ന്യൂഡല്‍ഹി: ചൈനയിലെ സിന്‍ജിയാങ് മേഖലയില്‍ ഉയിഗര്‍ വംശജര്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള യു.എന്‍ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍നിന്നും വിട്ടുനിന്ന് ഇന്ത്യയുടെ അപ്രതീക്ഷിത നീക്കം. ചൈനീസ് ഭരണകൂടം ഉയിഗര്‍ വംശജര്‍ക്കെതിരെ മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്നായിരുന്നു പ്രമേയത്തിലെ പ്രധാന ആരോപണം.
കാനഡ, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ഐസ്ലന്‍ഡ്, നോര്‍വേ, സ്വീഡന്‍, യുകെ, അമേരിക്ക എന്നീ രാജ്യങ്ങളാണ് കരട് പ്രമേയം അവതരിപ്പിച്ചത്. ചൈനയടക്കം 19 രാജ്യങ്ങള്‍ എതിര്‍ത്തതോടെ പ്രമേയം തള്ളി. 17 രാജ്യങ്ങളാണ് അനുകൂലിച്ച് വോട്ട് ചെയ്തത്. 47 അംഗ സമിതിയില്‍ നിന്ന് ഇന്ത്യയെ കൂടാതെ ബ്രസീല്‍, മെക്സിക്കോ, ഉക്രെയ്ന്‍ തുടങ്ങി 11 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. ഇതോടെ പാശ്ചാത്യ രാഷ്ട്രങ്ങളുടെ നീക്കം പരാജയപ്പെട്ടു.
മനുഷ്യാവകാശ ലംഘനങ്ങള്‍ ആരോപിച്ച് ഒരു രാജ്യത്തെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത് സഹായകരമല്ലെന്ന നിലപാടിലാണ് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്ന് ഇന്ത്യ വ്യക്തമാക്കി. വിഷയത്തില്‍ ക്രീയാത്മകമായ ചര്‍ച്ചകളാണ് ആവശ്യമെന്നും ഇന്ത്യ പ്രതികരിച്ചു.
അതേസമയം പ്രമേയത്തിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു ചൈനയുടെ പ്രതികരണം. 'ഇന്ന് ചൈനയെ ലക്ഷ്യംവെക്കുന്നു. നാളെ മറ്റേതെങ്കിലും വികസ്വര രാജ്യങ്ങളെ ലക്ഷ്യം വെച്ചാകും നീക്കം'. ചൈനീസ് അംബാസഡര്‍ ചെന്‍ സൂ ആരോപിച്ചു. പ്രമേയും പുതിയ ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചേക്കുമെന്നും ചെന്‍സൂ മുന്നറിയിപ്പ് നല്‍കി.
അതേസമയം പ്രമേയം തള്ളിയ നടപടി ഉയിഗര്‍ വംശജരെ കൈയ്യൊഴിഞ്ഞതിന് തുല്യമാണെന്നും ഇരകളെ വഞ്ചിക്കലാണെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് സംഘടന ഡയറക്ടര്‍ സോഫി റിച്ചാര്‍ഡ്‌സണ്‍ പ്രതികരിച്ചു. ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ കൂടുതല്‍ രാജ്യങ്ങള്‍ തയ്യാറാവുകയാണെന്നതാണ് വോട്ടെടുപ്പിലെ കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതൊന്നും മനുഷ്യരാശിക്കെതിരായ ചൈനയുടെ കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. അതിനിടെ കൗണ്‍സിലിലെ സംഭവവികാസങ്ങളില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും കടുത്ത അതൃപ്തി രേഖപ്പെടുത്തി.
'ഇരകളെക്കാള്‍ മനുഷ്യാവകാശ ലംഘനം നടത്തുന്നവരെ സംരക്ഷിക്കുന്നവര്‍ക്കൊപ്പമാണ് എന്ന സന്ദേശമാണ് ഇന്നത്തെ വോട്ടെടുപ്പ് നല്‍കുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ ആഗ്‌നസ് കാലമര്‍ഡ് പ്രതികരിച്ചു.
ചൈനയിലെ സിന്‍ജിയാംഗ് മേഖലയില്‍ ഉയിഗര്‍ വിഭാഗക്കാര്‍ക്കെതിരെ ഭരണകൂടം നടത്തുന്ന ക്രൂരതകളെക്കുറിച്ച് നേരത്തേ യു.എന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഉയിഗൂര്‍, കസാഖ് വംശജര്‍ ഏറ്റവും കൂടുതലുള്ള പ്രവിശ്യയാണ് സിന്‍ജിയാംഗ്. ഇവിടെ പതിറ്റാണ്ടുകളായി ചൈന കടുത്ത അതിക്രമങ്ങളാണ് നടത്തുന്നത്. മേഖലയില്‍ നിരവധി പേര്‍ തടവിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.