സിഡ്‌നി: ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ കോൺഫെഡറേഷൻ (Australian Christian Confederation) സിഡ്‌നിയിൽ വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് മെഗാ ക്രിസ്മസ് കരോൾ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ ചരിത്രത്തിൽ തന്നെ വിവിധ സഭകളെ ഒരുമിപ്പിക്കുന്ന ഒരുപക്ഷേ ആദ്യ സംയുക്ത പരിപാടിയായിരിക്കും ഇത്.
ഐക്യത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്മസ് സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. സിഡ്‌നിയിലെ പരാമറ്റ സെന്റിനറി സ്‌ക്വയറിൽ ഡിസംബർ 20 ശനിയാഴ്ച വൈകുന്നേരം നാല് മുതൽ രാത്രി എട്ട് മണി വരെയാണ് പരിപാടി നടത്തുക.
സിഡ്‌നിയിലെ വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളിലെ പ്രമുഖ ചർച്ച് ക്വയറുകളാണ് കരോൾ ഗാനങ്ങൾ ആലപിക്കുന്നത്. ഇത് ഓസ്‌ട്രേലിയയിലെ ക്രിസ്തീയ സമൂഹത്തിന്റെ സാംസ്‌കാരിക പൈതൃകത്തെയും വൈവിധ്യത്തെയും ആഘോഷിക്കുന്ന ഒരു വേദിക്ക് രൂപം നൽകും.
ഈ ചരിത്രപരമായ പരിപാടിയിൽ സിഡ്‌നിയിലെ വിവിധ സഭകളിലെ ബിഷപ്പുമാർ, സീനിയർ പാസ്റ്റർമാർ എന്നിവർ പങ്കുചേരും. അതോടൊപ്പം, സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ അതിഥികളായെത്തും.
ഓസ്‌ട്രേലിയയിലെ ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കാൻ ഈ സംരംഭം വഴിതുറക്കുമെന്ന് ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ കോൺഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.
സിഡ്‌നിക്ക് പുറമെ ഓസ്‌ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളിലെ പ്രധാന സിറ്റികളിലും ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ കോൺഫെഡറേഷൻ ക്രിസ്മസ് കരോൾ ഫെസ്റ്റുകൾ നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.