പുടിന്‍-ഷീ കൂടിക്കാഴ്ച്ച നാളെ; മുറിവേറ്റ റഷ്യ ചൈനയുമായി കൂടുതല്‍ അടുക്കുമോ? ആകാംക്ഷയോടെ ലോകം

പുടിന്‍-ഷീ കൂടിക്കാഴ്ച്ച നാളെ; മുറിവേറ്റ റഷ്യ ചൈനയുമായി കൂടുതല്‍ അടുക്കുമോ? ആകാംക്ഷയോടെ ലോകം

കാന്‍ബറ: ഉക്രെയ്ന്‍ അധിനിവേശത്തിനു ശേഷം ഇതാദ്യമായി റഷ്യ-ചൈന നേതാക്കള്‍ തമ്മില്‍ നടത്തുന്ന കൂടിക്കാഴ്ച്ച വലിയ പ്രധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്. ഉക്രെയ്ന്‍ യുദ്ധത്തില്‍ തിരിച്ചടി നേരിടുന്ന റഷ്യ പുതിയ കരുത്തിനായി ചൈനയെ കൂടുതലായി ആശ്രയിക്കുമോ എന്നതാണ് പാശ്ചാത്യ രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്.

ഉസ്ബെക്കിസ്ഥാനിലെ സമര്‍കണ്ടില്‍ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിയിലാണ് ഷി ജിന്‍പിങ്ങും വ്ളാഡിമിര്‍ പുടിനും കൂടിക്കാഴ്ച നടത്തുന്നത്. കോവിഡ് മഹാമാരിയെതുടര്‍ന്ന് രണ്ട് വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം ആദ്യമായാണ് ചൈനക്ക് പുറത്തേക്ക് പ്രസിഡന്റ് ഷി ജിന്‍പിങ് യാത്ര ചെയ്യുന്നതെന്നത് ശ്രദ്ധേയമാണ്.

ഉക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് പടിഞ്ഞാറന്‍ രാജ്യങ്ങളുമായുള്ള റഷ്യയുടെ ഏറ്റുമുട്ടലും മറ്റ് പ്രതിസന്ധികളും തായ്‌വാൻ വിഷയവുമെല്ലാം ചര്‍ച്ചയായി നില്‍ക്കുന്ന സാഹചര്യത്തില്‍ ജിന്‍പിങ്ങിന്റെ സന്ദര്‍ശനം രാഷ്ട്രീയപരമായും പ്രാധാന്യമേറിയതാണ്. നാളെയാണ് എസ്.സി.ഒ ഉച്ചകോടി നടക്കുന്നത്.

ഇരുനേതാക്കളും ഇതിനു മുന്‍പ് കൂടിക്കാഴ്ച്ച നടത്തിയത് ബീജിങ്ങില്‍ നടന്ന വിന്റര്‍ ഒളിമ്പിക്‌സിനോടനുബന്ധിച്ചാണ്. ഇതിനു ശേഷം ആഴ്ച്ചകള്‍ക്കുള്ളില്‍ റഷ്യ ഉക്രെയ്‌നെ ആക്രമിക്കുകയുണ്ടായി.

മധ്യേഷ്യന്‍ മേഖലയില്‍ സ്വാധീനം ഉറപ്പിക്കുക എന്നതാണ് ചൈനീസ് പ്രസിഡന്റിന്റെ ദീര്‍ഘനാളായുള്ള ആഗ്രഹമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മധ്യേഷ്യയില്‍ കൂടുതല്‍ അധികാരം സ്ഥാപിക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്ക് റഷ്യ പിന്തുണ നല്‍കുന്നതിലൂടെ സൈനികമായി ചൈനയുടെ സഹായം റഷ്യയ്ക്കു ലഭിക്കാനിടയുണ്ട്.

ഉക്രെയ്‌നിലെ സൈനിക നടപടിയെ തുടര്‍ന്ന് അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ചൈന റഷ്യയുമായി കൂടുതല്‍ അടുക്കുന്ന കാഴ്ച്ചയാണു കണ്ടത്.

റഷ്യന്‍ അധിനിവേശത്തെ ഒരിക്കലും അപലപിച്ചിട്ടില്ലെന്നു മാത്രമല്ല സംഘർഷം രൂക്ഷമാക്കിയത് പടിഞ്ഞാറന്‍ രാജ്യങ്ങളുടെ നടപടി മൂലമാണെന്ന പ്രഖ്യാപിത നിലപാടും ചൈന സ്വീകരിച്ചിരുന്നു. ജപ്പാന്‍ കടലിനു മുകളില്‍ ഇരു രാജ്യങ്ങളും സഹകരിച്ച് സൈനിക പരിശീലനം നടത്തിയതും സുദൃഢമാകുന്ന ബന്ധത്തിന്റെ സൂചനയായി രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

ഉക്രെയ്‌നില്‍ റഷ്യ നടത്തുന്ന സൈനിക ആക്രമണങ്ങള്‍ക്ക് ഉപാധികളില്ലാത്ത പിന്തുണ നല്‍കുമെന്ന് ഒരു മുതിര്‍ന്ന ചൈനീസ് നേതാവ് വ്യക്തമാക്കിയതായി അടുത്തിടെ റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാതലായ കാര്യങ്ങളില്‍ ചൈന റഷ്യയുമായി പൂര്‍ണതോതില്‍ സഹകരിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം, യുദ്ധത്തില്‍ പരാജയം നേരിടുന്ന റഷ്യയ്ക്ക് ഏതു വിധേനയുള്ള പിന്തുണയാണ് ഷി ജിന്‍പിങ് നല്‍കുകയെന്ന ആകാംക്ഷയും നിലനില്‍ക്കുന്നുണ്ട്.

റഷ്യയ്ക്കു പിന്തുണ നല്‍കുന്നതിനൊപ്പം അമേരിക്കയ്ക്കും നാറ്റോയ്ക്കും എതിരേ കടുത്ത വിമര്‍ശനങ്ങളും കൂടിക്കാഴ്ച്ചയില്‍ ഉയരാന്‍ ഇടയുണ്ട്. റഷ്യയുടെ ശക്തി കുറയുന്നതിലൂടെ മധ്യേഷ്യന്‍ രാഷ്ട്രങ്ങളില്‍ സ്വാധീനമുറപ്പിക്കാനും തന്ത്രപ്രധാന മേഖലകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനും ചൈനയ്ക്ക് സാധിക്കും.

കരമാര്‍ഗം ചരക്കുഗതാഗതം സാധ്യമാക്കുന്ന ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് സംരംഭം 2013-ല്‍ ആരംഭിക്കുന്നത് ഉസ്ബെക്കിസ്ഥാന്റെ അയല്‍രാജ്യമായ കസാഖിസ്ഥാനില്‍ വച്ചാണ്. ഇവിടെയും ഇരുവരും സന്ദര്‍ശിക്കുന്നുണ്ട്.

അടുത്ത മാസം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിര്‍ണായകമായ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാനിരിക്കെ മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് കരുത്ത് പകരാനാണ് ഷി ജിന്‍പിങ്ങിന്റെ ഈ സന്ദര്‍ശനങ്ങള്‍.

തായ്‌വാനെ ആക്രമിക്കുന്ന പക്ഷം ചൈനയ്ക്കു നേരെ ഉണ്ടായേക്കാവുന്ന ഉപരോധങ്ങളെ മറികടക്കാന്‍ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി സഹായകമാകുമെന്ന് ചൈന കരുതുന്നു. സമ്പദ് ഘടനയ്ക്ക് വലിയ ക്ഷീണം സംഭവിക്കാതെയുള്ള നടപടികള്‍ക്കാവും ചൈന മുന്‍ഗണന നല്‍കുന്നത്.

മധ്യേഷ്യന്‍ രാജ്യങ്ങളില്‍ ചൈന നടത്തിവന്നിരുന്ന വാണിജ്യ ഇടപാടുകള്‍ പലതും റഷ്യ-ഉക്രെയ്ന്‍ യുദ്ധം മൂലം തടസപ്പെട്ടിരുന്നു. വാണിജ്യ ഇടപാടുകള്‍ക്കു പുറമേ കടം കൊടുക്കലും സോളമന്‍ ദ്വീപുകളിലും മറ്റും നടത്തിയ സൈനിക ഇടപെടലുകളുടെ തന്ത്രവും മധ്യേഷ്യന്‍ രാജ്യങ്ങളിലും പയറ്റുമോ എന്നത് പ്രസക്തമാണ്. ഈ രാജ്യങ്ങള്‍ക്കു മേല്‍ ചൈന തങ്ങളുടെ സൈനിക സാന്നിധ്യവും സുരക്ഷാ ക്രമീകരണങ്ങളും ശക്തിപ്പെടുത്തുന്നത് റഷ്യയും മറ്റ് രാജ്യങ്ങളും ഇത് അംഗീകരിക്കുമോ എന്നത് ലോകം ഗൗരവത്തോടെ ഉറ്റുനോക്കുന്നു.

ഇന്ത്യ, ചൈന, കസാകിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, റഷ്യ, പാകിസ്ഥാന്‍, താജികിസ്ഥാന്‍, ഉസ്ബെകിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് എസ്.സി.ഒയിലെ അംഗങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.