ലൗ ജിഹാദ് കേസില്‍ യുപിയില്‍ ആദ്യ ശിക്ഷ; യുവാവിന് അഞ്ചുവര്‍ഷം തടവ്

ലൗ ജിഹാദ് കേസില്‍ യുപിയില്‍ ആദ്യ ശിക്ഷ; യുവാവിന് അഞ്ചുവര്‍ഷം തടവ്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ലൗ ജിഹാദിനെതിരായ നിയമപ്രകാരമുള്ള ആദ്യ കേസില്‍ ശിക്ഷ പ്രഖ്യാപിച്ചു. ലൗ ജിഹാദ് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉത്തര്‍പ്രദേശിലെ അംറോഹ സ്വദേശി അഫ്സലി (26) നാണ് കോടതി അഞ്ചുവര്‍ഷം തടവു ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷമാണ് നിയമം പ്രാബല്യത്തില്‍ വന്നത്.

പ്രതി അഫ്സല്‍ തന്റെ പേരും മതവും മറച്ചു വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടു പോയതായി പ്രോസിക്യൂഷന്‍ തെളിയിച്ചെന്ന് അംറോഹ പോക്സോ കോടതിയിലെ അഡീഷണല്‍ ജില്ലാ ജഡ്ജി കപില രാഘവ് നിരീക്ഷിച്ചു. പെണ്‍കുട്ടിയുടെ ആഗ്രഹത്തിനു വിപരീതമായാണ് മതം മാറ്റം നടന്നതെന്നും മതം മാറിയ ശേഷം അവളെ വിവാഹം കഴിക്കാന്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോയതായും കോടതി പറഞ്ഞു.

ജോലിക്കായി വീട്ടില്‍ നിന്നു പോയ മകള്‍ തിരിച്ചെത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഹസന്‍പൂരില്‍ നഴ്‌സറി നടത്തുകയാണ് പെണ്‍കുട്ടിയുടെ അച്ഛന്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും മതം മാറ്റാന്‍ പ്രേരിപ്പിക്കുകയും ചെയ്തതായും എതിര്‍ത്താല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കോടതി കണ്ടെത്തി.

ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു പ്രതി അഫ്സല്‍ താന്‍ ഹിന്ദുവാണെന്നും പേര് അര്‍മാന്‍ കോഹ്ലി എന്നാണെന്നുമാണ് പെണ്‍കുട്ടിയോട് പറഞ്ഞിരുന്നത്. പെണ്‍കുട്ടിയുടെ അച്ഛന്റെ ഉടമസ്ഥതയിലുള്ള നഴ്‌സറിയില്‍ ചെടികള്‍ വാങ്ങാന്‍ അഫ്‌സല്‍ സ്ഥിരമായി എത്തിയിരുന്നു. അവിടെവെച്ച് പെണ്‍കുട്ടിയെ കാണുകയും ചെയ്യാറുണ്ടായിരുന്നു.

പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ഇയാള്‍ കഴിഞ്ഞ വര്‍ഷമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് തന്റെ മകളെ അഫ്‌സല്‍ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്യുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഡല്‍ഹിയില്‍ നിന്നാണ് അഫ്‌സലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഐപിസി 363, 366, 354, 506, സെക്ഷനുകള്‍ പ്രകാരവും പോക്സോ നിയമ പ്രകാരവും ഉത്തര്‍പ്രദേശിലെ ആന്റി ലൗ ജിഹാദ് നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ആദ്യം തട്ടിക്കൊണ്ടു പോകലിനു മാത്രമായിരുന്നു കേസെടുത്തിരുന്നതെങ്കിലും പിന്നീട് പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് മതപരിവര്‍ത്തന നിരോധന നിയമപ്രകാരവും കേസെടുക്കുകയായിരുന്നു.

മതം മാറ്റുക എന്ന ഉദ്ദേശത്തോടെ ഇരയെ വിവാഹം കഴിക്കാന്‍ പ്രേരിപ്പിക്കുകയും നിയമവിരുദ്ധമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക എന്ന ഉദ്ദേശത്തോടെ അവളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.

നിയമത്തില്‍ എവിടെയും മതപരിവര്‍ത്തനം നിരോധിച്ചിട്ടില്ലെന്നും ഏത് മതം പിന്തുടരാനും സ്വീകരിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ടെന്നുമാണ് ആദ്യം കോടതി നിരീക്ഷിച്ചത്. എങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കിയോ, ബലപ്രയോഗത്തിലൂടെയോ, അനാവശ്യ സ്വാധീനത്തിലൂടെയോ, നിര്‍ബന്ധത്തിലൂടെയോ, ഏതെങ്കിലും വഞ്ചനാപരമായ മാര്‍ഗങ്ങളിലൂടെയോ നിര്‍ബന്ധിത വിവാഹത്തിലൂടെയോ നിയമവിരുദ്ധമായി ഒരു മതത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നത് ഉത്തര്‍പ്രദേശിലെ ആന്റി ലവ് ജിഹാദ് നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്നും കോടതി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.