സിഡ്‌നി: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് തടങ്കൽപ്പാളയത്തിൽ നിന്നും തിരികെയെത്തിക്കുന്ന ഓസ്‌ട്രേലിയൻ പൗരന്മാരായ സ്ത്രീകളുടെയും കുട്ടികളുടെയും ഉള്ളിൽ തീവ്രവാദ ആശയങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ സർക്കാർ എന്ത് ചെയ്യുമെന്ന് ആൽബനീസി സർക്കാരിനോട് പ്രതിപക്ഷം. ഓസ്‌ട്രേലിയയിലെ മുഴുവൻ ജനങ്ങളെയും സുരക്ഷിതരായി സംരക്ഷിക്കുക എന്നതായിരിക്കണം സർക്കാരിന്റെ പ്രഥമ പരിഗണയെന്നും ഷാഡോ ഇമിഗ്രേഷൻ മന്ത്രി ഡാൻ ടെഹാൻ ആവശ്യപ്പെട്ടു.
ഇസ്ലാമിക് സ്റ്റേറ്റ് 2019 ൽ സിറിയയിൽ നിഷ്‌ക്രിയമായതോടെയാണ് ഇവിടെ തടവിലാക്കപ്പെട്ട ഓസ്‌ട്രേലിയൻ പൗരന്മാരെ തിരികെ കൊണ്ടുവരാനുള്ള പദ്ധതികൾ ഓസ്‌ട്രേലിയൻ സെക്യൂരിറ്റി ഇന്റലിജൻസ് ഓർഗനൈസേഷൻ തുടങ്ങിവെച്ചത്. എന്നാൽ സുരക്ഷാ കാരണങ്ങളാൽ മുൻസർക്കാർ ഇത്തരമൊരു നീക്കത്തിന് പച്ചക്കൊടി കാണിച്ചിരുന്നില്ല.
ആന്റണി ആൽബൻസിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഈ നീക്കവുമായി മുന്നോട്ട് വരുമ്പോൾ ദേശസുരക്ഷാ ഉറപ്പ് വരുത്തണമെന്നാണ് ഡാൻ ടെഹാൻ ആവശ്യപ്പെടുന്നത്. ഈ രക്ഷാദൗത്യത്തെ പിന്തുണയ്ക്കുന്നതിന് മുമ്പ് രാജ്യസുരക്ഷ ഉൾപ്പെടെ ഉള്ള കാര്യങ്ങൾ മാനിച്ച് തിരികെയെത്തിക്കുന്നവരെ കുറിച്ച് വിശദമായ വിവരങ്ങൾ പുറത്ത് വിടണമെന്നും ടെഹാൻ പറഞ്ഞു.
സിറിയൻ ക്യാമ്പുകളിൽ നിന്നും സ്ത്രീകളെയും കുട്ടികളെയും തിരികെ ഓസ്‌ട്രേലിയയിൽ എത്തിക്കുമ്പോൾ എന്തെല്ലാം ക്രമീകരണങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഡാൻ ടെഹാൻ ചോദിച്ചു. കൂടാതെ സ്വമേധയാ സിറിയയിലേക്ക് പോയവരെ തിരികെ കൊണ്ടുവരുമ്പോൾ അവർക്ക് എന്ത് സംഭവിക്കുമെന്നും നിയമനടപടികൾക്ക് അവരെ വിധേയരാക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
തിരികെ മടങ്ങുന്നവരിൽ ആരുടെയെങ്കിലും ഉള്ളിൽ തീവ്രവാദ ആശയങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ എന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. ഇവയെല്ലാം ഞങ്ങൾക്ക് അറിയേണ്ട കാര്യങ്ങളാണെന്നും എന്നാൽ ഉത്തരം നല്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്നും ടെഹാൻ പറഞ്ഞു.
എല്ലാ ഓസ്‌ട്രേലിയക്കാരെയും സുരക്ഷിതരാക്കാൻ ഗവൺമെന്റ് ആവുന്നതെല്ലാം ചെയ്യുന്നുണ്ടെങ്കിൽ, സിറിയയിലെ ഐഎസ് ഭീകരസംഘടനയെയും തീവ്രവാദികളെയും പിന്തുണയ്ക്കുന്നതിനായി അവിടേയ്ക്ക് സ്വമേധയാ പോയ വ്യക്തികളെ നിയമപരമായി ശിഷിക്കണമെന്നും ടെഹാൻ പറഞ്ഞു.
ഓസ്‌ട്രേലിയക്കുള്ള അപകടസാധ്യതയെക്കുറിച്ച് ദേശീയ സുരക്ഷാ ഏജൻസികൾ നൽകിയ മുന്നറിയിപ്പുകൾ കണക്കിലെടുത്ത് അവർ നിർദ്ദേശിക്കുന്നവയെല്ലാം നടപ്പിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേത്തു.
സിറിയയിലെ അൽ ഹൽ ക്യാമ്പിലും റോജ് ക്യാമ്പിലുമായി കഴിയുന്ന ഇരുപതിലേറെ ഓസ്‌ട്രേലിയൻ സ്ത്രീകളെയും നാല്പതിലേറെ കുട്ടികളെയും നാട്ടിൽ തിരികെയെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ ശക്തമായ എതിർപ്പുകളാണ് വിവിധ ഭാഗങ്ങളിൽ നിന്നും ഉയരുന്നത്. രാജ്യ സുരക്ഷയെ രക്ഷാദൗത്യം സാരമായി ബാധിച്ചേക്കാമെന്ന് നടപടിയെ പ്രതികൂലിക്കുന്നവർ മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ മാസം ഇറാഖ് അതിർത്തിക്ക് സമീപം സ്ഥിതി ചെയ്യുന്ന അൽ-റോജ് തടങ്കൽപ്പാളയം സന്ദർശിച്ച ശേഷമാണ് അവിടെ കഴിയുന്ന ഓസ്‌ട്രേലിയൻ പൗരന്മാരെ തിരികെയെത്തിക്കാനുള്ള പദ്ധതികൾക്ക് എഎസ്ഐഒ പച്ചക്കൊടി കാട്ടിയത്. എന്നാൽ എല്ലാവരേയും ഒരേ സമയം തിരികെ കൊണ്ടുവരാൻ കഴിയില്ലെന്നുമാദ്യം തിരികെ എത്തിക്കുന്നവരിൽ ഭൂരിപക്ഷം പേരും കുട്ടികളായിരിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു. പിന്നീട് തുടർന്നുള്ള മാസങ്ങളിലും ഘട്ടം ഘട്ടമായി രക്ഷാപ്രവർത്തനം നടത്തും.
ഓസ്‌ട്രേലിയയുടെ ദേശീയ താൽപ്പര്യം സംരക്ഷിക്കുക എന്നതാണ് സർക്കാരിന്റെ മുൻഗണനയെന്ന് ആഭ്യന്തര മന്ത്രി ക്ലെയർ ഒ നീലിന്റെ വക്താവ് പറഞ്ഞിരുന്നു. വിഷയത്തിലെ സെൻസിറ്റീവ് സ്വഭാവം കണക്കിലെടുത്ത് കൂടുതൽ അഭിപ്രായപ്രകടം നടത്തുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.