അറ്റോര്‍ണി ജനറല്‍ സ്ഥാനം ഏറ്റെടുക്കാനാകില്ലെന്ന് മുകുള്‍ റോത്തഗി; തീരുമാനം കേന്ദ്രത്തെ അറിയിച്ചു

അറ്റോര്‍ണി ജനറല്‍ സ്ഥാനം ഏറ്റെടുക്കാനാകില്ലെന്ന് മുകുള്‍ റോത്തഗി; തീരുമാനം കേന്ദ്രത്തെ അറിയിച്ചു

ന്യൂഡെല്‍ഹി: അറ്റോര്‍ണി ജനറല്‍ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി. തീരുമാനം കേന്ദ്രസര്‍ക്കാറിനെ അറിയിച്ചു. സ്ഥാനം തുടരാന്‍ താല്‍പര്യമില്ലന്ന് നിലവിലത്തെ അറ്റോര്‍ണി ജനറലായ കെ.കെ. വേണുഗോപാല്‍ സര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്നാണ് മുകുള്‍ റോത്തഗിന് അവസരം വന്നത്.

ഈ മാസം 30വരെയാണ് വേണുഗോപാലിന്റെ കാലാവധി. മുകുള്‍ റോത്തഗിയും സ്ഥാനം നിരസിച്ചതോടെ പുതിയൊരാളെ കേന്ദ്രസര്‍ക്കാരിന് ഉടന്‍ കണ്ടെത്തേണ്ടി വരും. പൗരത്വ നിയമഭേദഗതിക്കും കശ്മീര്‍ പുനസംഘടനയ്ക്കുമൊക്കെ എതിരായ ഹര്‍ജികള്‍ കോടതിയില്‍ തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നേരിട്ട് മുകുള്‍ റോത്തഗിയോട് ഈ സ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് സൂചന.

2014 മുതല്‍ 2017 വരെയുള്ള കാലയളവിലാണ് റോത്തഗി എജിയായി സേവനം അനുഷ്ഠിച്ചത്. കാലാവധി പൂര്‍ത്തിയായതോടെ 2017 ല്‍ റോത്തഗിയുടെ പിന്‍ഗാമിയായി മലയാളിയായ കെ.കെ. വേണുഗോപാല്‍ ചുമതലയേറ്റു. ജൂണ്‍ 29ന് കാലാവധി അവസാനിച്ച വേണുഗോപാല്‍ കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് സേവനം തുടര്‍ന്നു.

നിയമ ഉപദേഷ്ടാവ് കൂടിയായ അറ്റോര്‍ണി ജനറലാണ് നിര്‍ണായക കേസുകളില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് സുപ്രീംകോടതിയില്‍ ഹാജരാകുന്നത്. മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോത്തഗി ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഗുജറാത്ത് കലാപക്കേസില്‍ ഉള്‍പ്പെടെ സുപ്രിം കോടതിയിലും ഹൈക്കോടതികളിലും വാദിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വേണ്ടി വാദിച്ചതും മുകള്‍ റോത്തഗിയായിരുന്നു. ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷനുമായി ബന്ധപ്പെട്ട കേസിലും ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരായ ലഹരി കേസിലും മുകുള്‍ റോഹ്തഗിയാണ് ഹാജരായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.