കൊല്‍ക്കട്ട: ചൈനയില്‍ മിഷണറീസ് ഓഫ് ചാരിറ്റിയുടെ സന്യാസ ആശ്രമം തുടങ്ങാന്‍ അനുമതി നല്‍കിയെങ്കിലും പരമ്പരാഗതമായ സന്യാസ വസ്ത്രം ഉപേക്ഷിക്കണമെന്ന നിര്‍ദ്ദേശവുമായി കമ്മ്യൂണിസ്റ്റ് ഭരണകൂടം. എന്നാല്‍ ഈ നിര്‍ദേശം സന്യാസിനികള്‍ തള്ളി.
'വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച സന്യാസ സമൂഹം ആരംഭ കാലം മുതല്‍ വെള്ള സാരിയില്‍ നീലക്കരയുള്ള വസ്ത്രമാണ് ധരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ചൈനയില്‍ സന്യാസ ആശ്രമം തുടങ്ങാന്‍ അനുമതി ലഭിച്ചെങ്കിലും പരമ്പരാഗത വസ്ത്രം ഉപേക്ഷിക്കാന്‍ ഭരണകൂടം ആവശ്യപ്പെട്ടിരിക്കുകയാണ്. അതിന് തങ്ങള്‍ തയ്യാറല്ല'- സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ മേരി ജോസഫ് 'നാഷണല്‍ കാത്തലിക്ക് രജിസ്റ്ററിന്' നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നിര്‍ദേശം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
139 രാജ്യങ്ങളിലായി അയ്യായിരത്തോളം അംഗങ്ങളുള്ള സന്യാസ സമൂഹത്തിന്റെ നാലാമത്തെ സുപ്പീരിയര്‍ ജനറലായി ഈ വര്‍ഷം മാര്‍ച്ച് മാസമാണ് മലയാളിയും തൃശൂര്‍ ജില്ലക്കാരിയുമായ സിസ്റ്റര്‍ മേരി ജോസഫ് തിരഞ്ഞെടുക്കപ്പെട്ടത്.
'തങ്ങള്‍ക്ക് അരക്ഷിതാവസ്ഥയില്ല. ദൈവത്തില്‍ വിശ്വാസം അര്‍പ്പിച്ച് ദൈവത്തിന്റെ പ്രവര്‍ത്തി ചെയ്യുന്നത് തങ്ങള്‍ തുടരുന്നു'- 2016 ല്‍ യെമനില്‍ തീവ്രവാദി ആക്രമണത്തില്‍ സന്യാസ സമൂഹത്തിലെ നാല് അംഗങ്ങള്‍ കൊല്ലപ്പെട്ടതിനെക്കുറിച്ചും ലാറ്റിനമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയില്‍ നിന്നും അടുത്തിടെ പുറത്താക്കപ്പെട്ടതിനെപ്പറ്റിയും ചോദിച്ചപ്പോള്‍ സിസ്റ്റര്‍ മേരി ജോസഫ് പറഞ്ഞു.
മിഷണറി ഓഫ് ചാരിറ്റീസ് സമൂഹത്തിന് പുറത്ത് നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായത്തിന് തടയിടാന്‍ രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്ന കാര്യം ചോദിച്ചപ്പോള്‍ തങ്ങള്‍ക്ക് നിരാശയില്ല എന്ന മറുപടിയാണ് ലഭിച്ചത്.
വിശുദ്ധ മദര്‍ തെരേസ പഠിപ്പിച്ചത് പോലെ ഓരോ ദിവസവും വിശുദ്ധ കുര്‍ബാനയോടും ആരാധനയോടും കൂടി ആരംഭിക്കുന്നു. ദൈവം തങ്ങളെ നോക്കുന്നു. തങ്ങള്‍ക്കുള്ള സാമ്പത്തിക സഹായത്തിന് തടയിടാന്‍ ബിജെപി സര്‍ക്കാര്‍ നീക്കം തുടങ്ങിയതോടെ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും സിസ്റ്റര്‍ മേരി ജോസഫ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.