ന്യൂഡല്‍ഹി: താല്കാലികമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ടെലികമ്മ്യൂണിക്കേഷന്‍ ബില്ലിന്റെ കരട് കേന്ദ്ര ടെലികോം മന്ത്രാലയം അവതരിപ്പിച്ചു. വിളിക്കാനും സന്ദേശം അയക്കാനും സൗകര്യം നല്‍കുന്ന വാട്ട്‌സാപ്പ്, സൂം, സ്‌കൈപ് പോലുള്ള ആപ്ലിക്കേഷനുകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുന്നത് അടക്കം വ്യവസ്ഥചെയ്യുന്ന ടെലികമ്യൂണിക്കേഷന്‍ ബില്ലിന്റെ കരട് രൂപമാണ് മന്ത്രാലയം കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. കരട് ബില്ലില്‍ ഒടിടി ആപ്പുകളെ ടെലികമ്യൂണിക്കേഷന്‍ സേവനമായി ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
ടെലികമ്യൂണിക്കേഷന്‍ സേവനവും ടെലികമ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്കും ലഭ്യമാക്കാന്‍ സ്ഥാപനങ്ങള്‍ ലൈസന്‍സ് കരസ്ഥമാക്കിയിരിക്കണമെന്നാണ് കരട് ബില്ലില്‍ പറഞ്ഞിരിക്കുന്നത്. ടെലകോം, ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് ഫീസും പിഴയും ഒഴിവാക്കാനുള്ള വ്യവസ്ഥയും കരട് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെലികോം അല്ലെങ്കില്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ ലൈസന്‍സ് തിരിച്ചേല്‍പിക്കുന്ന പക്ഷം ഫീസ് തിരിച്ചു നല്‍കാനും വ്യവസ്ഥയുണ്ട്.
'ഇന്ത്യന്‍ ടെലികോം ബില്‍ 2022-നെ കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് തേടുന്നു' എന്ന കുറിപ്പോടെ കേന്ദ്ര ടെലികോം മന്ത്രി അശ്വനി വൈഷ്ണവാണ് കരട് ബില്ലിന്റെ ലിങ്ക് സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചത്. കരട് ബില്ലിന്മേല്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ ഇരുപതാണ്.
ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശ രാഷ്ട്രങ്ങളുമായുള്ള സൗഹൃദം എന്നിവ മുന്‍നിര്‍ത്തി സര്‍ക്കാരിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ അധികാരം നല്‍കുന്നതാണ് ബില്‍. ഏതെങ്കിലും പ്രത്യേക വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്ന ടെലികമ്മ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്കിനെ തടയാനും സാധിക്കും. ഏത് ടെലികമ്മ്യൂണിക്കേഷന്‍ സേവനത്തിന്റെയും നെറ്റ്വര്‍ക്കിന്റെയും നിയന്ത്രണം ഏറ്റെടുക്കുന്നതിനോ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തുന്നതിനോ സര്‍ക്കാരിന് അധികാരം നല്‍കുന്നതുമാണ് ബില്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.