കേരളത്തില്‍ ആത്മഹത്യ പ്രവണത കൂടുതലും പുരുഷന്‍മാരില്‍; ജീവനൊടുക്കുന്നവരില്‍ ഭൂരിപക്ഷം തൊഴിലുള്ളവര്‍

കേരളത്തില്‍ ആത്മഹത്യ പ്രവണത കൂടുതലും പുരുഷന്‍മാരില്‍; ജീവനൊടുക്കുന്നവരില്‍ ഭൂരിപക്ഷം തൊഴിലുള്ളവര്‍

കൊച്ചി: ആത്മഹത്യ പ്രവണത കൂടുതല്‍ പുരുഷന്മാരിലെന്ന് റിപ്പോര്‍ട്ട്. ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റേതാണ് റിപ്പോര്‍ട്ട്. ആത്മഹത്യകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് വിഷയത്തില്‍ പഠനം നടത്തിയത്.

സംസ്ഥാന തലത്തില്‍ പഠനം നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് എറണാകുളം ജില്ലാ കാര്യാലയം പഠന റിപ്പോര്‍ട്ട് വൈകാതെ പ്രകാശനം ചെയ്യുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ കൂടുതല്‍ പുരുഷന്മാര്‍ ആണെന്ന് പഠനത്തില്‍ തെളിഞ്ഞു. സംസ്ഥാനത്ത് ആകെ ആത്മഹത്യയ്ക്ക് വിധേയരാകുന്നവരില്‍ 79 ശതമാനവും പുരുഷന്‍മാരാണ്. 21 ശതമാനം മാത്രമാണ് സ്ത്രീകള്‍ ഉള്ളത്.
സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത പുരുഷന്‍മാരില്‍ ഏറെയും 45 നും 60 നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ സ്ഥിതി വിഭിന്നമാണ്. ആത്മഹത്യ ചെയ്ത സ്ത്രീകളിലേറെയും 60 വയസിന് മേല്‍ പ്രായമുള്ളവരായിരുന്നു. 2020 മുതല്‍ 2023 വരെയുള്ള കണക്കുകളാണ് പഠനവിധേയമാക്കിയത്.

ആത്മഹത്യയില്‍ തെക്കന്‍ കേരളം മുന്നില്‍

വടക്കന്‍ കേരളത്തെ അപേക്ഷിച്ച് തെക്കന്‍ കേരളത്തിലാണ് ആത്മഹത്യകള്‍ കൂടുതല്‍ സംഭവിക്കുന്നതെന്നതാണ് പഠനം വ്യക്തമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നി ജില്ലകളിലാണ് ഇതര ജില്ലകളെ അപേക്ഷിച്ച് ആത്മഹത്യ നിരക്ക് കൂടുതല്‍. കേരളത്തിലെ ആകെ ആത്മഹത്യകളുടെ 41 ശതമാനവും ഈ ജില്ലകളിലാണ് സംഭവിക്കുന്നത്.

കൂടുതലും തൊഴിലുള്ളവര്‍

തൊഴില്‍രഹിതരെ അപേക്ഷിച്ച് തൊഴിലുള്ളവര്‍ക്കിടയിലാണ് ആത്മഹത്യ കൂടുതലായി സംഭവിക്കുന്നത്. ഇക്കൂട്ടത്തില്‍ തന്നെ ദിവസവേതനക്കാര്‍ക്കിടയിലും സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ക്കിടയിലുമാണ് കൂടുതല്‍ ആത്മഹത്യകള്‍ സംഭവിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാചരണത്തിനോടനുബന്ധിച്ച് കാക്കനാട് സിവില്‍ സ്റ്റേഷനില്‍ ജൂണ്‍ 30 തിങ്കളാഴ്ച നടക്കുന്ന ചടങ്ങില്‍ എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ് കെ ഉമേഷ് പ്രകാശം ചെയ്യും. ഇന്ത്യയില്‍ ഇതിനകം ആത്മഹത്യ ചെയ്യുന്നന്നവരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമായി കേരളം മാറിയിരുന്നു. നിസാര കാര്യങ്ങള്‍ക്ക് പോലും ആത്മഹത്യ ചെയ്യുന്നവരാണ് വലിയൊരു പങ്കെന്നത് ഗൗരവകരമായ കാര്യമായാണ് മാനസികാരോഗ്യ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.