ലഹരി ഉപയോഗം തടയാന്‍ കര്‍മ്മ പദ്ധതി: ഗാന്ധി ജയന്തി ദിനത്തില്‍ തുടക്കം; മുഖ്യമന്ത്രി അധ്യക്ഷനായി സമിതി

ലഹരി ഉപയോഗം തടയാന്‍ കര്‍മ്മ പദ്ധതി: ഗാന്ധി ജയന്തി ദിനത്തില്‍ തുടക്കം; മുഖ്യമന്ത്രി അധ്യക്ഷനായി സമിതി

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം തടയാന്‍ കര്‍മ്മ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അതിനെതിരെ നാടാകെ അണി നിരന്നുള്ള പ്രതിരോധം തീര്‍ക്കാന്‍ നമുക്ക് കഴിയണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് പദ്ധതിക്ക് തുടക്കം കുറിക്കും. സംസ്ഥാന തലത്തില്‍ മുഖ്യമന്ത്രി അധ്യക്ഷനായ സമിതി പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. വിവിധ തലങ്ങളില്‍ പ്രത്യേക സമിതികള്‍ രൂപവത്കരിക്കും.

ഒക്ടോബര്‍ രണ്ട് മുതല്‍ നവംബര്‍ രണ്ട് വരെ തീവ്ര പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. സിനിമ, സീരിയല്‍, കായിക മേഖലയിലുള്ളവര്‍ ലഹരിക്കെതിരായ പ്രചാരണ പരിപാടികളില്‍ പങ്കാളികളാകുമെന്നും അദ്ദേഹം പറഞ്ഞു.

നവംബര്‍ ഒന്നിന് ലഹരി വിരുദ്ധ ചങ്ങല സംഘടിപ്പിക്കും. സ്‌കൂള്‍ തലത്തില്‍ അന്ന് ലഹരി വസ്തുക്കള്‍ കത്തിക്കും. ലഹരി വിരുദ്ധ കലാപരിപാടികളും സംഘടിപ്പിക്കും. പരിശീലനത്തിന് കേന്ദ്രീകൃത രൂപം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലഹരി മരുന്നുകളുടെ ലക്കുകെട്ട ഉപയോഗം വ്യക്തികളെ മാത്രമല്ല കുടുംബങ്ങളെയും സമൂഹത്തെയാകെയും വ്യാപകമായി ബാധിക്കും. മാത്രമല്ല അതിനെ പിന്‍പറ്റി നടക്കുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നാടിന്റെ സമാധാനം തകര്‍ക്കും.

മയക്കു മരുന്ന് കച്ചവടവും ഉപയോഗവും പ്രധാനമായും യുവജനങ്ങളെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ഇപ്പോള്‍ കൂടുതല്‍ മാരകമായ മയക്കു മരുന്ന് ഉപയോഗം വ്യാപകമായിരിക്കുകയാണെന്നും പിണറായി പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.