഫലംകൊണ്ട് എളുപ്പമാകും. കാൻസർ രോഗ നിർണയത്തിന്റെ ഗതി തന്നെ മാറ്റുന്ന പുത്തൻ കണ്ടുപിടുത്തമായാണ് ഇംഗ്ലണ്ടിലെ നാഷണൽ ഹെൽത്ത് സർവീസ്(NHS) ഇതിനെ കാണുന്നതെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
പാത്ത്ഫൈൻഡർ പഠനത്തിനായി 50 വയസിന് മുകളിലുള്ള 6,600-ലധികം ആളുകൾക്ക് നടത്തിയ ഗെല്ലേരി ടെസ്റ്റിലൂടെ ഡസൻ കണക്കിന് പുതിയ രോഗവസ്ഥകളാണ് ഡോക്ടർമാർ കണ്ടെത്തിയത്. ഒപ്പം തന്നെ പ്രാരംഭ ഘട്ടത്തിലായിരുന്ന പല അർബുദങ്ങളും പരിശോധനയിൽ തിരിച്ചറിയാൻ കഴിഞ്ഞു. ഇവയിൽ ഏകദേശം മുക്കാൽ ഭാഗവും ഇവരുടെ സാധാരണ നിലയിലുള്ള പരിശോധനകളിൽ കണ്ടെത്താത്തവയായിരുന്നു. രക്തത്തിലെ കാൻസർ ഡിഎൻഎ പരിശോധിക്കുന്ന, ഗെല്ലേരി ടെസ്റ്റിന്റെ ഫലങ്ങൾ ഉപയോഗിച്ച് രോഗികൾക്കും അവരുടെ ഡോക്ടർമാർക്കും അർബുദ സംബന്ധമായ ചികിത്സകൾക്ക് മാർഗ്ഗനിർദ്ദേശം നല്കാൻ സാധിക്കുമെന്നും വിദഗ്ധർ വിശദീകരിക്കുന്നു.
ന്യൂയോർക്കിലെ മെമ്മോറിയൽ സ്ലോൺ കെറ്ററിംഗ് കാൻസർ സെന്ററിലെ മുതിർന്ന ഗവേഷകനായ ഡോ. ഡെബ് ഷ്‌രാഗും സംഘവും നടത്തിയ പഠനത്തിൽ, 50 വയസും അതിൽ കൂടുതലുമുള്ള 6,621 വ്യക്തികൾക്കാണ് ഗെല്ലേരി രക്തപരിശോധന നടത്തിയത്. 6,529 പേർക്ക് പരിശോധന നെഗറ്റീവ് ആയിരുന്നു, എന്നാൽ 92 പേർക്ക് കാൻസറിനുള്ള സാധ്യത കണ്ടെത്തുകയും ചെയ്തു. കൂടുതൽ പരിശോധനകൾ നടത്തിയതോടെ ഇതിൽ 35 ആളുകളിൽ അഥവാ പഠനം നടത്തിയവരിൽ 1.4% പേർക്ക് സോളിഡ് ട്യൂമറോ ബ്ലഡ് കാൻസറോ സ്ഥിരീകരിച്ചു.
ഗെല്ലേരി പരിശോധനയിൽ സ്തനങ്ങൾ, കരൾ, ശ്വാസകോശം, വൻകുടൽ തുടങ്ങിയ ഭാഗങ്ങളിലെ 19 സോളിഡ് മുഴകൾ കണ്ടെത്തി. മാത്രമല്ല സാധാരണയായി അവസാന ഘട്ടത്തിൽ കണ്ടെത്തുകയും പ്രതിരോധം അസാധ്യമാക്കുകയും ചെയ്യുന്ന അണ്ഡാശയ, പാൻക്രിയാറ്റിക് കാൻസറുകളും പരിശോധനയിൽ കണ്ടെത്തിയിരുന്നു. ബാക്കിയുള്ളവ രക്താർബുദങ്ങളായിരുന്നു. ആകെ കണ്ടെത്തിയ 36 അർബുദങ്ങളിൽ 14 എണ്ണം പ്രാരംഭ ഘട്ടത്തിലും 26 എണ്ണം സാധാരണയായി രോഗികൾ നടത്തിയ പരിശോധനകളിൽ കണ്ടെത്താത്തവയായിരുന്നുവെന്നും പാരീസിൽ നടന്ന യൂറോപ്യൻ സൊസൈറ്റി ഫോർ മെഡിക്കൽ ഓങ്കോളജി യോഗത്തിൽ ഗവേഷകനായ ഡോ. ഡെബ് ഷ്‌രാഗ് വ്യക്തമാക്കി.
കണ്ടെത്തിയ അർബുദങ്ങളിൽ പലതും സാധാരണ പരിശോധനകളിൽ കണ്ടെത്തിയിരുന്നവയല്ല എന്നതാണ് ഈ പരിശോധനയെ ഏറെ വ്യത്യസ്ഥമാക്കുന്നത്. രോഗത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനുമപ്പുറം, കാൻസർ എവിടെയാണെന്ന് ഗെല്ലേരി ടെസ്റ്റ് പ്രവചിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആവശ്യമായ തുടർനടപടികൾ വേഗത്തിൽ സ്വീകരിക്കുവാൻ ഡോക്ടർമാരെ ഈ പരിശോധന സഹായിക്കുന്നു. നിലവിൽ വ്യാപകമായ രീതിയിൽ വലിയ ജനസംഖ്യയിൽ പരിശോധന നടത്തുന്നതിന് ടെസ്റ്റ് ഇതുവരെ തയ്യാറായിട്ടില്ലെന്നും എന്നാൽ സാങ്കേതികവിദ്യ മെച്ചപ്പെടുത്തുമ്പോൾ ആളുകൾ ശരിയായ കാൻസർ സ്ക്രീനിംഗ് തുടരണമെന്നും ഡോ. ഡെബ് ഷ്‌രാഗ് പറഞ്ഞു.
അടുത്ത വർഷം 1,65,000 ആളുകളെ ഉൾപ്പെടുത്തികൊണ്ട് ഇംഗ്ലണ്ടിലെ നാഷണൽ ഹെൽത്ത് സർവീസ് നടത്തുന്ന പ്രധാന പരീക്ഷണത്തിന്റെ റിപ്പോർട്ടുകൾ കൂടി പുറത്ത് വരുന്നതോടെ ഗെല്ലേരി ടെസ്റ്റ് ഒരു ഗെയിം ചേഞ്ചർ ആയി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ കാൻസർ നേരത്തേ കണ്ടെത്തി ചികിത്സയും ശസ്ത്രക്രിയയും കൂടുതൽ ഫലപ്രദമാകുന്നതിനും രോഗികളുടെ ജീവൻ രക്ഷിക്കുന്നതിനും ഈ പരിശോധന സഹായിക്കുമെന്നും ഡോക്ടർമാർ വിശ്വസിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.