കൊച്ചി: ക്രൈസ്തവർ പരിപാവനമായി കരുതുന്ന ഞായറാഴ്ച ദിവസം പ്രവർത്തി ദിനം ആക്കാനുള്ള സർക്കാർ നീക്കം ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി. ഇതിൽ പ്രതിഷേധിച്ച് കത്തോലിക്കാ കോൺഗ്രസ് ശനിയാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും.
ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ഒക്ടോബർ രണ്ട് ഞായറാഴ്ച പ്രവർത്തി ദിനം ആക്കാനുള്ള തീരുമാനം അടിയന്തരമായി പിൻവലിക്കമെന്ന് കത്തോലിക്ക കോൺഗ്രസ് സർക്കാരിനോട് ആവശ്യമുന്നയിക്കുകയും മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകുകയും ചെയ്തു. എന്നാൽ നിവേദനം സമർപ്പിച്ചിട്ടും ഒരു നടപടിയും കാണാത്ത സാഹചര്യത്തിലാണ് പ്രതിഷേധ ദിനം ആചരിക്കാൻ തീരുമാനിച്ചത്.
ഒക്ടോബര്‍ രണ്ടിന് സംസ്ഥാന വ്യാപകമായി നിശ്ചയിച്ചിരിക്കുന്ന പരിപാടികള്‍ ഒന്നിനോ, മൂന്നിനോ പുനക്രമീകരിക്കണമെന്നാണ് സമിതിയുടെ ആവശ്യം. ഞായറാഴ്ചകളിൽ സർക്കാർ തുടർച്ചയായി പരിപാടികൾ സംഘടിപ്പിക്കുകയും പ്രവർത്തി ദിനം ആക്കുകയും ചെയ്യുകയാണ്. ഇതിന് മുമ്പ് ജൂൺ 30 ഞായറാഴ്ചയും കേരളത്തിലെ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പ്രവർത്തി ദിനമായിരുന്നു.
ഓണത്തോട് അനുബന്ധിച്ച് രണ്ടാം ശനിയാഴ്ചയാണ് സാധാരണ വള്ളംകളി മത്സരം നടത്തിയിരുന്നത്. എന്നാൽ ഇത്തവണ അതിൽ നിന്ന് വ്യത്യസ്തമായി വള്ളംകളി മത്സരം നടന്നത് ഞായറാഴ്ചയാണ്. അതുപോലെ തന്നെ വിവിധ മത്സര പരീക്ഷകൾക്കും മറ്റു പരിപാടികൾക്കും ഞായറാഴ്ച കൂടുതലായി ഉപയോഗിക്കുന്നു എന്നത് ക്രിസ്ത്യൻ സമുദായത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്.
സ്കൂൾ വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും ഞായറാഴ്ചകളിൽ പ്രവൃത്തിദിനം ആക്കി ഉത്തരവിറങ്ങുന്നത് സർക്കാരിന്റെ ഭാഗത്തുനിന്ന് പതിവാകുന്നു. മുൻകാലങ്ങളിൽ ഞായറാഴ്ചകളിൽ ഔദ്യോഗിക പരിപാടികൾ ഒഴിവാക്കിയിരുന്നു. ഞായറാഴ്ച പ്രവൃത്തിദിനം ആക്കുവാനുള്ള സർക്കാർ തീരുമാനം പിൻവലിക്കുകയും മുൻകാലങ്ങളിലെ പോലെ ഞായറാഴ്ച അവധി ദിനമായി കണക്കാക്കുകയും ചെയ്യ്ത് സർക്കാരിന്റെ അടിയന്തരമായി ഉണ്ടാവണം.
വ്യാപക പ്രതിഷേധങ്ങൾ ഉയർന്നിട്ടും സർക്കാർ കണ്ണടച്ചിരിക്കുന്നത് ക്രൈസ്തവരോടുള്ള കടുത്ത വിവേചനവും അവഗണനയുമായി മാത്രമേ കണക്കാക്കാൻ സാധിക്കുകയുള്ളൂ. ഇതിനെതിരെ ശക്തമായ പ്രതിഷേധം കത്തോലിക്ക കോൺഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടാകും.
സർക്കാരിന്റെ ഇത്തരം തീരുമാനങ്ങൾക്ക് പിന്നിൽ എന്തെങ്കിലും ഗൂഢാലോചനയോ, അജണ്ടയോ ഉണ്ടോ എന്ന് സംശയിക്കുന്നതായി കത്തോലിക്കാ കോൺഗ്രസ് ഭാരവാഹികൾ പറഞ്ഞു. ഇത്തരത്തിലുള്ള സർക്കാർ തീരുമാനം ക്രൈസ്തവർക്ക് നേരെയുള്ള കടന്നുകയറ്റവും, നീതി നിഷേധവും ആണ്.
ഇതിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധ സ്വരം ഉയർന്നിരിക്കുന്നു. ക്രൈസ്തവർക്ക് നേരെയുള്ള ഇത്തരം അവഗണനയ്ക്ക് എതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്കും കത്തോലിക്ക കോൺഗ്രസ് മുന്നിട്ടിറങ്ങുമെന്നും ഭാരവാഹികൾ അറിയിച്ചു. പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി രൂപതാ, യൂണിറ്റ് സമിതികളുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.